വാക്സിനെടുത്താൽ പകരമായി ജനങ്ങൾക്ക് തക്കാളി, വാക്സിൻ വിമുഖത മാറ്റാൻ പുതിയ തന്ത്രവുമായി പട്ടണം

By Web TeamFirst Published Apr 20, 2021, 4:04 PM IST
Highlights

"വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ഞങ്ങൾ പച്ചക്കറി കച്ചവടക്കാരോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ മുനിസിപ്പാലിറ്റിയിൽ വിതരണം ചെയ്യുന്നു” ഉദ്യോഗസ്ഥനായ പുരുഷോത്തം സല്ലൂർ പറഞ്ഞു.

രാജ്യത്ത് കൊറോണ കേസുകൾ അതിവേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കയാണ്. എന്നിരുന്നാലും ഇപ്പോഴും പലരും വാക്‌സിൻ എടുക്കാൻ മടിക്കുന്നതായി കാണാം. സംസ്ഥാനങ്ങൾ അത്തരക്കാരെക്കൊണ്ട് വാക്‌സിൻ എടുപ്പിക്കാൻ പല തന്ത്രങ്ങളും പയറ്റുകയാണ് ഇപ്പോൾ. ഛത്തീസ്ഗണ്ഡിലെ ബിജാപൂരിലെ ഒരു ചെറിയ പട്ടണം വാക്സിനേഷനായി വരുന്ന ആളുകൾക്ക് പ്രോത്സാഹനമായി തക്കാളി വാഗ്ദാനം ചെയ്യുന്നുവെന്ന് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിൽ ഇതിന്റെ ഫോട്ടോകളും ഏജൻസി പങ്കിട്ടു.  

Chhattisgarh: Tomatoes being offered to people in Bijapur Municipal limits, by Municipality, to encourage them to get vaccinated for . An official, Purshottam Sallur says, "It's being done to encourage them. We appealed to vegetable vendors, they supplied to municipality" pic.twitter.com/3LHPKfm6Mr

— ANI (@ANI)

റിപ്പോർട്ട് അനുസരിച്ച്, ഒരു മെഡിക്കൽ സെന്ററിൽ നിന്ന് വാക്‌സിനേഷൻ കഴിഞ്ഞ് ഇറങ്ങുന്ന സ്ത്രീകൾക്ക് തക്കാളി പാക്കറ്റ് നൽകുന്നതായി പറയുന്നു. കുത്തിവയ്പ്പ് നടത്താൻ പ്രദേശവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണിതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. "വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ഞങ്ങൾ പച്ചക്കറി കച്ചവടക്കാരോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ മുനിസിപ്പാലിറ്റിയിൽ വിതരണം ചെയ്യുന്നു” ഉദ്യോഗസ്ഥനായ പുരുഷോത്തം സല്ലൂർ പറഞ്ഞു.

ട്വിറ്ററിൽ നിരവധി പേർ ബിജാപൂർ നഗരത്തിന്റെ ഈ പുതിയ സംരംഭത്തിൽ സന്തോഷിച്ചു. ഈ നീക്കം സർക്കാരിനും അനുകരിക്കാമെന്ന് ഒരാൾ പറഞ്ഞു. ഇത്തരത്തിലുള്ള കൈമാറ്റ സമ്പ്രദായം നല്ല രീതിയിൽ പ്രവർത്തിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ ലഭ്യമാകുന്നത് കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ യോഗങ്ങളെത്തുടർന്ന് സംസ്ഥാനങ്ങൾക്ക് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് ഡോസുകൾ പോലും വാങ്ങാമെന്ന് അറിയിക്കുകയുണ്ടായി. കേന്ദ്രം അതിന്റെ വിഹിതത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ സ്റ്റോക്കുകൾ അനുവദിക്കുമെന്നാണ് പറയുന്നത്.

പ്രതിരോധ കുത്തിവയ്പ്പാണ് ഏറ്റവും വിശ്വസനീയമായ മാർഗ്ഗമെന്ന് പ്രധാനമന്ത്രി മോദി യോഗങ്ങളിൽ ആവർത്തിച്ചു. “ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ഇന്ത്യക്കാർക്ക് വാക്സിൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുന്നു” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.59 ലക്ഷത്തിലധികം പുതിയ കൊവിഡ് -19 കേസുകൾ ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്തു. ആകെയുള്ള അണുബാധയുടെ കാര്യത്തിൽ യുഎസിന് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം.

click me!