മുംബൈ സർവകലാശാലയിലെ 29 അവസാന വർഷ നിയമ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെടുകയും 48 മണിക്കൂറിനുള്ളിൽ പുനർമൂല്യ നിർണ്ണയം നടത്തി സർവകലാശാല പുതിയ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുംബൈ സർവകലാശാലയിലെ (എംയു) നിയമ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വന്നപ്പോൾ 29 കുട്ടികൾക്ക് പൂജ്യം മാർക്ക്! അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ ആറാം സെമസ്റ്ററിൽ നടന്ന പരീക്ഷയിലാണ് ഒന്നോ അതിലധികമോ വിഷയങ്ങൾക്ക് വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് നൽകിയത്. പിന്നാലെ ഇത് വലിയ പ്രതിഷേധം വിളിച്ച് വരുത്തി. ഇതോടെ സെനറ്റ് അംഗങ്ങൾ ഇടപെടുകയും ഫലം പുനഃപ്രസിദ്ധീകരിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയുമായിരുന്നു.

പൂജ്യം കിട്ടിയവർ 29 പേർ

സർവകലാശാലയുടെ മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാമിലെ വിദ്യാർത്ഥികൾക്കാണ് മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തര കടലാസുകൾ തിരികെ ആവശ്യപ്പെട്ടു. ലഭിച്ച ഉത്തര കടലാസുകളിൽ പല ഉത്തരങ്ങളും പരിശോധിക്കുക പോലും ചെയ്തില്ലെന്നും മറ്റ് ചില ഉത്തര കടലാസുകളിൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ മാത്രമാണ് പരിശോധിക്കപ്പെട്ടതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. എല്ലാ ചോദ്യത്തിനും ഉത്തരമെഴുതിയ ഒരു വിദ്യാർത്ഥി പറഞ്ഞത് അയാളുടെ ഉത്തര കടലാസിലെ വെറും മൂന്ന് ഉത്തരങ്ങൾ മാത്രമാണ് പരിശോധകർ നോക്കിയതെന്നാണ്. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് ആ പേപ്പറിന് ലഭിച്ചത് വെറും ഒമ്പത് മാർക്ക്. "അവസാന സെമസ്റ്ററിന്‍റെ ഫലം പുറത്തുവന്നപ്പോൾ ഞങ്ങൾ വളരെ അത്ഭുതപ്പെട്ടു. ചില വിഷയങ്ങളിൽ എനിക്ക് പൂജ്യം മാർക്ക് ലഭിച്ചു. എന്‍റെ ഉത്തരക്കടലാസുകൾ കാണാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, അധ്യാപൻ ധാരാളം തെറ്റുകൾ വരുത്തിയതായി ഞാൻ കണ്ടെത്തി," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഒരു വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

Scroll to load tweet…

48 മണിക്കൂറിനുള്ളിൽ പുതിയ ഫലം

"ആദ്യത്തെ അഞ്ച് സെമസ്റ്ററുകളിൽ ഞാൻ നന്നായി പഠിച്ച് മാർക്ക് വാങ്ങിയിരുന്നു. അപ്പോൾ അവസാന സെമസ്റ്ററിൽ മാത്രം പൂജ്യം മാർക്ക് നേടിയതെങ്ങനെ?" എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ ചോദ്യം. പൊതു പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയാലും, സർവകലാശാലയുടെ തെറ്റായ ഫല പ്രഖ്യാപനം ബിരുദാനന്തര നിയമ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് ചിലർക്ക് ഇതിന്‍റെ പേരിൽ തങ്ങൾക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെടുമെന്ന ഭയം പ്രകടിപ്പിച്ചു. തെറ്റായ ഫല പ്രഖ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾ ആദ്യം സർവകലാശാലയുടെ പരീക്ഷാ, മൂല്യനിർണ്ണയ ബോർഡിനെ സമീപിച്ചെങ്കിലും ശരിയായ പ്രതികരണം ലഭിച്ചില്ലെന്ന് വിദ്യാർ‍ത്ഥികൾ ആരോപിച്ചു. പിന്നീട് യുവസേന (യുബിടി) പ്രതിനിധികളെയും സർവകലാശാല സെനറ്റ് അംഗങ്ങളെയും വിദ്യാർത്ഥികൾ സമീപിച്ചു. പ്രോ-വൈസ് ചാൻസലർ അജയ് ഭാമ്രയോട് ഉത്തരക്കടലാസുകൾ ഉടൻ പുനഃമൂല്യനിർണ്ണയം നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പുനർമൂല്യ നിർണ്ണയം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ പുനർമൂല്യ നിർണ്ണയം പൂർത്തിയാക്കിയ സർവകലാശാല ഇന്നലെ വൈകീട്ട് പുതുക്കിയ ഫലം പ്രഖ്യാപിച്ചു. “ജൂലൈ 1 ന് ഈ വിദ്യാർത്ഥികളുടെ ഫലങ്ങൾ ഞങ്ങൾ തിരുത്തി ജൂലൈ 2 ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്തു,” എന്ന് ഒരു സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.