
വിവിധ വാഹനങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ പക്ഷികളുടെയും മൃഗങ്ങളുടെയും ഒക്കെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാറുണ്ട്. അതുപോലെ സ്രാവിന്റെ രൂപത്തിൽ ഡിസൈൻ ചെയ്ത ഒരു ഉല്ലാസ നൗകയാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒട്ട്റേജസ് (Outrageous) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് ഇറ്റാലിയൻ ഡിസൈൻ സ്റ്റുഡിയോയായ ലസാരിനിയാണ്.
ഔട്ട്റേജസിന് വേണ്ടി ചെലവാക്കിയ തുക ഒരു ബില്ല്യൺ ഡോളറിന് മുകളിൽ വരും എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതായത്, 8298 കോടിക്ക് മുകളിൽ. ഈ ഉല്ലാസ നൗകയുടെ വിവിധ ഭാഗങ്ങളും സ്രാവിന്റെ ശരീരഭാഗങ്ങളോട് സാദൃശ്യം പുലർത്തുന്നവ തന്നെയാണ്. ഉദാഹരണത്തിന് സ്രാവിന്റെ പല്ലുകളോട് സാമ്യമുള്ളവയാണ് ഇവയുടെ ജനാലകൾ. ചാരനിറമാണ് ഈ ഉല്ലാസ നൌകയ്ക്ക് നൽകിയിരിക്കുന്നത്. 322 മീറ്റർ (1,056 അടി) ആണ് ഈ ഉല്ലാസ നൗകയുടെ നീളം. അതുപോലെ സമ്പന്നരായ അതിഥികളെ ലക്ഷ്യം വച്ചുകൊണ്ട് രണ്ട് ഹെലിപ്പാഡുകളാണ് ഇതിന് മുകളിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇതിന്റെ അപ്പർ ഡെക്ക് അഞ്ച് സ്വിമ്മിംഗ്പൂളുകൾ, സോളാർ പാനൽ, മുറികൾ, വിശ്രമസ്ഥലങ്ങൾ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ്. വെറും യാത്രയ്ക്ക് വേണ്ടി എന്നതിനപ്പുറം തികച്ചും ആഡംബരപൂർണമായ അനുഭവത്തിന് വേണ്ടിക്കൂടിയാണ് ഈ ഉല്ലാസ നൗക തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാൽ പോലും ഉല്ലാസ നൗകയുടെ മുഴുവൻ പണിയും ഇനിയും തീർന്നിട്ടില്ല. ഉല്ലാസ നൗക ഇപ്പോഴും അതിന്റെ ശൈശവദശയിൽ തന്നെയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എങ്കിലും, മുഴുവൻ പണിയും തീർത്ത് പൂർത്തിയായിക്കഴിയുമ്പോൾ ലോകത്തിന്റെ ആകെ ശ്രദ്ധയും ഏറ്റുവാങ്ങുന്ന അതിമനോഹരമായൊരു ആഡംബര നൗകയായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. തികച്ചും ലക്ഷൂറിയസ് എന്ന് വിളിക്കാവുന്ന അനുഭവം തന്നെ ഈ ആഡംബരക്കപ്പൽ പ്രദാനം ചെയ്യുമെന്നും കരുതുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം