
സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്ന നിമിഷനേരത്തെ പ്രശസ്തിക്കായി സ്വന്തം ജീവൻ പോലും അപകടത്തിൽ പെടുത്താൻ മടിയില്ലാത്ത ആളുകളുടെ എണ്ണം കൂടി വരികയാണ്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്.
ഒരു മോട്ടോർസൈക്കിളിൽ ഏഴ് യുവാക്കൾ ഇരുന്നുകൊണ്ടുള്ള അതിസാഹസികമായ റൈഡ് ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ റീൽ ആയി പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ അതിസാഹസിക പ്രകടനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ കാതിഖേരയിൽ നിന്നുള്ളതാണ് വീഡിയോ. ബൈക്ക് യാത്രികരായ യുവാക്കളുടെ അതിസാഹസികവും അത്യന്തം അപകടകരവുമായ പ്രവൃത്തി കണ്ട് ഇവർക്ക് സമീപത്തു കൂടി പോയ ഒരു കാറിൽ ഉണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.
ഒരേസമയം ഏഴു യുവാക്കളാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇവരിൽ ആറു പേർ ബൈക്കിൽ ഇരിക്കുകയും ഏഴാമൻ മറ്റൊരാളുടെ തോളിൽ ഇരുന്നുമാണ് സഞ്ചരിച്ചു കൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു റൈഡിനിടയിലും യുവാക്കൾ. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളിൽ ഉള്ളവർ കൂടി തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ ആവേശഭരിതരാവുകയും ചിരിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് യുവാക്കൾക്കെതിരെ ഉയരുന്നത്. ഒരിക്കലും ആരും ഇത്തരത്തിലുള്ള അപകടങ്ങൾ അനുകരിക്കരുത് എന്നും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്ന് സമാനമായ ഒരു വീഡിയോ പുറത്തുവന്നിരുന്നു, ആറ് ചെറുപ്പക്കാർ ബൈക്ക് ഓടിച്ച് റീൽ നിർമ്മിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. വീഡിയോ ഓൺലൈനിൽ വൈറലാകുകയും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ ബൈക്കിന്റെ ഉടമയിൽ നിന്ന് 16,000 രൂപ പിഴ ഈടാക്കിയിരുന്നു.