മരിച്ചുപോയെന്ന് കരുതിയ മകനെ 17 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി അമ്മ, പക്ഷേ...

By Web TeamFirst Published Nov 14, 2022, 12:10 PM IST
Highlights

ഷാങ്ന്റെ ആദ്യ വിവാഹബന്ധത്തിൽ ഉണ്ടായതായിരുന്നു ഈ കുഞ്ഞ്. കുഞ്ഞിൻറെ ജനന സമയത്ത് ആദ്യ ഭർത്താവുമായി ഇവർ അകൽച്ചയിൽ ആയിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിൻറെ ജനനശേഷം കുഞ്ഞിനെ ഭർത്താവിൻറെ വീട്ടുകാർ അപായപ്പെടുത്തുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം കഥയായിരുന്നു പ്രസവത്തോടെ അച്ഛനും അമ്മയ്ക്കും നഷ്ടമാകുന്ന കുഞ്ഞ് വർഷങ്ങൾക്കുശേഷം വളർന്നു വലുതായി കഴിയുമ്പോൾ അച്ഛനെയും അമ്മയെയും തേടി വരുന്നത്. 80- 90 കാലഘട്ടങ്ങളിൽ ഇത്തരമൊരു കഥാപാശ്ചാത്തലത്തിൽ നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. സമാനമായ ഒരു സാഹചര്യം കഴിഞ്ഞ ദിവസം ചൈനയിലെ ഒരു കുടുംബത്തിലും സംഭവിച്ചു. 

17 വർഷങ്ങൾക്കു മുമ്പ് ഇവർക്ക് നഷ്ടപ്പെട്ടുപോയ മകൻ ഇപ്പോഴും ജീവനോടെ ഉണ്ട് എന്നുള്ള സത്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ഒരു അമ്മ. ചികിത്സയ്ക്കായി കുഞ്ഞിനെ ഒരു ബന്ധുവിനെ ഏൽപ്പിക്കുകയും എന്നാൽ കുഞ്ഞിനെ കൈമാറി ദിവസങ്ങൾക്ക് ശേഷം ആ ബന്ധു കുഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 17 വർഷമായി മരിച്ചുപോയ തൻ്റെ കുഞ്ഞിനെ ഓർത്ത് വിഷമിച്ചിരുന്ന ഒരു അമ്മയാണ് ഇപ്പോൾ തന്റെ കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം മരിച്ചുവെന്ന് കരുതിയ മകനെയാണ് ഇപ്പോൾ അമ്മ കണ്ടെത്തിയിരിക്കുന്നത്. ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ഷാങ് കൈഹോങ്, എന്ന അമ്മയാണ് 2005 -ൽ മകനെ നോക്കാനായി തൻറെ ഒരു ബന്ധുവിനെ ഏൽപ്പിച്ചത്. ചെറിയ ശാരീരിക വൈകല്യങ്ങളോടുകൂടി ജനിച്ച കുഞ്ഞിന് ചികിത്സ നൽകുന്നതിന് വേണ്ടിയായിരുന്നു ഇവർ കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ചത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞ് കുഞ്ഞിനെ കരസ്ഥമാക്കിയ ബന്ധു ഇവരെ വഞ്ചിച്ചു.

ഷാങ്ന്റെ ആദ്യ വിവാഹബന്ധത്തിൽ ഉണ്ടായതായിരുന്നു ഈ കുഞ്ഞ്. കുഞ്ഞിൻറെ ജനന സമയത്ത് ആദ്യ ഭർത്താവുമായി ഇവർ അകൽച്ചയിൽ ആയിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിൻറെ ജനനശേഷം കുഞ്ഞിനെ ഭർത്താവിൻറെ വീട്ടുകാർ അപായപ്പെടുത്തുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് പ്രസവ വേളയിലും തുടർന്ന് കുഞ്ഞിൻറെ ചികിത്സാസമയത്തും ഇവർ ബന്ധുക്കളുടെ സഹായം തേടിയത്.
 
എന്നാൽ അടുത്തിടെയാണ് തന്റെ മകൻ ജീവിച്ചിരിപ്പുണ്ടെന്നും പഠിക്കുന്നത് മിഡിൽ സ്‌കൂളിലാണെന്നും ഷാങ് അറിഞ്ഞത്. ഒടുവിൽ, ഷാങ് തന്റെ മകനെ കണ്ടെത്തി, അവന്റെ മുഖം തന്റെ മുൻ ഭർത്താവിന്റെ മുഖത്തോട് സാമ്യമുള്ളതായി കണ്ടെത്തി. തുടർന്നുള്ള ഡിഎൻഎ പരിശോധനയിൽ അവൻ അവളുടെ കുട്ടിയാണെന്ന് സ്ഥിരീകരിച്ചു. തന്റെ മകനെ തനിക്ക് സ്വന്തമായി വേണമെന്നാണ് ഇവർ ഇപ്പോൾ ആഗ്രഹിക്കുന്നത്

എന്നാൽ ഇവർ കുട്ടിയുടെ വളർത്തു മാതാപിതാക്കളിൽ നിന്ന് എതിർപ്പ് നേരിടുകയാണ്. കുട്ടിയെ വളർത്തുന്നതിനായി ചെലവഴിച്ച തുക തിരികെ നൽകണമെന്നാണ് വളർത്തു മാതാപിതാക്കളുടെ ഇപ്പോഴത്തെ ആവശ്യം. 

click me!