
രാജസ്ഥാനിൽ നിന്നുള്ള ആശങ്കയും ഭയവും ഉളവാക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് സ്കൂൾ കുട്ടികൾ പൊതുനിരത്തിലൂടെ ഥാർ ഓടിച്ച് റീൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് കുട്ടികൾ ഇരുവരും വാഹനത്തിൽ ഇരിക്കുന്നത്. കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ വഴി വച്ചു. സ്കൂൾ യൂണിഫോമിലാണ് കുട്ടികൾ ഇരുവരും വാഹനം ഓടിക്കുന്നത്.
തെല്ലും ആശങ്കയോ പരിഭ്രമമോ ഇല്ലാതെയാണ് കുട്ടികൾ വാഹനം ഓടിക്കുന്നത്. ഒരാൾ വീഡിയോ ചിത്രീകരിക്കുമ്പോൾ വാഹനം ഓടിക്കുന്ന കുട്ടി ക്യാമറയിലേക്ക് നോക്കി കൈയുയർത്തി കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ പശ്ചാത്തലത്തിൽ കേൾക്കുന്ന ഗാനത്തിനൊപ്പം ഇരുവരും വൈബ് ചെയ്യുന്നതും വീഡിയോയിൽ കാണാം. വിഷ്ണു ഗുർജാർ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.സമാനമായ രീതിയിലുള്ള നിരവധി വീഡിയോകൾ ഈ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളുടെ ഈ ഥാർ യാത്ര സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
അപകടങ്ങൾ തുടർക്കഥയാവുകയും പൊതുനിരത്തിലെ സുരക്ഷാ ആശങ്കകൾ ദിനംപ്രതി വർദ്ധിച്ചു വരികയും ചെയ്യുന്നതിനിടയിലാണ് കുട്ടികളുടെ ഥാര്‍ യാത്ര വൈറലായത്. ഏതാനും ദിവസങ്ങൾ മുമ്പാണ് നോയിഡയിൽ നിന്നും ഒരു കൂട്ടം യുവാക്കൾ അപകടമായകരമായ രീതിയിൽ വാഹനത്തിൽ സ്റ്റണ്ട് നടത്തുന്നതിന്‍റെ വീഡിയോ പുറത്ത് വന്നത്. അപകടങ്ങൾ തുടരുമ്പോഴും ആളുകൾ ജാഗ്രത പാലിക്കുന്നില്ല എന്നത് ഏറെ ആശങ്കാകരമാണെന്ന് വീഡിയോയ്ക്ക് താഴെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. ഇത്തരത്തിൽ വാഹനം ഓടിക്കാൻ കുട്ടികളെ അനുവദിച്ച മാതാപിതാക്കളെയും നിരവധി പേർ വിമർശിച്ചു.