
പല യുവതി യുവാക്കളും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് അകാല നര. നരമറയ്ക്കാൻ കറുപ്പ് തേച്ചും കളർ ചെയ്തും ഒക്കെ പാടുപെടുന്നവർ നിരവധിയാണ്. അപ്പോൾ ഒന്നാലോചിച്ചു നോക്കൂ നന്നേ ചെറുപ്പത്തിൽ തന്നെ മുടി നരച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന്. അത്തരത്തിൽ വലിയൊരു മാനസിക സംഘർഷത്തിലൂടെയാണ് തൻറെ പത്താം വയസ്സു മുതൽ സെർബിയയിൽ നിന്നുള്ള എവ്‌ജീനിയ ഡെനിസോവ എന്ന പെൺകുട്ടി കടന്നുപോയത്.
എവ്‌ജീനിയ മുടി നരച്ചതായി ആദ്യം കണ്ടത് തനിക്ക് പത്തു വയസ്സുള്ളപ്പോഴാണ്. ഒന്നോ രണ്ടോ മുടി ആയിരുന്നില്ല നരച്ചത് തലയിലെ മുടി പൂർണമായിത്തന്നെ വെള്ള കളറിലേക്ക് മാറി. അതോടെ അവളെ കൂട്ടുകാർ മുത്തശ്ശി എന്ന് കളിയാക്കി വിളിച്ചു തുടങ്ങി. ആ വിളിപ്പേര് വലിയ മാനസിക സംഘർഷമാണ് അവളിൽ ഉണ്ടാക്കിയത്. ആദ്യമൊക്കെ കൂട്ടുകാരുടെ കളിയാക്കൽ ഭയന്ന് സ്കൂളിൽ പോകാൻ മടിച്ചു. പിന്നെ തലയുയർത്തി നിന്ന് വെള്ള മുടികളെ ഡൈ ചെയ്ത് കറുപ്പിക്കാൻ നോക്കി. അങ്ങനെ വർഷങ്ങളോളം തന്നെ അപമാനിതയാക്കിയ മുടിയെ അവൾ മറ്റുള്ളവരുടെ കണ്ണിൽ നിന്നും കറുത്ത ചായത്തിൽ പൊതിഞ്ഞൊളിപ്പിച്ചു.
വർഷങ്ങൾ കഴിഞ്ഞതോടെ താൻ ഇങ്ങനെയാണ് എന്ന സത്യത്തെ അവൾ അംഗീകരിച്ചു തുടങ്ങി. പിന്നെ പതിയെ അപമാനത്തിന്റെ തോട് പൊട്ടിച്ച് പുറത്തിറങ്ങി. പരിഹസിച്ചവർക്ക് നേരെ തല ഉയർത്തി നിന്ന് പുഞ്ചിരിച്ചു. ഇന്ന് 38 കാരിയായ എവ്‌ജീനിയ തന്റെ ശരീരത്തിൽ ഏറെ ഇഷ്ടപ്പെടുന്നത് വെളുത്ത മുടികളെയാണ്. തന്റെ പതിനാലാം വയസ്സിലാണ് എവ്‌ജീനിയ മുടിയിൽ ചായം തേച്ചു തുടങ്ങിയത്. പിന്നീട് വർഷങ്ങൾക്കു ശേഷം തൻറെ ആദ്യകുഞ്ഞു പിറന്നപ്പോൾ അവൾ ഒരു തീരുമാനം എടുത്തു ഇനിയും പരിഹാസങ്ങളെ പേടിച്ച് തൻറെ വ്യക്തിത്വത്തിന്റെ കൂടി ഭാഗമായി ഒന്നിനെ മറച്ചു വയ്ക്കേണ്ട ആവശ്യമില്ലന്ന്.
ബോഡി ഷേമിങ്ങിലൂടെ മറ്റു വ്യക്തികളെ അപമാനിക്കുന്നവരോട് തനിക്ക് പുച്ഛവും സഹതാപവും മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് ഇവർ പറയുന്നു. പരിഹാസത്തിന് ഇരയാകുന്നവരോട് തളർന്ന് പിന്മാറരുതെന്നും അവഗണിക്കേണ്ട വാക്കുകളെ അവഗണിച്ച് മുന്നേറണമെന്നും ഇവർ പറയുന്നു.