യുകെ -യിൽ വനിതാ സൈനികർക്ക് നേരെ വ്യാപകമായി ലൈം​ഗികാതിക്രമെന്ന് റിപ്പോർട്ട്

By Web TeamFirst Published Oct 27, 2021, 4:01 PM IST
Highlights

ഉയര്‍ന്ന റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ പോലും അവരുടെ മേലുദ്യോഗസ്ഥരില്‍ നിന്നും ലൈംഗികാതിക്രമം അടക്കം നേരിടേണ്ട സാഹചര്യത്തിലാണുള്ളത് എന്നും പഠനം പറയുന്നു. 

ലോകത്തെല്ലായിടത്തും സ്ത്രീകൾ വിവേചനവും ശാരീരികവും മാനസികവുമായ പീഡനങ്ങളും അനുഭവിക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ, ഇപ്പോൾ യുകെ -യിൽ നിന്നും പുറത്ത് വരുന്ന വാർത്ത അവിടെ സൈന്യത്തിൽ സ്ത്രീകൾ വ്യാപകമായി അതിക്രമം നേരിടേണ്ടി വരുന്നു എന്നാണ്. യുകെ സൈന്യത്തില്‍(UK M​ilitary) വ്യാപകമായ ലൈംഗിക പീഡനം(sexual assualt), ശാരീരിക ആക്രമണം എന്നിവ കാരണം സ്ത്രീകൾ ഗുരുതരമായതും ദീർഘകാലം നിലനിൽക്കുന്നതുമായ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണ് എന്നാണ് ഈ ഗവേഷണം വെളിപ്പെടുത്തുന്നത്. 

BMJ മിലിട്ടറി ഹെൽത്ത് ജേണലി(BMJ Military Health journal)ലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 750 വനിതാ വിമുക്തസൈനികരില്‍ 22.5% പേർ തങ്ങൾ ലൈംഗികമായി ആക്ഷേപിക്കപ്പെട്ടു എന്ന് അഭിപ്രായപ്പെട്ടപ്പോൾ 5.1% പേർ തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞു. ആ സ്ത്രീകളിൽ 22.7% പേർക്കും വൈകാരികമായ ഭീഷണി നേരിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അതേസമയം 3.3% പേർ ശാരീരികമായി ആക്രമിക്കപ്പെട്ടതായി പറഞ്ഞു.

സേനകളിലെ ലൈംഗിക പീഡനം ശാരീരികവും മാനസികവുമായ പ്രയാസത്തിന് കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തി. അവിടെ അനുഭവിക്കേണ്ടി വന്ന മാനസിക ക്ലേശം സ്ത്രീകളില്‍ വേദനയോ ക്ഷീണമോ പോലുള്ള ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാകുവാനും കാരണമായി എന്നും ഗവേഷണം പറയുന്നു. ലണ്ടൻ ഓക്‌സ്‌ഫോർഡ്, കിംഗ്‌സ് കോളേജ്, ചാരിറ്റി കോംബാറ്റ് സ്‌ട്രെസ് എന്നിവയുടെ ഗവേഷണമനുസരിച്ച്, ലൈംഗികാതിക്രമം മദ്യപാന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതേസമയം വൈകാരികമായുള്ള ഭീഷണി ഉത്കണ്ഠ, വിഷാദം, ഏകാന്തത എന്നിവയ്ക്ക് കാരണമാകുന്നു എന്നും വ്യക്തമാക്കുന്നു.  

എല്ലാത്തരം മോശം പെരുമാറ്റവും സ്ത്രീകളെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന്റെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിച്ചു. കൂടാതെ ഇതുപോലുള്ള വ്യത്യസ്ത തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ സ്ത്രീകളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും പ്രത്യേക സ്വാധീനം ചെലുത്തി എന്നും ​ഗവേഷണത്തിൽ പറയുന്നു. 

ഏകദേശം 16,500 സ്ത്രീകൾ യുകെ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇത് ഏകദേശം 11 ശതമാനം വരും. 2018 -ൽ മുൻനിര പോരാട്ടത്തിലേക്കുള്ള വിന്യാസം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അവര്‍ക്കും പങ്കാളിത്തം അനുവദിച്ചിരുന്നു. ഗവേഷകര്‍ പറയുന്നത് സൈന്യത്തിലെ സ്ത്രീകള്‍ക്ക് അടിയന്തരമായി പിന്തുണ നല്‍കേണ്ടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് എന്നാണ്. 

ഉയര്‍ന്ന റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ പോലും അവരുടെ മേലുദ്യോഗസ്ഥരില്‍ നിന്നും ലൈംഗികാതിക്രമം അടക്കം നേരിടേണ്ട സാഹചര്യത്തിലാണുള്ളത് എന്നും പഠനം പറയുന്നു. എന്തിന്, തങ്ങളേക്കാള്‍ റാങ്കില്‍ താഴ്ന്ന പുരുഷന്മാരില്‍ നിന്നുപോലും അവര്‍ പീഡനം അനുഭവിക്കുന്നു എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും എന്ത് സംഭവിക്കും എന്ന ഭയം കൊണ്ട് സ്ത്രീകള്‍ക്ക് പ്രതികരിക്കാനാവുന്നില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. 

പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്, യാതൊരു തരത്തിലുള്ള വൈകാരിക, മാനസിക, ശാരീരിക പീഡനവും തങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്നാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഹെല്‍പ്‍ലൈന്‍ സൗകര്യമടക്കം ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആരോപണങ്ങളെല്ലാം ഗൗരവത്തോടെ എടുക്കുന്നു എന്നും അന്വേഷണം ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 


 

click me!