അന്ധവിശ്വാസങ്ങളും ഭയവും കാരണം വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ആളില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് 'ജിക്കോ ബുക്കൻ' വീടുകളിലേക്ക് ആളുകളെ ആകർഷിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
ജാപ്പനീസ് റിയൽ എസ്റ്റേറ്റ് വിപണിയിൽ നിന്ന് തികച്ചും വിചിത്രവും വ്യത്യസ്തവുമായ ഒരു പുതിയ തൊഴിൽ മേഖല ശ്രദ്ധ നേടുന്നു. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന വീടുകളിൽ രാത്രി താമസിച്ച് ഭയമില്ലെന്ന് തെളിയിക്കുന്ന 'പെയ്ഡ് ഹൗസ് സിറ്റർമാർ' ആണ് ഇവിടുത്തെ പുതിയ തരംഗം. ദാരുണമോ ദുരൂഹമോ ആയ ഭൂതകാലമുള്ള വീടുകളിൽ ഒരു രാത്രി കഴിയാൻ വസ്തു ഉടമകൾ ധൈര്യശാലികളായ ആളുകൾക്ക് 88,000 യെൻ (ഏകദേശം 52,000 രൂപ) വരെയാണ് പ്രതിഫലമായി നൽകുന്നത്.
അന്ധവിശ്വാസങ്ങളും ഭയവും കാരണം വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ ആളില്ലാതെ കിടക്കുന്ന ആയിരക്കണക്കിന് 'ജിക്കോ ബുക്കൻ' വീടുകളിലേക്ക് ആളുകളെ ആകർഷിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. കൊലപാതകം, ആത്മഹത്യ, മാരകമായ തീപിടിത്തം അല്ലെങ്കിൽ പ്രായമായവർ ആരുമില്ലാതെ തനിയെ മരിക്കുകയും ആരും അറിയാതെ ഏതാനും ദിവസങ്ങൾ കിടക്കുകയോ ചെയ്ത വീടുകൾ തുടങ്ങി ദാരുണമായ സാഹചര്യങ്ങൾ നടന്ന വീടുകളെയാണ് ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കുന്നത്. ഇത്തരം ചരിത്രമുള്ള വീടുകളെക്കുറിച്ച് വാങ്ങാൻ വരുന്നവരെയോ വാടകക്കാരെയോ കൃത്യമായി അറിയിക്കണമെന്ന് ജാപ്പനീസ് നിയമപ്രകാരം റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും ഇത്തരം വീടുകളിലേക്ക് മാറാൻ മടിക്കാറാണ് പതിവ്.
ഇവിടെയാണ് ഈ 'രാത്രികാല അന്വേഷകർ' രക്ഷയ്‌ക്കെത്തുന്നത്. ക്യാമറകളും മറ്റ് അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി അവർ ഈ വീടുകൾക്കുള്ളിൽ ഒരു രാത്രി മുഴുവൻ ചിലവഴിക്കുന്നു. അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, അവിടെ അമാനുഷിക ശക്തികളുടെ സാന്നിധ്യമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഔദ്യോഗിക സർട്ടിഫിക്കറ്റ് ഇവർ ഉടമയ്ക്ക് നൽകും. ചില ഏജൻസികൾ ഒരു പടികൂടി കടന്ന്, തങ്ങൾ 'പ്രേതബാധയില്ല' എന്ന് സാക്ഷ്യപ്പെടുത്തിയ വീടുകളിൽ പിന്നീട് എപ്പോഴെങ്കിലും പ്രേതബാധ തെളിയിക്കപ്പെട്ടാൽ വൻ തുക നഷ്ടപരിഹാരം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
ജപ്പാനിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സേവനത്തിന് ജനപ്രീതി ഏറുന്നത്. കുറഞ്ഞ ജനനനിരക്ക്, നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവ കാരണം രാജ്യത്തുടനീളം ലക്ഷക്കണക്കിന് വീടുകളാണ് ആളൊഴിഞ്ഞുകിടക്കുന്നത്. ഇത്തരം വീടുകൾ സാധാരണയായി സമാനമായ മറ്റ് വീടുകളേക്കാൾ 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവിലാണ് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യുന്നത്.
വസ്തുവില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ, കുറഞ്ഞ ചിലവിൽ വീട് തിരയുന്ന സാധാരണക്കാർക്കും യുവാക്കൾക്കും ഇത്തരം ഡിസ്കൗണ്ട് വീടുകൾ ഇപ്പോൾ പ്രിയപ്പെട്ടതായി മാറുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയെയും പ്രേതങ്ങളെ കണ്ടെത്തലും തമ്മിൽ സമന്വയിപ്പിച്ചുകൊണ്ട്, ഉപേക്ഷിക്കപ്പെട്ട വീടുകളെ വീണ്ടും ജനവാസയോഗ്യമാക്കാൻ ജപ്പാൻ കണ്ടെത്തിയ ഏറ്റവും ജനപ്രിയമായ ഒരു ബിസിനസ്സ് മാർഗ്ഗമായി ഈ അസാധാരണ തൊഴിൽ മാറിയിരിക്കുകയാണ്.
