ശ്ശോ എന്തൊരു നല്ല കമ്പനി; ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് സ്വർണ്ണഫലകം പാരിതോഷികം, ചിലവഴിച്ചത് 3.5 കോടി

Published : Feb 12, 2026, 06:20 PM IST
Singapore firm rewards loyal employees with gold

Synopsis

ഈ കമ്പനി, തങ്ങളുടെ 32-ാം വാർഷികത്തിൽ ജീവനക്കാർക്ക് സമ്മാനിച്ചത് 3.5 കോടി രൂപയുടെ സ്വർണ്ണ ഫലകങ്ങൾ. ജീവനക്കാരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും നന്ദി സൂചകമായാണ് ഈ സമ്മാനം നൽകിയത്.

സ്ഥാപനത്തോടുള്ള ജീവനക്കാരുടെ ആത്മാർത്ഥതയ്ക്കും കഠിനാധ്വാനത്തിനും സ്വർണ്ണം കൊണ്ട് മറുപടി നൽകി സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി. ചാങ് ചെങ് ഹോൾഡിംഗ്‌സ് എന്ന കമ്പനിയാണ് ജീവനക്കാർക്ക് വേണ്ട രീതിയിൽ പാരിതോഷികം നൽകിയത്. പത്തോ അതിലധികമോ വർഷം കമ്പനിയെ സേവിച്ച ജീവനക്കാർക്കായി ആകെ 3.5 കോടിയിലധികം രൂപ (5,00,000 സിംഗപ്പൂർ ഡോളർ) വിലമതിക്കുന്ന സ്വർണ്ണ ഫലകങ്ങളാണ് കമ്പനി സമ്മാനമായി നൽകിയത്.

1994 -ൽ വേജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു ചെറിയ ഭക്ഷണശാലയായി തുടങ്ങിയതാണ് ഈ സ്ഥാപനം. എന്നാൽ, കഴിഞ്ഞ 30 വർഷത്തിനുള്ളിൽ വലിയ വളർച്ചയാണ് കമ്പനിക്കുണ്ടായത്. ഇന്ന് ഈ ഗ്രൂപ്പിന് കീഴിൽ 160 റെസ്റ്റോറന്റുകളും 30 -ലധികം കോഫി ഷോപ്പുകളുമുണ്ട്. 1,200 -ലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

കമ്പനിയുടെ 32 -ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വലിയ ആഘോഷത്തിൽ വെച്ചാണ് മുതിർന്ന ജീവനക്കാരെ സ്വർണം നൽകി ആദരിച്ചത്. ജീവനക്കാർ കമ്പനിയിൽ ചെലവഴിച്ച വർഷങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. 10 - 14 വർഷം വരെയുള്ളവർക്ക് 20 ഗ്രാം തൂക്കമുള്ള സ്വർണ്ണ ഫലകം. 15 - 19 വർഷം വരെയുള്ളവർക്ക് 25 ഗ്രാം തൂക്കമുള്ള സ്വർണ്ണ ഫലകം. 20 വർഷവും അതിലധികവും ഉള്ളവർക്ക് 30 ഗ്രാം തൂക്കമുള്ള സ്വർണ്ണ ഫലകം എന്നിങ്ങനെയാണ് നൽകിയത്.

999 പ്യുവർ ഗോൾഡിൽ നിർമ്മിച്ച ഓരോ ഫലകത്തിനും നിലവിൽ 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് വിപണിയിലെ വില. കമ്പനിയുടെ ആസ്ഥാനത്തിന്റെ ചിത്രവും ലോഗോയും ഓരോ ജീവനക്കാരന്റെയും പേരും ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. എസ്‌കെ ജ്വല്ലറിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ ചുവന്ന ബോക്സുകളിലാണ് ഇവ കൈമാറിയത്. ജീവനക്കാരുടെ കഠിനാധ്വാനത്തോടുള്ള ഒരു ചെറിയ നന്ദി പ്രകടനം മാത്രമാണിത് എന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കോക്ക് കുവാൻ ഹ്വാ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

കയ്യിൽ കാശില്ലേ? ഇല്ലാത്ത ആഡംബരം കാണിക്കണ്ട, ട്രെൻഡായി ലൗഡ് ബജറ്റിം​ഗ്
വ്യാജ കേസിൽ ആറ് ആഴ്ച ജയിലിൽ, 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ