
ചൈനയിൽ നിന്നുള്ള ഒരു സ്ത്രീ തന്‍റെ ഭർത്താവിന്‍റെ മരണശേഷം കണ്ടെത്തിയ രഹസ്യങ്ങൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അവളുടെ അന്തരിച്ച ഭർത്താവ് വർഷങ്ങളോളം ഒരു രഹസ്യബന്ധം തുടർന്നിരുന്നുവെന്നും ഏകദേശം 20 മില്യൺ യുവാൻ (ഏകദേശം 23 കോടി രൂപ) തന്‍റെ കാമുകിക്ക് കൈമാറിയെന്നുമാണ് കണ്ടെത്തിയത്.
ഷാങ്ഹായ് സ്വദേശിയായ ഷെൻ ആണ് 20 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. 2022 മെയ് മാസത്തിൽ ഭർത്താവ് ജിൻ അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ രേഖകൾ പരിശോധിച്ചപ്പോഴാണ് 2015 മുതൽ 'താവോ' എന്ന സ്ത്രീയുമായി അദ്ദേഹം രഹസ്യബന്ധം പുലർത്തിയിരുന്നതായി ഷെൻ കണ്ടെത്തിയത്. വെറുമൊരു ബന്ധം എന്നതിലുപരി, കുടുംബത്തിന്‍റെ പൊതുസമ്പാദ്യത്തിൽ നിന്ന് 19 മില്യൺ യുവാനിലധികം (ഏകദേശം 23 കോടി രൂപ) ജിൻ രഹസ്യമായി താവോയ്ക്ക് കൈമാറിയെന്നും ഷെൻ തിരിച്ചറിഞ്ഞു.
തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ നടന്ന ഈ പണമിടപാടുകൾക്കെതിരെ ഷെന്നും മക്കളും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വിവാഹ ജീവിതത്തിനിടയിൽ ഉണ്ടാക്കുന്ന സ്വത്തുക്കൾ ദമ്പതികളുടെ സംയുക്ത സ്വത്താണെന്നും അത് പങ്കാളിയോട് ചോദിക്കാതെ മറ്റൊരാൾക്ക് സമ്മാനമായി നൽകാൻ കഴിയില്ലെന്നും അവർ കോടതിയിൽ വാദിച്ചു.
കേസ് പരിഗണിച്ച കോടതി ഷെന്നിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ജിൻ തന്‍റെ പങ്കാളിയെ അറിയിക്കാതെ ഇത്രയും വലിയ തുക മറ്റൊരു സ്ത്രീക്ക് നൽകിയത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജിൻ മരിക്കുന്നതിന് മുൻപ് തന്നെ താവോ 5.4 മില്യൺ യുവാൻ അദ്ദേഹത്തിന് തിരികെ നൽകിയിരുന്നു. അതിനാൽ ബാക്കി തുകയായ 14 മില്യൺ യുവാൻ (ഏകദേശം 17 കോടിയോളം രൂപ) ഉടൻ തന്നെ ഷെന്നിന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
ഈ വിധിക്കെതിരെ താവോ അപ്പീൽ നൽകിയെങ്കിലും ഷാങ്ഹായ് ഫസ്റ്റ് ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതി അത് തള്ളിക്കളഞ്ഞു. കീഴ്ക്കോടതിയുടെ വിധി ശരിവെച്ചു കൊണ്ട്, കുടുംബത്തോടും പങ്കാളിയോടും കാണിക്കുന്ന ഇത്തരം വഞ്ചനകൾക്ക് നിയമപരമായ സാധുതയില്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. 20 വർഷത്തെ സ്നേഹം ഒരു ചതിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞെങ്കിലും, മക്കൾക്കൊപ്പം പോരാടി തന്‍റെ അവകാശം നേടിയെടുക്കാൻ ഷെന്നിന് ഇതിലൂടെ സാധിച്ചു.