
സഹപ്രവർത്തകയോട് വിവേചനം കാണിച്ചതിന് വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസിന് നഷ്ടപരിഹാരം നൽകേണ്ടി വന്നത് എട്ട് കോടി രൂപ. ലോകമെമ്പാടും സ്ത്രീകൾക്ക് നേരെ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, ചില പൊലീസ് സ്റ്റേഷനുകളിൽ അതീവ ദയനീയമായ സ്ഥിതി തന്നെ നിലവിലുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഈ വിധിയോടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുൻ വനിതാ ഫയർആം ഓഫീസർക്കാണ് വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസ് എട്ട് കോടി രൂപ നൽകേണ്ടത്. എംപ്ലോയ്‍മെന്റ് ട്രിബ്യൂണൽ പറയുന്നത് പ്രകാരം, 2012 -ലാണ് റെബേക്ക കലാം എന്ന ഉദ്യോഗസ്ഥയെ സേനയിലെ ഗൺസ് യൂണിറ്റിലെ പോസ്റ്റർ ഗേളായി നിയമിക്കുന്നത്. അതിന് സമ്മതിച്ചില്ലെങ്കിൽ ട്രെയിനിംഗ് പൂർത്തിയാക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഭീഷണി. 2016 -ൽ അഞ്ചുമാസം ഗർഭിണിയായിരിക്കെ പോലും അവളെക്കൊണ്ട് ഫോട്ടോ സെഷനുകളിൽ പോസ് ചെയ്യിപ്പിച്ചു. കൂടാതെ, യൂണിറ്റിലെ പുരുഷന്മാരായ ഉദ്യോഗസ്ഥർ അവളോട് സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തി. പൊലീസ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിൽ പുരുഷ പൊലീസുകാർ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ വരച്ചു.
2012 മാർച്ചിൽ പരിശീലനത്തിനായി ചെറിയ വസ്ത്രം ധരിച്ചു നിൽക്കുന്ന സമയത്ത് തനിക്ക് പരിശീലകനിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നു. പ്രസ് അപ്പ് ചെയ്യുന്ന സമയത്ത് ഒരു പരിശീലകൻ കഴുത്തിന് പിന്നിൽ കാൽ അമർത്തിവച്ചു. തന്റെ സ്വകാര്യഭാഗങ്ങളെ കുറിച്ച് അശ്ലീലപരാമർശം നടത്തി എന്നും റെബേക്ക ട്രിബ്യൂണലിന് നൽകിയ പരാതിയിൽ പറയുന്നു.
PPE, ആവശ്യമായ ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങൾ ഇവ നൽകുന്നതിൽ വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസ് പരാജയപ്പെട്ടു എന്നാണ് മറ്റൊരു ആരോപണം. അന്വേഷണത്തിനൊടുവിൽ, £820720 (8,67,91,309.56 രൂപ) -യാണ് റെബേക്കയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്.
വെസ്റ്റ് മിഡ്‍ലാൻഡ് പൊലീസ് ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ സ്കോട്ട് ഗ്രീൻ വിധിക്കുശേഷം റെബേക്ക കലാമിനോട് മാപ്പ് പറഞ്ഞു. ഈ പ്രവൃത്തികളെല്ലാം തന്നെ റെബേക്ക കലാമിനുണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നു. നേരത്തെ തന്നെ റെബേക്ക പറഞ്ഞ പ്രശ്നങ്ങൾ കേൾക്കാത്തതിനും പരിഗണിക്കാത്തതിനും, ട്രിബ്യൂണൽ ഉയർത്തിയ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിലും ഖേദിക്കുന്നു എന്നും അവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം