'ഷാഹീൻബാഗ്, ആർട്ടിക്കിൾ 370, ശ്രീരാമ ക്ഷേത്രം, ബിരിയാണി' - യോഗി ആദിത്യനാഥിന്റെ ദില്ലി തെരഞ്ഞെടുപ്പ് റാലികളിലെ പ്രസംഗങ്ങളിലൂടെ

By Web TeamFirst Published Feb 4, 2020, 5:58 PM IST
Highlights

നാട്ടിലെ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ചർച്ച ചെയ്തില്ലെങ്കിലും, ഏതുവിധേനയും റാലിയിൽ അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റി പറയണം. അതാണ് യോഗിയുടെ നയം.

കഴിഞ്ഞ കുറെ ദിവസങ്ങളായി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദില്ലിയിൽ റാലികളിൽ ഓടി നടന്നു പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല, അദ്ദേഹം ബിജെപിയുടെ താരപ്രചാരകർ, അഥവാ സ്റ്റാർ കാംപെയ്‌നർമാരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ്. ശ്രദ്ധേയമായ ഒരു വസ്തുത, അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ പരിചരിക്കപ്പെടുന്ന വിഷയം ഒന്നേയൊന്ന് മാത്രമാണ്, അതാണ് 'ഷാഹീൻ ബാഗ്'. 

ഫെബ്രുവരി രണ്ടാം തീയതി ബദർപൂരിൽ നടന്ന റാലിയിൽ യോഗി പറഞ്ഞതിങ്ങനെ, " അരവിന്ദ് കേജ്‌രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും സർക്കാർ ഷാഹീൻബാഗ് പോലുള്ളിടങ്ങളിൽ സംഘർഷത്തിനുള്ള ഗൂഢാലോചന നടത്തിക്കൊണ്ട് ദില്ലിയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. "

യോഗി പറയുന്നത് വിശ്വസിച്ചാൽ ഷാഹീൻ ബാഗിൽ നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ആ സ്ഥലങ്ങളിൽ നടക്കുന്ന വെടിവെപ്പും ഒക്കെ അരവിന്ദ് കേജ്‌രിവാൾ ആൻഡ് കമ്പനി നടത്തുന്ന സ്‌പോൺസേർഡ് പ്രോഗ്രാമുകളാണ്. ഷാഹീൻ ബാഗിൽ നിന്ന് യോഗി നേരെ പോകുന്നത് കാശ്മീരിലേക്കാണ്, " കാശ്മീരിൽ ആർട്ടിക്കിൾ 370 നിർത്തലാക്കുമ്പോൾ, വേദനിക്കുന്നത് അങ്ങ് പാകിസ്ഥാനിലുള്ളവർക്കും പിന്നെ അരവിന്ദ് കേജ്‌രിവാളിനുമാണ്.രണ്ടേ രണ്ടുപേർക്കായിരുന്നു രാജ്യത്ത് 370 റദ്ദാക്കിയപ്പോൾ അതിനോട് എതിർപ്പുണ്ടായിരുന്നത്. ഒന്ന്, അരവിന്ദ് കേജ്‌രിവാൾ, രണ്ട് രാഹുൽ ഗാന്ധി..."  ഒറ്റയടിക്ക് യോഗി സാധിച്ചിരിക്കുന്നതെന്താണ് എന്ന് നോക്കുക. ആദ്യം ആർട്ടിക്കിൾ 370 നോട് പാകിസ്താനിലെ ഗൂഢാലോചനക്കാർക്ക് എതിർപ്പുണ്ട് എന്ന് പറയുക. അതിനോട് കേജ്‌രിവാളിന്റെ പേരിനെ ചേർത്തുകെട്ടുക. അതോടെ കേജ്‌രിവാളും പാകിസ്ഥാനും ഒരുപോലെയാണ്. അടുത്തതായി കേജ്‌രിവാളിനൊപ്പം രാഹുൽ ഗാന്ധിയെ കൊണ്ടുവരിക. അതോടെ കേജ്‌രിവാളും രാഹുൽ ഗാന്ധിയും പാകിസ്താന്റെ അതേ നയക്കാരനായി.  ഇത്രയും ചെയ്യാൻ യോഗിക്ക് ആകെ ചെലവായത് വെറും 25 സെക്കൻഡ് നേരം. 

 

അവിടെ നിന്ന് യോഗി നേരെ ചാടുന്നത് ഇച്ഛാശക്തിയും ദേശഭക്തിയും പോലെയുള്ള വൈകാരികമായ വിഷയങ്ങളിലേക്കാണ്. " രാജ്യത്തിനുള്ളിൽ ഭീകരവാദത്തെ നിലനിർത്താൻ സഹായിക്കുന്ന ആർട്ടിക്കിളാണ് 370 . സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം  രാജ്യത്ത് വന്നുപോയ ഒരു സർക്കാരിനും ഈ ആർട്ടിക്കിൾ എടുത്ത് ദൂരെക്കളയാനുള്ള ഇച്ഛാശക്തിയുണ്ടായില്ല. അതിനും മാത്രമുള്ള ദേശസ്നേഹം ഒരു നേതാവിനും ഉണ്ടായില്ല. ആ ഇച്ഛാശക്തിയും ദേശസ്നേഹവും കാണിച്ചത് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയാണ്..." യോഗി പറഞ്ഞു നിർത്തുന്നു.

കാര്യം വ്യക്തമാണ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണമല്ലേ, നാട്ടിലെ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ചർച്ച ചെയ്തില്ലെങ്കിലും, ഏതുവിധേനയും റാലിയിൽ അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റി പറയണം. അതാണ് യോഗിയുടെ നയം. അദ്ദേഹം തുടരുന്നു, " ഈ ഷാഹീൻബാഗിലെ സമരം ഒരു മറയാണ്. അവർ അവിടെ പ്രതിഷേധിക്കുന്നത് കശ്മീരിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനെതിരെയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിനെതിരെയാണ്. അവിടെ ഭക്തജനങ്ങൾ ആഗ്രഹിച്ചതുപോലെ സർക്കാർ സാധിച്ചു കൊടുത്തതിൽ അവർക്ക് കടുത്ത അസന്തുഷ്ടിയുണ്ട്, പ്രതിഷേധമുണ്ട്. ട്രിപ്പിൾ തലാഖ് നിരോധിച്ചതിൽ അവർക്ക് കടുത്ത എതിർപ്പുണ്ട്. " കണ്ടോ, ഒറ്റയടിക്ക് എന്തൊക്കെ വിവാദവിഷയങ്ങളെയാണ് യോഗി ദില്ലിയിലെ തെരഞ്ഞെടുപ്പുമായും അരവിന്ദ് കേജ്‌രിവാളുമായും കൂട്ടിക്കെട്ടിക്കളഞ്ഞത്. 

സ്‌കൂളുകളുടെ കാര്യത്തിൽ അഞ്ചുവർഷം കൊണ്ട് താൻ സാധിച്ച നേട്ടങ്ങൾ അരവിന്ദ് കേജ്‌രിവാൾ കണക്കുകൾ എണ്ണിയെണ്ണി പറയുന്നുണ്ട് ഓരോ വേദിയിലും. എന്നാലും, യോഗിക്ക് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ. അദ്ദേഹം അതേപ്പറ്റി പറയുന്നത് ഇപ്രകാരമാണ്, " അഞ്ചു വർഷം കൊണ്ട് കേജ്‌രിവാൾ ദില്ലിയിൽ സ്‌കൂൾ തുടങ്ങുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയില്ല എങ്കിലും, എല്ലാ ഗലികളിലും ഓരോ ബിവറേജ് ഷോപ്പ് വെച്ച് തുറന്നിട്ടുണ്ട്. പാഠശാലകൾ ഇല്ലെങ്കിലെന്താ മധുശാലകൾ എമ്പാടുമുണ്ട് ദില്ലിയിൽ. "

അടുത്തതായി യോഗി യമുനയിലെ പാരിസ്ഥിതിക മലിനീകരണത്തെപ്പറ്റി പറയും. അപ്പോൾ നമുക്ക് തോന്നും, ഇനി യോഗി ദില്ലിയുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഒന്നൊന്നായി കടന്നു ചെല്ലുമെന്ന്. ഇല്ല, തെറ്റി. അതിൽ ഒന്ന് സ്പർശിക്കുക മാത്രം ചെയ്തുകൊണ്ട് യോഗി തിരിച്ച് തന്റെ ഇഷ്ടവിഷയങ്ങളായ പൗരത്വ നിയമ ഭേദഗതി, NRC എന്നിവയിലേക്ക് തിരിച്ചുപോകും. അതും ഭീഷണിയുടെ സ്വരത്തിൽ. " ഉത്തർപ്രദേശിൽ അവർ സമരം തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞു. പൊതുജനങ്ങളുടെ മുതൽ നശിപ്പിച്ചാൽ സമരക്കാർ തന്നെ അതിന്റെ നഷ്ടപരിഹാരവും അപ്പപ്പോൾ നൽകേണ്ടി വരും. അത് പറഞ്ഞ പോലെ ഞങ്ങൾ ചെയ്യുകയും ചെയ്തു." 

യോഗിയുടെ പ്രസംഗം ആവേശമേറ്റിയപ്പോൾ ജനം പശ്ചാത്തലത്തിൽ കയ്യടിക്കാനും മുദ്രാവാക്യങ്ങൾ മുഴക്കനും ഒക്കെ തുടങ്ങി. മുദ്രാവാക്യങ്ങളും  കയ്യടികളും ഒക്കെ എന്നും കവലപ്രസംഗക്കാർക്ക് രോമാഞ്ചം പകരുന്നതാണല്ലോ. അതിനുള്ള കുഴപ്പം ഒന്നുമാത്രമാണ്. ജനങ്ങളുടെ കയ്യടിയും ബഹളവും ഒക്കെ കേട്ട് ആവേശക്കപ്പലേറി പ്രസംഗിച്ച് ഒടുവിൽ വാവിട്ട്‍ പലതും പറഞ്ഞുകളയും. പിന്നീട് പശ്ചാത്തപിക്കേണ്ടി വരുന്ന പലതും. കാവടിക്കാരുടെ തോളിൽ തോക്കുവെച്ച് വെടിപൊട്ടിച്ച യോഗി തുടർന്ന് പറഞ്ഞത് ഇങ്ങനെ," പ്രാർത്ഥിക്കാനും മതം അനുഷ്ഠിക്കാനും ഒക്കെ എല്ലാവർക്കും അവകാശമുണ്ടിവിടെ.  പിന്നെ എന്തിനാണ് കാവടിയേന്തിവന്ന ഹരിദ്വാർ തീർത്ഥാടകരെ നിങ്ങൾ ആക്രമിച്ചത്? ഇങ്ങനെ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ പിന്നെ പോലീസ് വാക്കുകൾ കൊണ്ടല്ല വെടിയുണ്ടകൾ കൊണ്ടാവും കാര്യം മനസ്സിലാക്കിക്കുക. 'ബോലി സെ നഹി ഗോലി സെ'.... " 

ദില്ലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈദ്യുതി, കുടിവെള്ളം, സുരക്ഷിതത്വം, തൊഴിലില്ലായ്മ, അഴുക്കുചാൽ വൃത്തിയാക്കൽ, സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ ചർച്ചയാകും എന്ന് എല്ലാവരും പ്രതീക്ഷിക്കും. യോഗി അതേപ്പറ്റിയൊക്കെ പറയുന്നുണ്ട്, എന്നാൽ അത് തന്റെ ഇഷ്ട വിഷയമായ ഷഹീൻബാഗിലേക്കുള്ള ചവിട്ടുപടി എന്ന നിലയിൽ മാത്രമാണ് എന്നുമാത്രം. " നിങ്ങൾ ദില്ലിയിലെ വോട്ടർമാർ ഇനിയെങ്കിലും ഒരു കാര്യത്തിൽ തീരുമാനം എടുത്തേ പറ്റൂ. ദില്ലിയിൽ സുസ്ഥിരമായ വികസനം കൊണ്ടുവരാൻ, അവിടെ സുരക്ഷിതത്വമുണ്ടാകാൻ ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന നരേന്ദ്ര മോദിയുടെ ഗവണ്മെന്റ് വരണോ അതോ ഷാഹീൻബാഗിൽ ബിരിയാണി വിതരണം ചെയ്യുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നവരുടെ ഗവൺമെന്റ് വരണോ?

യോഗി പറഞ്ഞതിൽ ചെറിയൊരു സത്യം ഒളിഞ്ഞുകിടപ്പുണ്ട്. ഏതൊരു സംസ്ഥാനത്തും ജനങ്ങൾ തിരിച്ചറിഞ്ഞ് വോട്ടുചെയ്യേണ്ടത്  വികസനത്തെപ്പറ്റി സംസാരിക്കുകയും, വികസനത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർക്കാണ്. അത് ജനങ്ങൾ സമയാസമയത്ത് തിരിച്ചറിയുന്നുണ്ട്. വൈകാരികമായ പ്രസംഗങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തെയും അവർ തിരിച്ചറിയും എന്നതാണ് മറ്റൊരു സത്യം. ജനങ്ങളെ തെരഞ്ഞെടുപ്പിൽ വോട്ടുതേടി സമീപിക്കുന്ന ഒരു രാഷ്ട്രീയ നേതാവും വിസ്മരിച്ചുകൂടാത്ത സത്യം. 

click me!