വിവാഹവാഗ്‌ദാനം നൽകിയുള്ള ലൈംഗികബന്ധങ്ങൾ എല്ലായ്പ്പോഴും ബലാത്സംഗം ആവണമെന്നില്ല; നിർണായക വിധിയുമായി ഹൈക്കോടതി

By Web TeamFirst Published Dec 17, 2020, 11:21 AM IST
Highlights

ഏകദേശം അഞ്ചു വർഷത്തോളം ഇവർ ഒരുമിച്ച് കഴിഞ്ഞു പോന്നു. അതിനിടെ ഒരിക്കൽ യുവതി ഗർഭിണിയാവുകയും, യുവാവിന്റെ നിർബന്ധപ്രകാരം അന്ന് യുവതി ഗർഭഛിദ്രത്തിന് വിധേയയാവുകയും ഒക്കെയുണ്ടായി.

വിവാഹവാഗ്‌ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ, പരസ്പര സമ്മതത്തോടെ ഏറെനാൾ തുടർന്നുപോയാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്തി വിചാരണ ചെയ്യാൻ സാധിക്കില്ല എന്നൊരു നിർണായക വിധി ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ചതായി ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയ്യുന്നു. മാളവ്യ നഗർ നിവാസിയായ ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിന്മേൽ വാദം കേട്ടശേഷമാണ്, ഡിസംബർ 15-ന് ഹൈക്കോടതിയിൽ നിന്ന് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. യുവതിയുടെ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണം ഇങ്ങനെ, "വിവാഹം കഴിക്കാം എന്ന് വാഗ്‌ദാനം ചെയ്ത് ഉഭയസമ്മതത്തോടെ ഏർപ്പെടുന്ന ശാരീരികബന്ധം, അത് സുദീർഘമായ ഒരു കാലയളവിലേക്ക് ഇരു കക്ഷികളും തുടർന്നു പോവുകയാണെങ്കിൽ അതിനെ ബലാത്സംഗം എന്ന് വിധിയെഴുതാൻ സാധിക്കില്ല."

ഗ്രെയ്റ്റർ കൈലാഷിൽ വീട്ടുജോലിയിൽ ഏർപ്പെടവേ 2008 -ൽ പരിചയപ്പെട്ട യുവാവിനെതിരെയാണ് ഇങ്ങനെ ഒരു പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. വളരെ പെട്ടെന്നുതന്നെ ഇവരുമായി അടുത്ത ബന്ധം സ്ഥാപിച്ച യുവാവ്, വിവാഹം കഴിക്കാം എന്ന് വാക്കുകൊടുത്ത് അവരെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. കുറച്ചു നാളത്തെ ബന്ധത്തിന് ശേഷം ആ യുവാവിനൊപ്പം ഇരുവരും ഒളിച്ചോടുകയാണ് അന്നുണ്ടായത്. 2013 വരെ ഏകദേശം അഞ്ചു വർഷത്തോളം ഇവർ ഒരുമിച്ച് കഴിഞ്ഞു പോന്നു. അതിനിടെ ഒരിക്കൽ യുവതി ഗർഭിണിയാവുകയും, യുവാവിന്റെ നിർബന്ധപ്രകാരം അന്ന് യുവതി ഗർഭഛിദ്രത്തിന് വിധേയയാവുകയും ഒക്കെയുണ്ടായി. 2013 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലേക്ക് പോയ യുവാവ് അവിടെ നിന്ന് വേറൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം വഷളാകുന്നത്. അന്ന് തമ്മിൽ പിണങ്ങി എങ്കിലും, പിന്നീട് 2014 -ലും യുവതി പിന്നെയും ആറുമാസം കൂടി യുവാവിനൊപ്പം ഫരീദാബാദിൽ ഒരു വാടക വീടെടുത്ത് താമസിച്ചു. അതിനു ശേഷമാണ് തന്നെ യുവാവ് വിവാഹം കഴിക്കില്ല എന്ന് യുവതിക്ക് ബോധ്യപ്പെടുന്നതും, യുവാവിനെതിരെ ബലാത്സംഗ പരാതിയുമായി അവർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും. അന്ന്, ഐപിസി 376 , 415 വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ ബലാത്സംഗക്കേസ് ചുമത്തപ്പെട്ടത്. 

വിവാഹം കഴിക്കാം എന്ന കപടവാഗ്‌ദാനം നൽകി സെക്‌സിന് നിർബന്ധിക്കുന്നത്  അനിശ്ചിതകാലത്തേക്ക് തുടരുന്ന സാഹചര്യത്തെ ബലാത്സംഗം എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ജഡ്ജി വിഭു ബാഖ്‌റുവാണ് വിധിച്ചിരിക്കുന്നത്. "ചിലപ്പോഴൊക്കെ ഇങ്ങനെ പറ്റിച്ച്, ഇരയുടെ സമ്മതം കൂടാതെ തന്നെ നിർബന്ധിതമായി സെക്സ് നടക്കാറുണ്ട്. ഈ കേസുകളിൽ ഇരയുടെ സമ്മതം നിർബന്ധിതമായിട്ടാവും പ്രതികൾ നേടിയെടുക്കുന്നത്. ഐപിസി 375 പ്രകാരം, അത് ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരികയും ചെയ്യും." അദ്ദേഹം പറഞ്ഞു. എന്നാൽ ഇതേ ശാരീരിക മാനസിക ബന്ധങ്ങൾ ഏറെക്കാലം തുടർന്നു പോവുന്നത് തെറ്റിദ്ധാരണാപ്പുറത്താണ് എന്ന് കണക്കാക്കാനാവില്ല. 

തനിക്ക് വിവാഹവാഗ്‌ദാനം നൽകി ഏറെനാൾ സെക്സിൽ ഏർപ്പെട്ട ശേഷം, ഒടുവിൽ അത് പാലിക്കാതെ മറ്റൊരു വിവാഹം കഴിച്ച യുവാവിനെതിരെ ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിന്മേൽ, ആ യുവാവിനെ വെറുതെ വിട്ടുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പരാതിക്കാരി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതിയുടെ വിധിയെ ശരിവെച്ചുകൊണ്ട് കേസ് വിധിപറയവെയായിരുന്നു ഹൈക്കോടതിയുടെ മേല്പറഞ്ഞ നിരീക്ഷണങ്ങൾ. 

click me!