
ഇന്ന് നമ്മൾ സൊമാറ്റോയിൽ എന്തെങ്കിലും ഫുഡ് ഐറ്റം ഓർഡർ ചെയ്ത് കഴിഞ്ഞാൽ ബില്ലിൽ ഡെലിവറി പാർട്ണർ ഫീസ്, പ്ലാറ്റ്‌ഫോം ഫീസ്, റസ്റ്റോറന്റ് പാക്കേജിംഗ് ചാർജ്, ജിഎസ്ടി എന്നിവയെല്ലാം ഉൾപ്പെടാൻ സാധ്യതയുണ്ട്. ചിലപ്പോൾ, ദൂരം കൂടിയതിന്റെ പേരിലുള്ള ഫീസ്, മഴയായതിന്റെ പേരിലുള്ള ഫീസ്... ഇങ്ങനെ ചാർജ്ജ് കൂടുന്നത് അറിയാനേ പറ്റില്ല. പലപ്പോഴും റെസ്റ്റോറന്റിൽ പോയി കഴിക്കുന്നതിന്റെ ഇരട്ടി തുക കൊടുത്തായിരിക്കും ഫുഡ് ഓർഡർ ചെയ്ത് കഴിക്കുന്നത്. എന്നാൽ, കുറച്ച് വർഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അതേ, 7 വർഷം മുമ്പുള്ള ഒരു സൊമാറ്റോ ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
2019 -ൽ താൻ ഭക്ഷണം ഓർഡർ ചെയ്തതിന്റെ ബില്ലാണ് ഒരു സൊമാറ്റോ യൂസർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന്റെ പണമല്ലാതെ അധികം ചാർജ്ജുകളൊന്നും ഇതിന് വന്നിട്ടില്ല എന്ന് പോസ്റ്റ് കാണുമ്പോൾ മനസിലാവും. 'ഓർഡർ ഹിസ്റ്ററിയിലൂടെ ഇന്നൊന്ന് സ്ക്രോൾ ചെയ്ത് നോക്കി. ഈ ഓർഡർ കണ്ടു. താങ്ങാനാവുന്ന തുകയ്ക്ക് സൊമാറ്റോയിൽ ഓർഡർ ചെയ്യാൻ സാധിക്കുന്ന കാലമായിരുന്നു അത്' എന്ന കാപ്ഷനോടു കൂടിയാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
2019 -ൽ സൊമാറ്റോ വഴി പനീർ മലായ് ടിക്കയാണ് ഇയാൾ ഓർഡർ ചെയ്തിരിക്കുന്നത്. അതിന് 160 രൂപയായിരുന്നു വില. കിഴിവ് ലഭിക്കുന്നതിനായി ഒരു കൂപ്പണും അപ്ലൈ ചെയ്തിട്ടുണ്ട്. അങ്ങനെ 92 രൂപയ്ക്കാണ് ഓർഡർ കിട്ടിയിരിക്കുന്നത്. തന്റെ വീട്ടിൽ നിന്നും 9.6 കിലോമീറ്റർ ദൂരത്തുള്ള ഹോട്ടലിൽ നിന്നാണ് ഈ ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത് എന്നും പോസ്റ്റ് ഷെയർ ചെയ്ത യൂസർ പറയുന്നുണ്ട്. ഇന്നാണെങ്കിൽ ഇതിന് 300 രൂപയെങ്കിലും വരും.
ഡെലിവറി ചാർജ്ജ് ഇല്ലാ എന്നും ഭക്ഷണസാധനങ്ങൾക്കും ഇന്ന് വില കൂടിയെന്നും പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൊമാറ്റോയിൽ മാത്രമല്ല എല്ലായിടത്തും എല്ലാ കാര്യങ്ങൾക്കും ഇന്ന് ചിലവ് കൂടുതലാണ് എന്ന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.