ചെവി കേൾക്കാതെയായി, ഇടയനായയെ ആം​ഗ്യഭാഷ പഠിപ്പിച്ചെടുത്ത് ഉടമകൾ...

By Web TeamFirst Published Apr 21, 2021, 3:08 PM IST
Highlights

പെട്ടെന്നൊന്നും അത് പഠിച്ചെടുക്കാന്‍ സാധ്യമായിരുന്നില്ലെങ്കിലും പെഗ്ഗി അത് പഠിച്ചെടുക്കുക തന്നെ ചെയ്തു. സത്യത്തില്‍ വിരമിച്ചു എങ്കിലും പുതിയ ഉടമകള്‍ക്കൊപ്പം ഇപ്പോഴും അവള്‍ ഇടയ്ക്ക് ജോലി ചെയ്യുന്നു. 

ഒരു ഇടയനായ ആയിരുന്നു പെഗ്ഗി. അതായത് കന്നുകാലികള്‍ക്ക് കാവല്‍ നില്‍ക്കുന്ന നായ. എന്നാല്‍, ഒരു ഫാമില്‍ ജോലി ചെയ്‍തു കൊണ്ടിരിക്കുകയായിരുന്ന പെഗ്ഗിക്ക് ചെവി കേള്‍ക്കാതെയായി. അതോടെ, തനിക്കേറ്റവും ഇഷ്‍ടപ്പെട്ട ആ കാവല്‍ ജോലി ചെയ്യാന്‍ പെഗ്ഗിക്ക് കഴിയാതെയായി. 2018 -ല്‍ ചാരിറ്റി സ്റ്റാഫിലെ ഒരംഗം പെഗ്ഗിയെ ദത്തെടുത്തു. അവരുടെ ഭര്‍ത്താവ് നോര്‍ഫോക്കിലെ ഒരു ഇടയനായിരുന്നു. അവരിരുവരും ചേര്‍ന്ന് ശബ്ദം കൊണ്ട് സിഗ്നല്‍ നല്‍കുന്നതിന് പകരം എങ്ങനെയാണ് ആംഗ്യം കൊണ്ട് സിഗ്നല്‍ നല്‍കുക എന്ന് പെഗ്ഗിയെ പഠിപ്പിച്ചു. ഇപ്പോള്‍ പെഗ്ഗി ഈ ദമ്പതിമാരുടെ മറ്റു രണ്ട് നായകള്‍ക്കുമൊപ്പം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുകയാണ്. 

വളരെ ബുദ്ധിമതിയും മിടുക്കിയുമായ ഇടയനായ ആയിരുന്നു പെഗ്ഗി. എന്നാല്‍, കേള്‍വിശക്തി ഇല്ലാതെ ആയതോടെ അവള്‍ക്ക് അവളുടെ ഉടമകളോ കന്നുകാലികളെ മേയ്ക്കുന്നവരോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ ആയി. അങ്ങനെയാണ് എട്ടാമത്തെ വയസില്‍ അവര്‍ മിഡ് നോര്‍ഫോക് ആന്‍ഡ് നോര്‍ത്ത് സഫോക്ക് ബ്രാഞ്ച് എന്ന ചാരിറ്റി സ്ഥാപനത്തിലേക്ക് പെഗ്ഗിയെ നല്‍കുന്നത്. അവിടെ ആനിമല്‍ വെല്‍ഫെയര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ക്ലോയി ഷോര്‍ട്ടന്‍. 

ക്രിസ്മസിന് തൊട്ടുമുമ്പ് അവിടെ ഇടമില്ലാത്തതിനാൽ, ക്ലോയിക്കും ഭർത്താവിനും അവരുടെ മറ്റ് രണ്ട് ഇടയനായകള്‍ക്കുമൊപ്പം താമസിക്കാൻ പെഗ്ഗി അവരുടെ വീട്ടിലേക്ക് പോയി. പെഗ്ഗിക്ക് ജോലി ചെയ്യാന്‍ ഇഷ്ടമാണ് എന്ന് ക്ലോയിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് അവളും ഭര്‍ത്താവും ചേര്‍ന്ന് ശബ്ദത്തില്‍ അല്ലാതെ എങ്ങനെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാം എന്നും ആംഗ്യത്തിലൂടെയുള്ള നിര്‍ദ്ദേശങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും പെഗ്ഗിയെ പഠിപ്പിക്കാന്‍ ആരംഭിച്ചത്. കൈകള്‍ കൊണ്ടുള്ള ആംഗ്യമാണ് അവരവളെ പഠിപ്പിച്ചത്. ഒരു ഷീപ്ഡോഗ് പരിശീലകന്‍റെ കൂടി സഹായത്തോടെ പെഗ്ഗി കൈ കൊണ്ടുള്ള ആംഗ്യങ്ങളും ശരീരഭാഷയും മനസിലാക്കാന്‍ പഠിച്ചു. 

പെട്ടെന്നൊന്നും അത് പഠിച്ചെടുക്കാന്‍ സാധ്യമായിരുന്നില്ലെങ്കിലും പെഗ്ഗി അത് പഠിച്ചെടുക്കുക തന്നെ ചെയ്തു. സത്യത്തില്‍ വിരമിച്ചു എങ്കിലും പുതിയ ഉടമകള്‍ക്കൊപ്പം ഇപ്പോഴും അവള്‍ ഇടയ്ക്ക് ജോലി ചെയ്യുന്നു. കാരണം, അത് അവള്‍ക്ക് ഇഷ്‍ടമാണ്. അതുപോലെ, അവര്‍ വിളിച്ചാല്‍ കേള്‍ക്കാതെ ദൂരത്ത് പോയാലോ എന്ന് കരുതി ക്ലോയി അവള്‍ക്ക് ഒരു ജിപിഎസ് ട്രാക്കര്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. പെഗ്ഗിയുടെ മാറ്റത്തിലും അവളുടെ പുതിയ കഴിവുകളിലും ക്ലോയിയും ഭര്‍ത്താവും ഹാപ്പിയാണ്. 
 

click me!