
ഡൽഹിയിൽ പാതിരാത്രിയിൽ സ്കൂട്ടറിൽ ഇന്ധനം തീർന്ന് പെരുവഴിയിലായ യുവാവിന് സഹായഹസ്തവുമായി അപരിചിതർ. രാത്രി പന്ത്രണ്ടേകാലോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. പെട്ടെന്ന് സ്കൂട്ടറിലെ പെട്രോൾ തീരുകയായിരുന്നു. അടുത്തുള്ള പെട്രോൾ പമ്പിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു. റോഡിലൂടെ വണ്ടി തള്ളിക്കൊണ്ടുപോകുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെ ആയിരുന്നു.
ഈ സമയത്താണ് ആ വഴി ഒരു ബൈക്ക് യാത്രക്കാരൻ വന്നത്. യുവാവിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം വണ്ടി നിർത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അയാൾ വണ്ടിയിലിരുന്നുകൊണ്ട് യുവാവിന്റെ സ്കൂട്ടർ തള്ളി അടുത്തുള്ള പെട്രോൾ പമ്പ് വരെ അദ്ദേഹത്തെ എത്തിക്കാൻ സഹായിച്ചു. എന്നാൽ, യുവാവിന് നന്ദി പറയാൻ പോലും അവസരം നൽകാതെ അയാൾ അവിടെ നിന്നും വേഗത്തിൽ യാത്ര തുടർന്നു. പമ്പിലെത്തിയപ്പോഴാണ് മറ്റൊരു കാര്യം സംഭവിച്ചത്. അവിടെ പണമോ കാർഡോ മാത്രമേ ഉപയോഗിക്കാനാവൂ. യുപിഐ പേയ്മെന്റുകൾ ഉപയോഗിക്കാൻ കഴിയില്ല. അതോടെ യുവാവ് വീണ്ടും പ്രതിസന്ധിയിലായി.
അപ്പോഴാണ് അവിടെയുണ്ടായിരുന്ന ഒരാൾ യുവാവിന്റെ അരികിലെത്തിയത്. സ്ഥിതിഗതികൾ മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ തന്റെ കാർഡുപയോഗിച്ച് യുവാവിനെ ഇന്ധനം വാങ്ങാൻ അനുവദിക്കുകയായിരുന്നു. ആ പണവും തിരികെ നൽകി, ഇത്തവണ നന്ദിയും പറഞ്ഞിട്ടാണ് താൻ വീട്ടിലേക്ക് മടങ്ങിയത് എന്നാണ് യുവാവ് കുറിക്കുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഈ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രശംസയ്ക്കും വഴിതുറന്നു. സമാനമായ അനുഭവങ്ങളും ആളുകള്‍ കമന്‍റില്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം പെരുവഴിയിലായിപ്പോകുമ്പോള്‍ നമുക്ക് സഹായത്തിനായി എത്തുന്നത് തീര്‍ത്തും അപരിചിതരായ ആരെങ്കിലും ആയിരിക്കാം എന്ന് കൂടി തെളിയിക്കുന്നതാണ് ഈ സംഭവം.