
പഴക്കം ചെല്ലുന്തോറും മദ്യത്തിന്റെ വീര്യം കൂടും, വീര്യം മാത്രമല്ല വിലയും. എന്നാൽ, ഇനി എത്ര വിലയായാലും, അത് വാങ്ങാൻ ആളുണ്ടാകുമെന്നതാണ്. ഈ അടുത്തായി രണ്ട് ചെറിയ കുപ്പി സിംഗിൾ മാൾട്ട് വിസ്കി ലേലം ചെയ്തു പോയത് ലക്ഷങ്ങൾക്കാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ നടന്ന ലേലത്തിൽ രണ്ടും കൂടി പത്തുലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റ് പോയത്. കൃത്യമായി പറഞ്ഞാൽ രണ്ടിനും കൂടി ചെലവായത് പതിമൂന്ന് ലക്ഷം രൂപ! ഓരോ കുപ്പിക്കകത്തും 50 മില്ലിലിറ്റർ മദ്യം മാത്രമാണ് അടങ്ങിയിരിക്കുന്നത്.
വിസ്കികളിൽ ഒന്ന് ജെയിംസ് മക്ആർതറിന്റെ മാൾട്ട് ഡിസ്റ്റിലറി മില്ലിൽ നിന്നുള്ളതാണ്. ഇത് 1990 മുതൽ സംരക്ഷിച്ചുവരുന്നതാണ്. എന്നാൽ നിർമ്മിച്ചത് 1959 -ലാണ്. ഈ കുപ്പി 6 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ജെയിംസ് മക്ആർതറിന്റേത് കൂടാതെ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു ലേലത്തിന്. അത് സ്പ്രിംഗ്ബാങ്കിൽ നിന്നുള്ളതാണ്. 1919 മുതൽ സൂക്ഷിച്ചു വരുന്ന വിസ്കി 1969 -ൽ കാംബെൽടൗണിലെ സ്പ്രിംഗ്ബാങ്ക് ഡിസ്റ്റിലറിയിൽ വച്ചാണ് കുപ്പിയിലാക്കിയത്. രണ്ടാമത്തേത് കുറച്ച് കൂടി ഉയർന്ന വിലക്കാണ് വിറ്റു പോയത്, ഏഴ് ലക്ഷം രൂപ.
ഇന്ന് നാല് കുപ്പി മാക്ആർതറിന്റെ വിസ്കി മാത്രമേ ലോകത്ത് ബാക്കിയുള്ളൂ. അവ സ്കോട്ട്ലൻഡിലെ ഐൽ ദ്വീപിലുള്ള മാൾട്ട് ഡിസ്റ്റിലറി മില്ലിൽ നിർമ്മിച്ചവയാണ്. 1962 -ൽ മാൾട്ട് മിൽ അടച്ചുപൂട്ടി. മിൽ അടച്ചുപൂട്ടുന്നതിന് മൂന്ന് വർഷം മുമ്പാണ് കുപ്പികൾ വാറ്റിയെടുത്തത്. ലേലത്തിൽ കുപ്പികൾ വാങ്ങിയയാൾ തന്റെ പേര് വെളിപ്പെടുത്തിയില്ല. കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും, കുപ്പി പൊട്ടിക്കാതെ അത് പോലെ സൂക്ഷിക്കുമെന്ന് വാങ്ങിയ വ്യക്തി പറഞ്ഞു. വിലപിടിപ്പുള്ള ഈ കുപ്പികൾ തനിക്ക് എല്ലാവരെയും അഭിമാനത്തോടെ കാണിക്കാനാണ് കുടിക്കാതെ സൂക്ഷിച്ച് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല, ഇത്രയും വിലകൂടിയ വിസ്‌കി വാങ്ങുന്നത് അഭിമാനകരമായ കാര്യമാണെന്നും ഇയാൾ പറഞ്ഞു. സ്കോച്ച് വിസ്കി ഓക്ഷൻസ് ആണ് കുപ്പികൾ ലേലത്തിന് വച്ചത്. "ചെറിയ കുപ്പികളാണ് സാധാരണയായി ലേലത്തിന് വയ്ക്കുന്നത്. ആളുകൾ ഇത് സമ്മാനമായി നൽകാൻ ഇഷ്ടപ്പെടുന്നു. മറ്റ് ചിലർ ഇത് ഓർമ്മക്കായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു" ലേലത്തിന്റെ ഡയറക്ടർ ഇസബെൽ ഗ്രഹാം പറഞ്ഞു. എന്തിനാണ് ഇത്ര വിലയേറിയ ഒരു സമ്മാനം മറ്റൊരാൾക്ക് നൽകുന്നതെന്ന് ചിന്തിച്ചേക്കാം. എന്നാൽ ഇത് വാങ്ങുന്ന ആളുകളുമുണ്ട് എന്നതാണ് വാസ്തവം. അതിലൊന്നായ സ്വീഡിഷ് ദിവ വോഡ്കയുടെ വില ഏഴ് കോടിയിലധികം രൂപയാണ്. രത്ന കല്ലുകൾ, പ്ലാറ്റിനം, സ്വർണം എന്നിവ പതിച്ച കുപ്പികളിലാണ് ഇത് വിൽക്കുന്നത്. അതുപോലെ, കഴിഞ്ഞ വർഷം 72 വർഷം പഴക്കമുള്ള ഒരു കുപ്പി വിസ്കി 40 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.