
സിഇഒ ജീവനക്കാരനെ പൂച്ചട്ടികൊണ്ട് എറിയുന്ന ദൃശ്യങ്ങൾ പുറത്ത്. പിന്നാലെ വ്യാപകവിമർശനം. തുർക്കിയിൽ നിന്നുള്ള ഒരു പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റിന്റെ സ്ഥാപകനും സിഇഒയുമാണ് ജീവനക്കാരന്റെ നേരെ പൂച്ചട്ടി വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെ വലിയ ചർച്ചയാണ് ഇതേച്ചൊല്ലി ഉണ്ടായത്. ഷിഫ്റ്റ് ഡിലീറ്റിന്റെ സിഇഒയും സ്ഥാപകനുമായ ഹക്കി അൽകാനാണ് ഓഫീസിലെ ഒരു തർക്കത്തിനിടെ തന്റെ ജീവനക്കാരനായ സമേത് ജാൻകോവിച്ചിന് നേരെ മണ്ണ് നിറച്ച ഒരു പൂച്ചട്ടി എടുത്തെറിഞ്ഞത്. തുർക്കിയിലെ ഏറ്റവും വലിയ ടെക്നോളജി ന്യൂസ് ഔട്ട്ലെറ്റിൽ ഒന്നാണ് ഷിഫ്റ്റ് ഡിലീറ്റ്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഷെയർ ചെയ്തതോടെ നിരവധിപ്പേരാണ് അത് കണ്ടിരിക്കുന്നത്. അൽകാൻ കല്ലുകൾ നിറച്ച പൂച്ചട്ടി എടുത്ത് ജാൻകോവിച്ചിന് നേരെ എറിയുന്നതിന് മുമ്പുതന്നെ ഇരുവരും തമ്മിൽ തർക്കിക്കുന്നുണ്ട് എന്നും വീഡിയോയിൽ കാണാം.
നാല് വർഷത്തോളമായി ജാൻകോവിച്ച് ഇവിടെ ജോലി ചെയ്തു വരികയാണ്. ShiftDelete.net -ന്റെ എഡിറ്റർ- ഇൻ- ചീഫാണ് ജാൻകോവിച്ച്. സംഭവത്തിൽ പരിശോധന നടത്തുകയും മെഡിക്കൽ റിപ്പോർട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വില നിങ്ങൾ തരേണ്ടി വരും. ക്യാമറാ റെക്കോർഡുകളില്ലാതാക്കിയാൽ നിങ്ങളൊരു ആണല്ല. അവ നിങ്ങളുടെ ഫോണിൽ 24/7 കിട്ടുന്നുണ്ട് എന്ന് എനിക്കറിയാം എന്നാണ് സമേത് തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ പറയുന്നത്.
അതേസമയം സിഇഒയും സംഭവത്തിൽ വിശദീകരണവുമായി എത്തി. തർക്കത്തിനിടെ ദേഷ്യം വന്നുപോയതാണ്. പൂച്ചട്ടിയല്ല, പൂക്കമ്പാണ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട് എന്നുമാണ് ഹക്കി അൽകാൻ പറയുന്നത്. സമേത് തന്റെ സഹോദരനെ പോലെയാണ് എന്നും ദേഷ്യത്തിൽ അറിയാതെ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും ഹക്കി അൽകാന്റെ പോസ്റ്റിൽ പറയുന്നു.