
2024 -ലാണ് ആ ദാരുണമായ സംഭവമുണ്ടായത്. ഒരു കുടുംബത്തിൽ ഒരേയൊരാൾ ഒഴികെ മുഴുവൻ പേരും മരിച്ച സംഭവം. അന്ന് ശേഷിച്ച കുടുംബത്തിലെ ഒരേയൊരംഗം ഇപ്പോൾ മരണപ്പെട്ട സങ്കടകരമായ വാർത്തയാണ് പുറത്ത് വരുന്നത്. അമ്മാവന്റെയും അമ്മായിയുടെയും കൂടെ താമസിക്കുന്ന 19 -കാരനായ യുവാവിന്റേത് സ്വാഭാവിക മരണമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഷാ രേഹ് എന്ന 19 -കാരനാണ് മരിച്ചത്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്നത്
2024 ഡിസംബറിൽ യൂട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലാണ് സംഭവം നടന്നത്. ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഷായെ കണ്ടത്. അന്നവന് 17 വയസായിരുന്നു പ്രായം. തലയിൽ വെടിയേറ്റ നിലയിലാണ് അവനെ കണ്ടെത്തിയത്. ബന്ധു വീടിനുള്ളിലേക്ക് കയറിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. ഷായുടെ അച്ഛനും അമ്മയുമടക്കം വീട്ടിലെ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് വീടിനകത്തുണ്ടായിരുന്നത്.
ഷായുടെ അമ്മ ബു മെഹ് (38), സഹോദരിമാരായ ക്രിസ്റ്റീന റീ (8), ന്യായ് മെഹ് (2), സഹോദരൻ ബോ റെഹ് (11) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഷായുടെ പിതാവ് ഡേ റെഹ് (42) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിട്ടാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഷാ രക്ഷപ്പെട്ടെങ്കിലും അവന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
യൂട്ടാ സർവകലാശാലയിൽ ചേരുക എന്നത് ഷായുടെ സ്വപ്നമായിരുന്നു. സർവകലാശാലയിൽ ചേർന്ന് വെറും ഒരാഴ്ച കഴിയും മുമ്പാണ് അവന്റെ മരണം. ഷായുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനായി ഒരു ഗോ ഫണ്ട് മീ ക്യാംപയിൻ ബന്ധുക്കൾ ആരംഭിച്ചിരുന്നു. ഷായുടെ മരണം വളരെ അഗാധമായ ദുഃഖമാണ് തങ്ങളിലുണ്ടാക്കിയിരിക്കുന്നത് എന്ന് ബന്ധുക്കൾ പറയുന്നു.