New Pandemic| കൊറോണയ്ക്കുശേഷം മാരക മഹാമാരികള്‍; പുതിയ വൈറസുകള്‍ ഇവിടെനിന്നോ?

Web Desk   | Asianet News
Published : Nov 16, 2021, 06:12 PM IST
New Pandemic| കൊറോണയ്ക്കുശേഷം മാരക മഹാമാരികള്‍;   പുതിയ വൈറസുകള്‍ ഇവിടെനിന്നോ?

Synopsis

ഏതാണ് അടുത്ത മഹാമാരി എന്നുറപ്പു പറയാനാവില്ലെങ്കിലും, എവിടെ നിന്നാവും അവ പൊട്ടിപ്പുറപ്പെടുക എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ധാരണയുണ്ട്. മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 

കൊറോണ വൈറസിന്റെ പടയോട്ടം ഇനിയും കഴിഞ്ഞിട്ടില്ല. വ്യാപക വാക്‌സിനേഷന്‍ നടക്കുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം ഇപ്പോഴും പടരുകയാണ്. രണ്ടു വര്‍ഷം മുമ്പ് വരെ നമ്മുടെ ഭാവനയില്‍പോലുമില്ലാത്ത വിധമാണ് ഈ കുഞ്ഞന്‍ വൈറസ് ലോകത്തെ കീഴടക്കിയത്. വാക്‌സിനേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ നോക്കുമ്പോഴും, ശാസ്ത്രലോകം മറ്റൊരു ഭീതിയിലാണ്. ഏതാണ് ഇനി വരാനിരിക്കുന്ന മഹാമാരി? കൂടുതല്‍ മഹാമാരികള്‍ വന്നേക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് അടുത്ത മഹാമാരി ഏതെന്ന ചര്‍ച്ച ഉയരുന്നത്. 

ഏതാണ് അടുത്ത മഹാമാരി എന്നുറപ്പു പറയാനാവില്ലെങ്കിലും, എവിടെ നിന്നാവും അവ പൊട്ടിപ്പുറപ്പെടുക എന്ന കാര്യത്തില്‍ ശാസ്ത്രലോകത്തിന് ധാരണയുണ്ട്. മനുഷ്യവാസമില്ലെന്ന് കരുതപ്പെടുന്ന മഹാവനങ്ങളുടെ ഓരങ്ങളിലാവും പുതിയ മഹാമാരി ആവിര്‍ഭവിക്കുക എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 

ആമസോണ്‍ അടക്കമുളള മഹാവനങ്ങള്‍ക്കരികെയുള്ള പുതിയ ആവാസകേന്ദ്രങ്ങളിലാവും പുത്തന്‍ വൈറസുകള്‍ ഉണര്‍ന്നെണീക്കുക എന്നാണ് നിഗമനം. ഭക്ഷണത്തിനടക്കം വന്യമൃഗങ്ങളുമായി നിരന്തരം ഇടപഴകുന്ന വനമേഖലയിലെ കുടിയേറ്റക്കാരില്‍നിന്നായിരിക്കും ലോകത്തിന് ഭീഷണിയാവുന്ന പുതിയ മഹാമാരി ഉണ്ടാവുകയെന്ന് ലോസ് ഏഞ്ചലസ് ടൈംസ് നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.  ആമസോണ്‍ വനം കൈയേറി താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ വനമേഖലകളില്‍ വൈറസ് ബാധയുടെ സാദ്ധ്യതകള്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വനം കൈയേറുന്നതും കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി വനം വെട്ടിവെളുപ്പിക്കുന്നതുമാണ് ഈ അവസ്ഥയ്ക്ക് വഴിവെക്കുന്നത്. മലേഷ്യയിലെ പാമോയില്‍ കൃഷി, ആഫ്രിക്കയിലെ ഖനനം, ബ്രസീലില്‍ വന്‍തോതില്‍ നടക്കുന്ന കന്നുകാലി വളര്‍ത്തല്‍ എന്നിവയെല്ലാം വന്‍തോതില്‍ വനം വെട്ടിവെളുപ്പിച്ചാണ്. 

ഇത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ തെൡിച്ചിട്ടുണ്ട്. അതിനിടയിലാണ്, മഹാമാരിയുടെ പുത്തന്‍ സാദ്ധ്യതകളെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് പുറത്തുവരുന്നത്. വനങ്ങളില്‍ കഴിയുന്ന പക്ഷികളിലും സസ്തനികളിലുമായി 16 കോടി വൈറസുകള്‍ പതിയിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ വൈറസുകള്‍ മനുഷ്യരില്‍ എത്തിയാല്‍ അത് വമ്പിച്ച വിനാശത്തിനായിരുക്കും വഴിതെളിക്കുക. മനുഷ്യരിലേക്ക് പകരുന്ന വിധത്തില്‍ വൈറസുകള്‍ക്ക് മാറ്റം വരുമ്പോള്‍ അത് മഹാമാരികള്‍ക്ക് കാരണമാവുമെന്നാണ് നിപ്പ, സിക്ക, കൊവിഡ് രോഗങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളില്‍നിന്നുള്ള വൈറസ് മനുഷ്യരിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ലോകത്തെ വിനാശത്തിലാഴ്ത്തിയ കൊവിഡ് വ്യാപനമുണ്ടായത്. 

ആഫ്രിക്ക മുതല്‍ തെക്കേ അമേരിക്ക വരെയുള്ള വനമേഖലകള്‍ വൈറസ് ബാധയുടെ ഹോട് സ്‌പോട്ടുകളായി മാറിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വനനശീകരണത്ത തുടര്‍ന്ന് നിലവില്‍ പകര്‍ച്ചവ്യാധി ഭീഷണികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. നിപ്പാ, മലേറിയ, ലൈം ഡിസീസ് എന്നീ പകര്‍ച്ച വ്യാധികളും ഭൂമിയുടെ ഉപയോഗത്തിലുള്ള അതിദ്രുത മാറ്റവും തമ്മിലുള്ള ബന്ധം നിലവില്‍ തെളിയിക്കപെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭൂമി ചൂടുപിടിക്കുന്നത് രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക്് സഹായകരമാണ്. 

1970 മുതല്‍ ബ്രസീലില്‍ മാത്രം  270,000 ചതുരശ്ര മൈല്‍ വനഭൂമിയാണ് ഇല്ലാതായത്. അതായത്, ജര്‍മ്മനിയുടെ രണ്ടിരട്ടി വരുന്ന ഭൂപ്രദേശത്തെ വനം ഈ കാലയളവില്‍ ഇവിടെ ഇല്ലാതായി. ഇങ്ങനെ ഇല്ലാതാവുന്ന സ്ഥലത്ത് മനുഷ്യവാസ കേന്ദ്രങ്ങളാണ് വരുന്നത്. ഇവിടെ താമസിക്കുന്നവര്‍ പല തരം വന്യമൃഗങ്ങളുമായി ഇടപഴകുന്നുണ്ട്. മനുഷ്യര്‍ കാടുവെട്ടിത്തെളിച്ച് താമസിക്കുന്നതിലൂടെ വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്ക സാദ്ധ്യത വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

രാഗാണുവാഹകരായ കൊതുകുകള്‍ മുതല്‍ കൃഷിഭൂമികളിലേക്ക് എത്തുന്ന വന്യമൃഗങ്ങള്‍ വരെ ഇവയില്‍ പെടുന്നു. ഇതോടൊപ്പമാണ് വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കുന്നതും വര്‍ദ്ധിച്ചത്. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ എബോള പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചത് വനമേഖലകളിലുള്ളവര്‍ രോഗാണുവാഹകരായ വന്യമൃഗങ്ങളെ ഭക്ഷിച്ചതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു.  ബ്രസീലില്‍ സിക്ക പകര്‍ച്ചവ്യാധി വന്നത് വനപ്രദേശത്തുള്ള കൊതുകുകളില്‍ നിന്നായിരുന്നു.  

PREV
click me!

Recommended Stories

ഇന്ത്യയില്‍ നമ്മുടെ സമയത്തിന് യാതൊരു വിലയുമില്ല, എന്നാല്‍ ജപ്പാനില്‍ അങ്ങനെയല്ല; താരതമ്യവുമായി യുവതി
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !