മണ്ണിനടിയിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ബോംബ്, ഞെട്ടി തൊഴിലാളികൾ!

By Web TeamFirst Published Jul 25, 2021, 2:32 PM IST
Highlights

എത്തിയ ഉടനെ തന്നെ പൊലീസ് സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും പ്രദേശം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. റോഡുകളും അടച്ചിട്ടു. 

പൊട്ടാതെ കിടന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ബോംബ് അബദ്ധവശാൽ കയ്യിൽ കിട്ടിയാൽ എന്തുണ്ടാവും? ആകെ ഭയന്നുപോകും അല്ലേ? ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്. ഇംഗ്ലണ്ടിലെ ​ഗൂളിലെ ഒരു പ്രദേശത്തെ കെട്ടിടം പണിക്കിടെയാണ് ഭൂമിക്കടിയിൽ നിന്നും പൊട്ടിത്തെറിക്കാൻ കെൽപ്പുള്ള ബോംബ് കണ്ടെത്തിയത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് പൊട്ടാതെ കിടന്ന ബോംബാണ് ഗൂളിലെ ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ഇതേ തുടര്‍ന്നെത്തിയ പൊലീസ് പ്രദേശം ഒഴിപ്പിച്ചു. റോക്ലിഫ് റോഡിലെ ഒരു കെട്ടിടനിര്‍മ്മാണ പ്രദേശത്താണ് പൊട്ടാതെ കിടന്ന ബോംബ് ഉണ്ടായിരുന്നത്. കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ തൊഴിലാളി ഇത് മെറ്റല്‍ പൈപ്പോ മറ്റോ ആണെന്നാണ് സംശയിച്ചിരുന്നത്. ബോംബാണ് എന്ന് മനസിലാക്കിയില്ലായിരുന്നു. എന്നാല്‍, അത് ശരിക്കും പുറത്തെത്തിയതോടെ ബോംബ് ആണെന്ന് മനസിലാവുകയും ഉടനെ തന്നെ ബാക്കി കാര്യങ്ങള്‍ നോക്കുകയുമായിരുന്നു. പിന്നാലെ, പൊലീസിനെയും ബോംബ് നിര്‍വീര്യമാക്കാനുള്ള സംഘത്തെയും വിവരമറിയിക്കുകയായിരുന്നു. 

ബോംബ് കണ്ടെത്തി 29 മണിക്കൂറിനു ശേഷം നിയന്ത്രിത സ്ഫോടനത്തിൽ ഇത് പൊട്ടിത്തെറിച്ചു. എത്തിയ ഉടനെ തന്നെ പൊലീസ് സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും പ്രദേശം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. റോഡുകളും അടച്ചിട്ടു. തിരക്ക് കൂടിയ പ്രദേശമായതിനാല്‍ തന്നെ ഒരുമണിക്കൂറെങ്കിലും വേണ്ടി വന്നു ആളുകളെ ഒഴിപ്പിക്കാന്‍. അപകടസാധ്യത സംശയിച്ച് എട്ട് വീടുകളെങ്കിലും ഒഴിയാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഏതായാലും നിയന്ത്രിത സ്ഫോടനത്തിലൂടെ അതില്ലാതാക്കിയതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. 

ഇതുപോലെ ലോകത്തിന്റെ പലയിടങ്ങളിലും യുദ്ധസമയങ്ങളിൽ പൊട്ടാതെ കിടക്കുന്ന ബോംബുകൾ ജനങ്ങളിൽ അപകടം വരുത്തിവയ്ക്കാറുണ്ട്. 
 

click me!