
ഫിലിപ്പിന്‍സിലെ ഈ ആദിവാസികള്‍ നിര്‍മ്മിക്കുന്ന സ്കൂട്ടറുകള്‍ക്ക് മറ്റേതൊരു സ്കൂട്ടറിനും കാണാത്ത ചില പ്രത്യേകതകളുണ്ട്, ഭംഗിയും... ഈ സ്കൂട്ടറുകള്‍ അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ് എന്നതാണ് ആ പ്രത്യേകത. സ്വന്തമായോ/കൂട്ടത്തിലാരെങ്കിലുമോ ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ് അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത്. പെട്രോളോ ഡീസലോ വേണ്ടാത്ത, ആക്സിലേറ്ററില്ലാത്ത ഈ സ്കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത് മരത്തിലാണ്.
ഫോട്ടോഗ്രാഫറായ റിച്ചാര്‍ഡ് ഹാ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. ജപ്പാനിലുള്ള റിച്ചാര്‍ഡും ഭാര്യയും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഫിലിപ്പീന്‍സിലെത്തിയത്. അപ്പോഴാണ് ഒരുകൂട്ടം ആളുകള്‍ അതുവരെ റിച്ചാര്‍ഡും ഭാര്യയും ആളുകള്‍ ഈ സ്കൂട്ടറുകളില്‍ വന്നിറങ്ങുന്ന കാഴ്ച കണ്ടത്. സ്കൂട്ടറുകള്‍ കുന്നിന് താഴേക്ക് വരുമ്പോള്‍ തന്‍റെ കയ്യില്‍ ക്യാമറയുണ്ടായിരുന്നുവെന്നും അതിനാല്‍ത്തന്നെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് ഹാ പറയുന്നത്. പലപ്പോഴും ഇവര്‍ക്ക് സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല. അതിനാല്‍, അവരെന്താണോ സ്കൂട്ടര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അത്തരത്തിലൊന്ന് അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് ചെയ്തിട്ടുണ്ടാവുക എന്നും ഹാ പറയുന്നു.
(55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാര്‍ളീ ഗുയിന്യാങ് എന്നയാളാണ് ഇങ്ങനെയൊരു സ്കൂട്ടര്‍ ആദ്യമായി ഉണ്ടാക്കിയതെന്ന് ഫിലിപ്പിന്‍സിലെ ആദിവാസി സമൂഹത്തിന്‍റെ ജീവിതരീതികളെ കാണിക്കുന്ന The lifestyle of Mountain Tribe in the Philippines എന്ന വീഡിയോയില്‍ പറയുന്നുണ്ട്.)
ചിത്രങ്ങളില്‍ കാണുന്നതുപോലെ തന്നെ ഈ മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സ്കൂട്ടറുകള്‍ യാത്രക്കുള്ള ഒന്നല്ല. കുന്നിറങ്ങാനാണ് ഇതിന് കഴിയുക, കയറാനാവില്ല. അതിനാല്‍, ഇതിനെല്ലാമുപരി മരപ്പണിയിലുള്ള/ മരത്തില്‍ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. മിക്കവാറും ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന്. കുതിരയുടെ തല, ഡ്രാഗണ്‍, സിംഹം എന്നിവയുടെയൊക്കെ രൂപത്തിലുള്ള സ്കൂട്ടറുകള്‍ കാണാം. അവരുടേതായി റോഡ് റേസുകളും ഇവര്‍ സംഘടിപ്പിക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. സ്കൂട്ടര്‍ റേസ് കാണാന്‍ നൂറുകണക്കിനാളുകളാണ് പലപ്പോഴും കൂടിനില്‍ക്കുന്നുണ്ടാവുക.
ഹെല്‍മെറ്റുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലാതെയാണ് ഇവര്‍ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത്. 'ഇവര്‍ക്ക് ഈ സ്കൂട്ടറില്‍ വരുമ്പോള്‍ ഏതെങ്കിലും അപകടമുണ്ടായാതായി ഞാന്‍ കേട്ടിട്ടേയില്ല. പക്ഷെ, സൂക്ഷിച്ചുനോക്കിയാല്‍ അവരുടെ കാലില്‍ പാടുകള്‍ കാണാം. അത് ഈ സ്കൂട്ടറിന്‍റെ ഉപയോഗത്തെ തുടര്‍ന്നുണ്ടായതാവണം...' -ഹാ പറയുന്നു. എന്നാല്‍, നന്നായി നിര്‍മ്മിച്ചില്ലെങ്കില്‍ തകരാനോ, അപകടമുണ്ടാകാനോ തീര്‍ച്ചയായും സാധ്യതയുണ്ടെന്ന് ഇത് നിര്‍മ്മിക്കുന്നവര്‍ പറയുന്നു.
സ്കൂട്ടറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെയും നിയന്ത്രിക്കുന്നത് കാലുകളാണ്. ഹോവിന്റെ ഭാര്യ എലൈൻ പറയുന്നത്, അവര്‍ ഒരുമിച്ച് സ്വന്തമായി നിര്‍മ്മിച്ച സ്കൂട്ടറില്‍ വന്നിറങ്ങുന്നത് മരത്തില്‍ കൊത്തിയെടുക്കാനുള്ള സ്വന്തം കഴിവ് മറ്റുള്ളവരെ കാണിക്കാനുള്ള അവസരമായിക്കൂടിയാണ് കാണുന്നത്, അവര്‍ സ്വന്തം കഴിവില്‍ അഭിമാനിക്കുന്നു എന്നാണ്. ലുസോണ്‍ ദ്വീപിലെ ആദിമ സമൂഹമാണിവര്‍. പലപ്പോഴും ഒരുമിച്ച് താഴേക്കിറങ്ങി വരുമ്പോള്‍ തങ്ങളുടെ ചുവപ്പ് നിറത്തിലുള്ള പരമ്പരാഗതമായ വസ്ത്രങ്ങളാണ് ഇവര്‍ ഒരുപോലെ ധരിക്കുന്നതും. ഇവര്‍ വിശ്വസിക്കുന്നത് അവരുടെ ദൈവമിരിക്കുന്നത് പ്രകൃതിയിലാണെന്നാണ്... മരത്തിലും മലയിലുമാണ് അവരുടെ ദൈവം. അതുകൊണ്ടുതന്നെ സ്കൂട്ടറിലെ അവരുടെ രൂപങ്ങള്‍ കാണിക്കുന്നത്, ഇവരോടൊക്കെയുള്ള ആദരവാണ്.
ഏതായാലും കുന്നിറങ്ങി വരുന്ന വ്യത്യസ്തമായ ഈ സ്കൂട്ടറുകള്‍ കാണാന്‍ നിരവധി പേര്‍ കാത്തിരിക്കാറുണ്ട്. വിനോദസഞ്ചാരികള്‍ക്കും ഈ സ്കൂട്ടറുകളും അവയിലെ രൂപങ്ങളുമെല്ലാം ആകര്‍ഷണീയമായ ഒന്നാണ്. തങ്ങളുടെ സംസ്കാരം കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള വഴി കൂടിയായാണ് ഈ സ്കൂട്ടറുകള്‍ നിര്‍മ്മിക്കുന്നതും അതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നുംകൂടി ദ്വീപ് നിവാസികള്‍ പറയുന്നു.