
ഞെട്ടിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ രൂക്ഷവിമർശനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. പൂനെയിൽ നിന്നുള്ള ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത് ഒരു യുവതി തന്റെ വളർത്തുപൂച്ചയെ ക്രൂരമായി ഉപദ്രവിക്കുന്നതാണ്.
യുവതി പൂച്ചയെ നിലത്തടിക്കുന്നതും മുകളിലേക്ക് എറിയുന്നതുമാണ് വീഡിയയിൽ കാണാൻ സാധിക്കുന്നത്. സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയിൽ നിന്നുള്ള നിതേഷ് ഖാരെ എന്നയാളാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
യുവതി ഒരു വിദ്യാർത്ഥിനിയാണ് എന്നും പങ്കാളിക്കൊപ്പം ഇവിടെ താമസിക്കുന്നയാളാണ് എന്നുമാണ് നിതേഷ് ഖാരെ പറയുന്നത്. വീഡിയോയിൽ കാണുന്നത്, യുവതി കോറിഡോറിൽ വച്ച് പലതവണ പൂച്ചയെ നിലത്തിടിക്കുന്നതാണ്. ശേഷം അതിനെ വലിച്ചെറിയുന്നതും കാണാം. എന്തിനാണ് ഇത് ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
പിന്നീട്, പൊലീസും സംഭവത്തിൽ ഇടപെട്ടു. നിതേഷ് ഖാരെ വീഡിയോയ്ക്കൊപ്പം പങ്കുവച്ച കാപ്ഷനിൽ പറയുന്നത്, പൂനെയിൽ താമസിക്കുന്ന ഛത്തീസ്ഗഢിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയും അവളുടെ പങ്കാളിയും കൂടി ഒരു വളർത്തു പൂച്ചയെ ക്രൂരമായി മർദ്ദിച്ച് കോറിഡോറിൽ എറിഞ്ഞു. പൊലീസിന്റെ വേഗത്തിലുള്ള നടപടിക്കും ഇടപെടലിനും നന്ദി, അവരെ കസ്റ്റഡിയിലെടുക്കുകയും അവരുടെ തെറ്റ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൂച്ച ഇപ്പോൾ സുരക്ഷിതമായിരിക്കുന്നു. താമസിയാതെ സ്നേഹമുള്ള ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റും. NC ഫയൽ ചെയ്തിട്ടുണ്ട് എന്നാണ്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കടുത്ത ഭാഷയിൽ പലരും യുവതിയേയും പങ്കാളിയേയും വിമർശിച്ചു. മൃഗങ്ങളോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്നവർക്കെതിരെ തീർച്ചയായും നടപടി വേണം എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിലരെല്ലാം പൂച്ചയെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. അതേസമയം, യുവതിയുടെ പങ്കാളി സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്.