ഗോഡൗൺ ജീവനക്കാരൻ ടിഷ്യൂ പേപ്പർ ശേഖരത്തിന് തീയിട്ടു; 1,300 കോടിയുടെ നാശനഷ്ടം

Published : Apr 09, 2026, 01:46 PM IST
fire

Synopsis

അമേരിക്കയിലെ കാലിഫോർണിയയിൽ, കിംബർലി-ക്ലാർക്ക് വിതരണ കേന്ദ്രത്തിന് തീയിട്ട് ജീവനക്കാരന്‍. 1,300 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഷമീൽ അബ്ദുൽ കരീം എന്ന 29 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

അമേരിക്കയിലെ കാലിഫോർണിയയിൽ പ്രമുഖ ബ്രാൻഡായ കിംബർലി-ക്ലാർക്കിന്റെ കൂറ്റൻ വിതരണ കേന്ദ്രത്തിന് തീയിട്ട സംഭവത്തിൽ ഗോഡൗൺ ജീവനക്കാരനായ ഷമീൽ അബ്ദുൽ കരീമെന്ന 29 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 12:30-ഓടെയാണ് ഒന്റാറിയോയിലെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്. ഏകദേശം 156 ദശലക്ഷം ഡോളർ (ഏകദേശം 1,300 കോടി രൂപ) മൂല്യമുള്ളതാണ് ഈ വിതരണ കേന്ദ്രം. തീ പടരുമ്പോൾ ഇരുപതോളം ജീവനക്കാർ ഉള്ളിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുപറ്റിയിട്ടില്ല. 140 -ലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തനിക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളത്തിലും ജോലിസ്ഥലത്തെ മോശം സാഹചര്യത്തിലും പ്രതിഷേധിച്ചാണ് ഷമീൽ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ സ്വയം ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ, "ഞങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ശമ്പളം തന്നാൽ മതിയായിരുന്നു" എന്ന് രോഷത്തോടെ പറയുന്നത് കേൾക്കാം. ഉൽപ്പന്നങ്ങൾക്ക് തീയിടുന്നതും ടിഷ്യൂ പേപ്പറുകൾ വേഗത്തിൽ കത്തിയമരുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച ഈ വീഡിയോ പരിശോധിക്കുകയാണ് എന്ന് പൊലീസ് പറയുന്നു.

ഈ തീപിടുത്തം അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ടിഷ്യു പേപ്പർ ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിന് കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനിയുടെ വിൽപനയിൽ 3 ശതമാനത്തിലധികം ഇടിവുണ്ടാകാൻ ഇത് കാരണമാകും. വാർത്ത പുറത്തുവന്നതിന് പിന്നാലെ കിംബർലി-ക്ലാർക്കിന്റെ ഓഹരി മൂല്യം 4.1 ശതമാനം ഇടിഞ്ഞു. സംഭവത്തിൽ, രണ്ട് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ റഞ്ചോ കുക്കാമോംഗയിലെ വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ ജാമ്യമില്ലാ കസ്റ്റഡിയിലാണ് ഷമീൽ.

PREV
Read more Articles on
click me!

Recommended Stories

ബിരുദമില്ല, ഒരപേക്ഷ പോലും അയച്ചില്ല, എന്നിട്ടും ബിഎംഡബ്ല്യുവിൽ നിന്ന് വിളിവന്നു; പേഴ്‌സണൽ ബ്രാൻഡിംഗിലൂടെ വിസ്മയിപ്പിച്ച് 19 -കാരി!
'നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു'; പരിധി വിടുന്ന മാർക്കറ്റിംഗ് തന്ത്രത്തിനെതിരെ വൻ പ്രതിഷേധം