പൂച്ചക്കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിച്ച വീട്ടമ്മയ്ക്ക് മൂന്ന് ലക്ഷം പിഴ

Web Desk   | Asianet News
Published : Oct 27, 2021, 07:53 PM IST
പൂച്ചക്കുഞ്ഞുങ്ങളെ വഴിയില്‍ ഉപേക്ഷിച്ച വീട്ടമ്മയ്ക്ക് മൂന്ന് ലക്ഷം പിഴ

Synopsis

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ട് ശല്യമാണ് എന്നു പറഞ്ഞ് ഇവരിതിനെ ഫ്്‌ളാറ്റിനു മുന്നിലെ പുല്‍ത്തകിടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

മൂന്ന് മാസം പ്രായമായ പൂച്ചക്കുട്ടികളെ വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍ ഉപേക്ഷിച്ച വീട്ടമയ്ക്ക് നാലായിരം ഡോളര്‍ (മൂന്ന് ലക്ഷം രൂപ) പിഴ. സിംഗപ്പൂരിലാണ് രണ്ട് ചെറിയ പൂച്ചക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച കേസില്‍ വീട്ടമ്മയ്ക്ക് ശിക്ഷ വിധിച്ചത്. നടാലി ലൗ സെ യുവിന്‍ എന്ന 40 കാരിക്കാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തേക്ക് മൃഗങ്ങളെ വളര്‍ത്തുന്നതിന് ഇവര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി. 

മില്‍ക്കി, പാണ്ട എന്നു പേരായ രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒരു സ്ത്രീയില്‍നിന്നും ഇവര്‍ വളര്‍ത്താന്‍ വാങ്ങിയത്. അതിനു ശേഷം ഇവയെ സിംസ് പ്ലേസിലെ അവരുടെ ഫ്‌ളാറ്റില്‍ വളര്‍ത്തി. എന്നാല്‍, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ട് ശല്യമാണ് എന്നു പറഞ്ഞ് ഇവരിതിനെ ഫ്്‌ളാറ്റിനു മുന്നിലെ പുല്‍ത്തകിടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27-നായിരുന്നു ഇത്. 

അതിനിടെ, ഇവര്‍ക്ക് പൂച്ചക്കുഞ്ഞുങ്ങള്‍ നല്‍കിയ സ്ത്രീ അതിന്റെ വിവരമനേ്വഷിച്ചു. അതു സുഖമായി വീട്ടില്‍ കഴിയുന്നുവെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തുവെന്നും ഇവര്‍ അറിയിച്ചു. പൂച്ചക്കുഞ്ഞുങ്ങളുടെ വീഡിയോയും ഇവര്‍ അയച്ചു കൊടുത്തു. 

അതിനിടെയാണ് രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ ഈ ഫ്‌ളാറ്റിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍നിന്നും കിട്ടിയതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമയായ സ്ത്രീ അറിഞ്ഞത്. അവര്‍ ഉടനെ തന്നെ ചെന്ന് രണ്ടു പൂച്ചക്കുഞ്ഞുങ്ങളെയും തിരിച്ചെടുത്തു. അതിനു ശേഷമാണ് അവര്‍ നടാലിക്കെതിരെ പരാതി നല്‍കിയത്. ഈ കേസിലാണ് വിധി. 

പൂച്ചക്കുഞ്ഞുങ്ങളുടെ ശബ്ദവും രാത്രിയിലെ അവയുടെ ഓട്ടങ്ങളും ശല്യമുണ്ടാക്കുന്നു എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. താന്‍ ഇവയെ മറ്റാര്‍ക്കെങ്കിലും ദത്തു നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍, അതൊന്നും നടന്നില്ലെന്നും അതിനാലാണ് ഇവയെ ഉപേക്ഷിച്ചതെന്നുമാണ് നടാലി കോടതിയില്‍ പറഞ്ഞത്. 

എന്നാല്‍, പൂച്ചക്കുഞ്ഞുങ്ങളെ കവറിലാക്കി ഉപേക്ഷിച്ച നടാലി അവയെ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നും ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. ഇതിനു ശേഷമാണ് കോടതി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!