ലോകത്തിന് ഭീഷണിയുമായി സോംബി മഞ്ഞ്; കടലോരങ്ങളെ വിഴുങ്ങും വിധം സമുദ്രനിരപ്പുയരും

Published : Aug 31, 2022, 03:50 PM IST
ലോകത്തിന് ഭീഷണിയുമായി സോംബി മഞ്ഞ്;  കടലോരങ്ങളെ വിഴുങ്ങും വിധം സമുദ്രനിരപ്പുയരും

Synopsis

നമ്മുടെ കൊച്ചി അടക്കമുള്ള അനേകം പ്രദേശങ്ങള്‍ നേരിടുന്ന വമ്പന്‍ ഭീഷണിയാണ് അത്. ആ ഭീഷണി കളിയല്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഗ്രീന്‍ലാന്റില്‍നിന്നുള്ള പുതിയ പഠനങ്ങള്‍

സമുദ്രനിരപ്പ് അനിയന്ത്രിതമായി ഉയരുന്നത് നമ്മുടെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കും. ഒരു നിശ്ചിത പരിധിയ്ക്കപ്പുറം സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ കടലിനോട് ചേര്‍ന്ന അനേകം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവും. നമ്മുടെ കൊച്ചി അടക്കമുള്ള അനേകം പ്രദേശങ്ങള്‍ നേരിടുന്ന വമ്പന്‍ ഭീഷണിയാണ് അത്. 

ആ ഭീഷണി കളിയല്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഗ്രീന്‍ലാന്റില്‍നിന്നുള്ള പുതിയ പഠനങ്ങള്‍. ആഗോള സമുദ്രനിരപ്പ് 10 മുതല്‍ 30 ഇഞ്ച് വരെ ഉയര്‍ത്താന്‍ കാരണമാവുന്ന തരത്തില്‍ ഗ്രീന്‍ലാന്റിലെ മഞ്ഞു പാളികള്‍ വലിയ തോതില്‍ ഉരുകുന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.  സോംബി മഞ്ഞ്  (Zombie ice )എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഡെന്മാര്‍ക്ക് ആന്റ് ഗ്രീന്‍ലാന്റിലെ ശാസ്ത്രജ്ഞര്‍ പുതിയ അപകടമായി കണക്കാക്കുന്നത്. ഈ മഞ്ഞുപാളി  വലിയതോതില്‍ ഉരുകി ഒലിക്കുന്നതായാണ് ഇവര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇതിലൂടെ ആഗോള സമുദ്രനിരപ്പ് ഏറ്റവും കുറഞ്ഞത് 10 ഇഞ്ച് എങ്കിലും ഉയരും എന്നാണ് ഗവേഷകര്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നത. സോംബി ഐസ് ഉരുകുന്നതിലൂടെ വലിയ അളവില്‍ ജലം കടലിടുക്കുകളിലേക്ക് എത്തിച്ചേരുകയാണെന്നും ഇത് ആഗോള സമുദ്രനിരപ്പ് 10 മുതല്‍  30 ഇഞ്ച് (78 സെന്റീമീറ്റര്‍) വരെ ഉയര്‍ത്തുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.

പര്‍വ്വതങ്ങളില്‍ വീഴുന്ന മഞ്ഞിന് രണ്ടു തരത്തിലുള്ള രൂപാന്തരീകരണമാണ് സംഭവിക്കുന്നത്. ഇവ മാതൃ ഹിമാനികളില്‍ തന്നെ നികത്തപ്പെടുകയും മാതൃ ഹിമാനികളില്‍ നിന്ന് ഉരുകിയൊലിച്ച് കടല്‍ ഇടുക്കളിലേക്ക് എത്തിപ്പെടുകയും ചെയ്യും. സന്തുലിതാവസ്ഥയിലാണ് ഈ പ്രക്രിയ സംഭവിക്കുന്നതെങ്കില്‍ പ്രത്യേകിച്ച് ദോഷങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ നിലവിലെ കാലാവസ്ഥ വ്യതിയാനം  ഈ സന്തുലിതാവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ഇപ്പോള്‍ വലിയ അളവിലാണ് മാതൃ ഹിമാനികളില്‍ നിന്നും ഐസ് ഉരുകി ഇറങ്ങുന്നത്.

നികത്തപ്പെടാതെ മാതൃ ഹിമാനികളില്‍ നിന്നും ഉരുകി ഒലിക്കുന്ന ഐസ് ആണ് സോംബി ഐസ് എന്നറിയപ്പെടുന്നത്. നാശം സംഭവിച്ച ഹിമമായാണ് സോംബി ഐസിനെ പൊതുവില്‍ കണക്കാക്കുന്നത്. ഇത് മഞ്ഞുപാളിയില്‍ നിന്ന് ഉരുകി അപ്രത്യക്ഷമാവുകയും സമുദ്രത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇതാണ് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നത്. ചത്ത മഞ്ഞായാണ് സോംബി ഐസിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.   

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകുന്നതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ മുമ്പ് പ്രതീക്ഷിച്ചിരുന്നതിന്റെ ഇരട്ടിയിലധികം സമുദ്രനിരപ്പ് ഉയരുന്നതായാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍ . കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ട്  പ്രകാരം  ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ള  മഞ്ഞുരുകല്‍ കാരണം 2100-ഓടെ സമുദ്രനിരപ്പ് രണ്ടു മുതല്‍ അഞ്ച് ഇഞ്ച് വരെ (6 മുതല്‍ 13 സെന്റീമീറ്റര്‍ വരെ) ഉയരാനിടയാവും എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പുതിയ പഠനം റിപ്പോര്‍ട്ട് പ്രകാരം ഇത് 30 ഇഞ്ചുവരെ ഉയരും എന്നാണ് പറയുന്നത്.

സമുദ്രനിരപ്പ് ഇത്തരത്തില്‍ ഉയരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. വേലിയേറ്റങ്ങളും കടല്‍ കരയിലേക്ക് കയറുന്നതും കര കടലെടുക്കുന്നതും പതിവാകും. ഒരേ സമയം സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ ആണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് കണക്കാക്കുന്നത്. സോംബി മഞ്ഞ് ഉരുകാന്‍ എത്ര സമയമെടുക്കുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും,  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അല്ലെങ്കില്‍ കുറഞ്ഞത് 2150 ആകുമ്പോഴേക്കും  ഇത് തീര്‍ച്ചയായും സംഭവിക്കും എന്ന് തന്നെയാണ് പഠനം വ്യക്തമാക്കുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്