അടക്കി ആറ് വര്‍ഷം കഴിഞ്ഞിട്ടും ജീര്‍ണ്ണിക്കാത്ത ശവശരീരം, ജൂലിയ പെറ്റയുടെ അവിശ്വസനീയ കഥയ്ക്ക് പിന്നിലെന്താവാം?

By Web TeamFirst Published Oct 27, 2021, 1:40 PM IST
Highlights

അവസാനം അവളെ സംസ്കരിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ സഹായത്തോടെ അവൾ മരിച്ചുവെന്ന് ഒരിക്കൽ കൂടി അവർ ഉറപ്പ് വരുത്തി.  മകന്റെ ശരീരം ഒരു അസ്ഥികൂടമായി മാറിയിട്ടും, ജൂലിയയുടെ ശരീരം മാത്രം മരണത്തിന് ആറ് വർഷത്തിനു ശേഷവും നശിക്കാതിരുന്നത് എങ്ങനെയെന്ന് അപ്പോഴും ആർക്കും മനസ്സിലായില്ല. 

ചിക്കാഗോ (Chicago)യിലെ നിരവധി ബിഷപ്പുമാരുടെയും ആർച്ച് ബിഷപ്പുമാരുടെയും അന്ത്യവിശ്രമസ്ഥലമാണ് മൗണ്ട് കാർമൽ സെമിത്തേരി. എന്നാൽ, ഈ സെമിത്തേരിയിലെ ഏറ്റവും പ്രശസ്തമായ ശവകുടീരങ്ങളിൽ ഒന്ന് ജൂലിയ പെറ്റ (JULIA PETTA) എന്ന എളിയ വീട്ടമ്മയുടേതാണ്. 29 -ാം വയസ്സിൽ പ്രസവത്തോടെയാണ് ജൂലിയ മരിക്കുന്നത്. 1921 -ലായിരുന്നു അത്. പ്രസവത്തിൽ അവളുടെ കുഞ്ഞും മരിച്ചു. അമ്മയെ അടക്കിയ അതേ ശവപ്പെട്ടിയിൽ തൊട്ടടുത്തായി കുഞ്ഞിനെയും കുടുംബം അടക്കം ചെയ്തു.

ഇറ്റാലിയൻ വംശജയായ ജൂലിയയെ മനോഹരമായ ഒരു വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ചാണ് ശവപ്പെട്ടിയിൽ കിടത്തിയത്. അവളുടെ ശവകുടീരത്തിലെ ഫോട്ടോയിലും അതേ വസ്ത്രമായിരുന്നു. അതിനാൽ അവൾക്ക് പിന്നീട് "ഇറ്റാലിയൻ വധു" എന്ന വിളിപ്പേര് ലഭിച്ചു.  ജൂലിയയുടെ ശവസംസ്കാരത്തിന് ശേഷം, അവളുടെ കുടുംബം ലോസ് ഏഞ്ചൽസിലേക്ക് മാറി. 5 വർഷത്തിന് ശേഷം ഒരു ദിവസം അവളുടെ അമ്മ ഫിലോമിന ജൂലിയയെ സ്വപ്‍നം കണ്ടു. സ്വപ്നത്തിൽ അതേ വെള്ള വസ്ത്രം ധരിച്ച് എത്തിയ ജൂലിയ അമ്മയോട് താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു.  

വെറുമൊരു സ്വപ്‌നമാണെന്ന്‌ മനസ്സിലാക്കി ഫിലോമിന അത് അപ്പോൾ തന്നെ മറന്നു. എന്നാൽ പിന്നീടുള്ള ഒരു വർഷക്കാലം ഈ സ്വപ്നം അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവിൽ സഹിക്കാൻ വയ്യാത്തതായപ്പോൾ അവർ വീണ്ടും ചിക്കാഗോയിൽ വന്ന് മകളുടെ മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചു. ജൂലിയയെ ജീവനോടെ കുഴിച്ചുമൂടിയിരിക്കാമെന്നും അവളുടെ ശവക്കുഴി പരിശോധിച്ചാൽ മകളുടെ അസ്വസ്ഥയായ ആത്മാവ് സ്വപ്നങ്ങളിൽ തന്നെ വേട്ടയാടുന്നത് നിർത്തുമെന്നും ഫിലോമിന വിശ്വസിച്ചുത്രെ. ഒടുവിൽ അമ്മയുടെ അഭ്യർത്ഥന അംഗീകരിക്കപ്പെടുകയും, ജൂലിയയുടെ ശവപ്പെട്ടി തുറന്ന് അവളെ പുറത്തെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

അപ്പോഴേക്കും സംഭവം നടന്ന് ആറ് വർഷം കഴിഞ്ഞിരുന്നു. ശവപ്പെട്ടി തുറക്കാൻ ഒരു വലിയ സംഘം തന്നെ സെമിത്തേരിയിൽ എത്തി. എന്നാൽ ഒടുവിൽ പെട്ടി തുറന്ന എല്ലാവരും ഞെട്ടിപ്പോയി. അതിനകത്ത് ജൂലിയയുടെ അഴുകാത്ത ശരീരമായിരുന്നു അവർ കണ്ടത്. മൃതദേഹം ഇന്നലെ കുഴിച്ചിട്ടത് പോലെ പുതിയതായിരുന്നു. ജീർണിച്ചതിന്റെ ലക്ഷണങ്ങളൊന്നും അതിനില്ലായിരുന്നു. അതേ സമയം, ഒരു പുതപ്പിൽ പൊതിഞ്ഞ് ജൂലിയയുടെ ശരീരത്തിനടുത്തായി വച്ചിരുന്ന മകന്റെ ശരീരം ഒരു അസ്ഥികൂടമായി മാറിയിരുന്നു. കുഴിയെടുക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ആളുകൾ ജൂലിയയുടെ മുഖത്തും കൈകളിലും തൊട്ടു നോക്കി. അവളുടെ ചർമ്മം മൃദുവായതാണെന്നും, കവിളുകൾ പിങ്ക് നിറമാണെന്നും, വിളർത്തതല്ലെന്നും അവർ മനസ്സിലാക്കി.  

അവസാനം അവളെ സംസ്കരിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ സഹായത്തോടെ അവൾ മരിച്ചുവെന്ന് ഒരിക്കൽ കൂടി അവർ ഉറപ്പ് വരുത്തി.  മകന്റെ ശരീരം ഒരു അസ്ഥികൂടമായി മാറിയിട്ടും, ജൂലിയയുടെ ശരീരം മാത്രം മരണത്തിന് ആറ് വർഷത്തിനു ശേഷവും നശിക്കാതിരുന്നത് എങ്ങനെയെന്ന് അപ്പോഴും ആർക്കും മനസ്സിലായില്ല. പിന്നീട് പലരും ഇതിന് പല കാരണങ്ങളും കണ്ടെത്തി. ജൂലിയയുടെ ശരീരം അടക്കം ചെയ്ത സെമിത്തേരിയിലെ മണ്ണായിരിക്കാം അതിന് കാരണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റുള്ളവർ ജൂലിയയുടെ ശരീരം എംബാം ചെയ്തതാണെന്ന് വിശ്വസിച്ചു. ആ വർഷങ്ങളിൽ, ശവശരീരം എംബാം ചെയ്യുന്നത് അപൂർവമായിരുന്നില്ല. എന്നാൽ പക്ഷേ അത് ചെയ്തിരുന്നെങ്കിൽ, ജൂലിയയുടെ അമ്മ തീർച്ചയായും അതിനെക്കുറിച്ച് അറിഞ്ഞേനെ എന്നും ചിലര്‍ പറയുന്നു.    

അതുകൊണ്ട് തന്നെ, ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് ജൂലിയ ഒരു ദൈവഭക്തയായിരുന്നുവെന്നും, അവളുടെ മരണശേഷം അവൾ ഒരു വിശുദ്ധയായിത്തീർന്നുവെന്നുമാണ്. അങ്ങനെയാണ് അവളുടെ ശരീരം ജീർണിക്കാതിരുന്നതെന്നും പറയപ്പെടുന്നു. എന്തായാലും ജൂലിയയുടെ മൃതദേഹം പിന്നീട് ഒരിക്കലും പുറത്തെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. ഈ കഥകളിലെല്ലാം ഏതാണ് സത്യം എന്നും.

click me!