'സിംഗിൾ മദ‍ർ, മൂന്ന് കുട്ടികളുടെ അമ്മ, ജീവിക്കാനായി യൂബർ ടാക്സി ഓടിക്കുന്നു'; കുറിപ്പ് വൈറൽ

Published : Feb 03, 2026, 12:55 PM IST
Hyderabad Single Mother Uber Drives

Synopsis

ഹൈദരാബാദിൽ യൂബർ ടാക്സി ഓടിച്ച് മൂന്ന് കുട്ടികളെ വളർത്തുന്ന നന്ദിനി എന്ന അമ്മയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു മാധ്യമപ്രവർത്തകൻ പങ്കുവെച്ച ഈ അതിജീവന കഥ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളുടെ പ്രതീകമായി മാറുകയാണ്.

 

ടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വി ടി ഭട്ടതിരിപ്പാട് എഴുതിയത് 1929 -ലാണ്. അതായത് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ്. ഭാവി പ്രവചിച്ച ആ നാടകം ഇന്നും പൂർണ്ണാർത്ഥത്തിൽ യാഥാർത്ഥ്യമായിട്ടില്ലെന്ന് വേണം പറയാൻ. ശൂന്യാകാശത്ത് പോലും, അതും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സാന്നിധ്യം തെളിയിക്കപ്പെട്ട കാലത്തും സ്ത്രീകൾ ചെയ്യുന്ന പല ജോലികളെയും അതിശയത്തോടെയാണ് ഇന്നും ഇന്ത്യയിലെ പൊതു സമൂഹം നോക്കിക്കാണുന്നത്. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായി.

യൂബർ ഓടിക്കുന്ന സ്ത്രീ

ഹൈദരാബാദിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകൻ താന്‍ കയറിയ യൂബർ ടാക്സി ഓടിക്കുന്നത് ഒരു സ്ത്രീയാണെന്നും അവർ തന്‍റെ മൂന്ന് കുട്ടികളെ വളർത്തനായാണ് യൂബർ ടാക്സി ഓടിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ വീഡിയോ സഹിതം പങ്കുവച്ചപ്പോൾ നിരവധി പേരാണ് അതിശയവും അഭിനന്ദനവുമായി രംഗത്തെത്തിയത്. കേന്ദ്ര ബജറ്റ് ചർച്ചകൾക്കിടെ ടെലിവിഷൻ സ്റ്റുഡിയോകൾക്കിടയിൽ ഒരു പതിവ് ടാക്സി യാത്ര അവിസ്മരണീയമായ ഒരു അനുഭവമായി മാറിയതെങ്ങനെയെന്ന് മാധ്യമ പ്രവർത്തകനായ സുരേഷ് കൊച്ചാട്ടിൽ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലെഴുതി. രണ്ട് ഡ്രൈവർമാർ തന്‍റെ യൂബർ ബുക്കിംഗ് റദ്ദാക്കിയ ശേഷം, മൂന്നാമത്തെയാൾ അത് സ്വീകരിച്ചു. ആപ്പിൽ ഒരു സ്ത്രീയുടെ പേര് കണ്ടപ്പോൾ താന്‍ അത്ഭുതപ്പെട്ടെന്നും അദ്ദേഹം എഴുതി.

മുന്ന് കുട്ടികളുടെ അമ്മ

യാത്രയ്ക്കിടെ അവരോട് സംസാരിച്ച അദ്ദേഹം മൂന്ന് കുട്ടികളുടെ അമ്മയായ നന്ദിനി ഒറ്റയ്ക്ക് കുട്ടികളോടൊപ്പം താമസിക്കുകയാണെന്നും അവ‍ർ കുട്ടികളെ വളർത്താനായി മികച്ച അവസരം തേടി ഹൈദരാബാദിലേക്ക് താമസം മാറിയതാണെന്നും കുറിച്ചു. കുടുംബത്തെ പോറ്റാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി അവർ യൂബർ ഓടിക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന ഇക്കാലത്ത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കഠിനാധ്വാനം ചെയ്യുന്ന സ്ത്രീയ്ക്ക് ഒരു ഉദാഹരണമെന്നായിരുന്നു അദ്ദേഹം കുറിച്ചത്. കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേർ നന്ദിനിയെ അഭിനന്ദിച്ച് രംഗത്തെത്തി. സിംഗിൾ മദ‍റിന് ഇന്നും സ്വീകാര്യതയില്ലെന്നും എന്നാൽ നന്ദിനി ഈ ദുഷിച്ച ലോകത്തെ ധൈര്യപൂർവ്വം നേരിടുന്നെന്നും ഒരു കാഴ്ചക്കാരൻ കുറിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, നിങ്ങൾ ഡെലിവറി ചെയ്ത കുട്ടികളാണ് അവ‍ർ'; റെസ്റ്റോറൻറ് ബില്ല് നൽകിയ ദമ്പതികൾ ഡോക്ടറോട്, കുറിപ്പ് വൈറൽ
'വിവാഹം ഒരു അത്യാഹിതമല്ല': വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബോസ്!