
സൗത്ത് കൊറിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രസവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായങ്ങളെ കുറിച്ചുള്ള പോസ്റ്റാണ് യുവതി ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യയേയും സൗത്ത് കൊറിയയേയും തമ്മിൽ താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ കമന്റ് നൽകുന്നതും കാണാം. നേഹ അറോറ എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 35 ലക്ഷമാണ് വീഡിയോയുടെ കാഴ്ച്ചക്കാർ.
സൗത്ത് കൊറിയയിൽ നിന്നുള്ള ഒരാളെയാണ് നേഹ അറോറ വിവാഹം ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് അവൾ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കൊറിയയിലെ തന്റെ ഗർഭകാലവും ആ സമയത്ത് സർക്കാരിൽ നിന്നും ലഭിച്ച സഹായങ്ങളും ഒക്കെയാണ് നേഹ തന്റെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ സർക്കാരിൽ നിന്നുള്ള സാമ്പത്തികസഹായത്തെ കുറിച്ച് നേഹ വിവരിക്കുന്നു.
ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചയുടൻ തന്നെ കൊറിയൻ സർക്കാർ അവർക്ക് പരിശോധനകൾക്കും മരുന്നുകൾക്കുമായി 63,100 രൂപ നൽകിയെന്ന് നേഹ പറയുന്നു. ഇത് കൂടാതെ, ബസ്, ടാക്സി, സ്വകാര്യ വാഹനം തുടങ്ങിയ ഗതാഗത ചെലവുകൾക്കായി 44,030 രൂപയാണ് നൽകിയത്.
ഇതുകൊണ്ടും തീർന്നില്ല, പ്രസവസമയത്ത് മാത്രം 1.26 ലക്ഷം രൂപ സർക്കാരിൽ നിന്നുള്ള സഹായമായി ലഭിച്ചു. ഇതിനെ വിശേഷിപ്പിക്കുന്നത് 'കൺഗ്രാജുലേറ്ററി മണി ഓൺ ഡെലിവറി' (Congratulatory Money on Delivery) എന്നാണ്.
കുഞ്ഞ് ജനിച്ചതിനുശേഷവും സാമ്പത്തിക സഹായം കിട്ടുന്നത് തുടർന്നു. കുഞ്ഞ് ജനിച്ച് ആദ്യത്തെ വർഷം എല്ലാ മാസവും 63,100 രൂപയും രണ്ടാം വർഷം മാസം 31,000 രൂപയും കുട്ടിയുടെ രണ്ട് വയസ്സ് മുതൽ എട്ട് വയസ്സ് വരെ മാസം 12,000 രൂപയുമാണ് നൽകുന്നത് എന്നും നേഹ വിശദീകരിക്കുന്നു.
അനേകങ്ങളാണ് പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. ഇത് കൊള്ളാം എന്നാണ് പലരും പറഞ്ഞത്. അതേസമയം, കൊറിയയിലെ ജനനനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്, അതിനാലാണ് സർക്കാർ ഇത്തരത്തിലുള്ള പാക്കേജുകൾ വാഗ്ദ്ധാനം ചെയ്യുന്നത് എന്ന യാഥാർത്ഥ്യവും പലരും ചൂണ്ടിക്കാട്ടി.