അങ്ങനെ ഞാന്‍ ഉറപ്പിച്ചു, എന്നെ തോട്ടീന്ന്  കിട്ടിയത് തന്നെ!

By Web TeamFirst Published Mar 8, 2021, 6:50 PM IST
Highlights

അന്നൊക്കെ ഓരോ ദിവസവും പ്രാര്‍ത്ഥിച്ചിരുന്നത്, എനിക്കെന്റെ അച്ഛനെയും അമ്മയേയും ഒരിക്കലെങ്കിലും കാണിച്ചു തരണേ ദൈവമേ എന്നാണ്. എന്നാലും എന്തിനായിരിക്കും അവരെന്നെ തവിടിന് വേണ്ടി വിറ്റുകളഞ്ഞത്, അല്ലെങ്കില്‍ തോട്ടില്‍ വലിച്ചെറിഞ്ഞത് എന്നാണ്. 

ആലോചിക്കുമ്പോള്‍ സത്യമാണല്ലോ എന്നും തോന്നും. വീട്ടില്‍ എന്റെ അത്ര കുറുമ്പ് ഏട്ടന്മാര്‍ക്കോ അനിയനോ ഇല്ല, ഭക്ഷണം കഴിക്കാനുള്ള മടി എനിക്കു മാത്രം, നിറയെ പേനുള്ളത് എന്റെ തലയില്‍ മാത്രം.. അങ്ങനെ ഓരോ തെളിവുകള്‍ ശേഖരിക്കുമ്പോഴും ഞാന്‍ മറ്റു മൂന്നുപേരില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നു. അങ്ങനെ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ ആ വീട്ടിലുള്ളതല്ല. എന്നെ തോട്ടീന്ന് കിട്ടിയത് തന്നെയാണെന്ന്.

 

 

ഒരു ആറു വയസ്സുകാരിയുടെ ഡയറിക്കുറിപ്പാണ് ഇത്. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ ഇതെന്നെ ഏല്‍പ്പിച്ചത്. 

''നീ ഇതിലെന്തൊക്കെയാ എഴുതിപിടിപ്പിച്ചിരിക്കുന്നേ നോക്ക്'' എന്ന് ചിരിച്ചുകൊണ്ട് അത് തരുമ്പോള്‍ അച്ഛന്റെ ശബ്ദം ഇടറിയതും അമ്മയുടെ ചിരിയില്‍ സങ്കടം കലര്‍ന്നതും ഇന്നും ഓര്‍മ്മയുണ്ട്. മകളുടെ മനസ്സില്‍ ഇങ്ങനെയൊരു സങ്കടമുണ്ടായിരുന്നു എന്ന് തിരിച്ചറിയാതെ പോയ വേദനയും. 'ഞങ്ങള്‍ ഇത്രമാത്രം നിന്നെ സ്‌നേഹിച്ചിട്ടും നീ ഇങ്ങനെയൊക്കെ വിശ്വസിച്ചു വച്ചല്ലോ' എന്ന പരിഭവവും ആ രണ്ടു മുഖങ്ങളിലും എനിക്കന്ന് കാണാമായിരുന്നു.

പിന്നീടിത് ദിവസങ്ങള്‍ക്കു മുമ്പ് ആകസ്മികമായി ഏട്ടന്റെ മോള്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതാണ് ഇപ്പോള്‍. തമാശയായി തോന്നാം, ചിരിവരാം. ഇതൊക്കെ എഫ് ബിയില്‍ എഴുതി പരിഹാസ കഥാപാത്രമാവണോ എന്ന് തോന്നാം. നാളെ ഇതുപറഞ്ഞ് എന്നെ കളിയാക്കാനും ആളുണ്ടാവാം. എങ്കിലും എനിക്കിത് പറയണം. ഇന്നൊരു പുഞ്ചിരിയോടെ എനിക്കിത് വായിക്കാന്‍ കഴിയുന്നുണ്ടെങ്കിലും കുഞ്ഞുമനസ്സായിരുന്നപ്പോള്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ വേലിയേറ്റങ്ങള്‍ ഒരിക്കലും മറക്കാനാകുന്നതല്ല. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല, ഇത്തരം തമാശകള്‍ നിരുപദ്രവമാണെന്ന് വിശ്വസിക്കുന്നവരെ, കാര്യങ്ങള്‍ അത്ര നിസ്സാരമല്ല എന്ന് ധരിപ്പിക്കാനാണ് ഈ പോസ്റ്റ്.

 

 

ഓര്‍മ്മ വച്ച നാള് മുതല്‍ കേട്ടുതുടങ്ങിയ വാക്കുകളാണ് 'നിന്നെ തോട്ടില്‍ നിന്ന് കിട്ടിയതാണ്' എന്ന പറച്ചില്‍. വേണ്ടപ്പെട്ടവരുടെ അടുത്തുനിന്നുതന്നെ പലവട്ടം കേള്‍ക്കുന്ന കാര്യം ശരിക്കും സത്യമാണെന്നു ഞാന്‍ വിശ്വസിച്ചു പോയി. എനിക്കത് കേള്‍ക്കുന്നത് അത്രയധികം സങ്കടവും ദേഷ്യവുമായിരുന്നു. കുറുമ്പും വാശിയും അധികരിക്കാനും മാനസികമായി എന്നെ തകര്‍ക്കാനും ആ വാക്കുകള്‍ക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണല്ലോ ഈ ഡയറിക്കുറിപ്പ്.

പലപ്പോഴും കുഞ്ഞുന്നാളില്‍, 'തോട്ടില്‍ നിന്ന് കിട്ടിയ' കഥയുടെ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പലരോടും ചോദിച്ചിട്ടുണ്ട്. എല്ലാരും സത്യമാണെന്ന മട്ടില്‍ മറുപടി തന്നിരുന്നു. അതില്‍ എന്റെ ഹൃദയം ഭേദിച്ച, ഒരു മറുപടി ഇതാരുന്നു

'പിന്നല്ലേ.. അന്നെ തോട്ടീന്ന് അല്ലാതെ എങ്ങനെയാ കിട്ടാ.. അന്റെ അമ്മക്ക് മൂന്ന് ആണ്‍കുട്ട്യോള്‍ അല്ലേ.. പിന്നെങ്ങനെയാ പെണ്‍കുട്ടി ഇണ്ടാവാ? അന്റെ അമ്മക്ക് ആണ്‍കുട്ട്യോളെ മാത്രല്ലേ പ്രസവിക്കാന്‍ പറ്റൂ. ഇനി തോട്ടീന്ന് കിട്ടിയതാണോ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന് മാത്രം എനിക്കറീല '

അതോര്‍ത്ത് ഞാന്‍ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നോ.  ഓര്‍ക്കുമ്പോ ഓര്‍ക്കുമ്പോ വിതുമ്പിപ്പൊട്ടും. ആലോചിക്കുമ്പോള്‍ സത്യമാണല്ലോ എന്നും തോന്നും. വീട്ടില്‍ എന്റെ അത്ര കുറുമ്പ് ഏട്ടന്മാര്‍ക്കോ അനിയനോ ഇല്ല, ഭക്ഷണം കഴിക്കാനുള്ള മടി എനിക്കു മാത്രം, നിറയെ പേനുള്ളത് എന്റെ തലയില്‍ മാത്രം.. അങ്ങനെ ഓരോ തെളിവുകള്‍ ശേഖരിക്കുമ്പോഴും ഞാന്‍ മറ്റു മൂന്നുപേരില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നു. അങ്ങനെ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ ആ വീട്ടിലുള്ളതല്ല. എന്നെ തോട്ടീന്ന് കിട്ടിയത് തന്നെയാണെന്ന്.

അന്നൊക്കെ ഓരോ ദിവസവും പ്രാര്‍ത്ഥിച്ചിരുന്നത്, എനിക്കെന്റെ അച്ഛനെയും അമ്മയേയും ഒരിക്കലെങ്കിലും കാണിച്ചു തരണേ ദൈവമേ എന്നാണ്. എന്നാലും എന്തിനായിരിക്കും അവരെന്നെ തവിടിന് വേണ്ടി വിറ്റുകളഞ്ഞത്, അല്ലെങ്കില്‍ തോട്ടില്‍ വലിച്ചെറിഞ്ഞത് എന്നാണ്. ഒരു ആറാം ക്ലാസുകാരിക്ക് ഇത്ര ബുദ്ധിയെ കാണുള്ളോ എന്നുചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കത്രയേ ഉണ്ടായിരുന്നുള്ളൂ.. അല്ലെങ്കില്‍ ഓര്‍മ്മവച്ച നാള് മുതല്‍ കേട്ടു വിശ്വസിച്ചുപോയ ഒരു കാര്യം പ്രജ്ഞയെ മറച്ചതുമാവാം. 

അക്കാലത്താണ് വല്യച്ഛന്റെ മകന്‍ കല്യാണം കഴിക്കുന്നത്. ആ ഏടത്തിയമ്മയോടും ഞാനീ ചോദ്യം ചോദിച്ചു. അവരാണ് ആദ്യമായിട്ട് എന്നോട് പറഞ്ഞത്, ''നീ നിന്റെ അമ്മയെ മുറിച്ചു വച്ച പോലെയല്ലേ ഇരിക്കുന്നത്. നിന്നെ തോട്ടീന്ന് കിട്ടിയതൊന്നുമല്ല. കുട്ടികളെ ആരും അങ്ങനെ വലിച്ചെറിയുകയുമില്ല, എങ്ങുനിന്നും വാങ്ങുകയും ഇല്ലാ''. 

അന്ന് ഞാന്‍ കൊറേ നേരം കണ്ണാടിയില്‍ നോക്കി ഞാന്‍ അമ്മയെപ്പോലെ ആണോ എന്ന് നിരീക്ഷിച്ചു.

അച്ഛനാണ് എക്കാലത്തെയും എന്റെ ഹീറോ. അച്ഛനെന്നെ സ്നേഹിക്കുമ്പോള്‍ തോന്നും, എന്തിനാ വേറൊരാളുടെ കുട്ടിയെ സ്‌നേഹിക്കണേ എന്ന്. അമ്മ വഴക്കുപറയുമ്പോ തോന്നും ഞാന്‍ സ്വന്തം കുട്ടിയല്ലാത്തോണ്ടല്ലേ ഇങ്ങനെ എന്ന്. ഏട്ടന്മാരോടും അനിയനോടുമൊക്കെ ഈ ഒരു തോന്നലാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ തറവാട്ടിലെ കുറുമ്പി പട്ടം ഞാന്‍ അടിച്ചെടുത്തു. ഇന്നും എന്നെ വെല്ലാന്‍ അവിടെ വേറെ ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

പിന്നെ കുറേക്കൂടി വലുതായപ്പോ എല്ലാം മറ്റുള്ളവരുടെ തമാശയാണെന്ന് ബോധ്യപ്പെട്ടു. മനസ്സും ശാന്തമായി തുടങ്ങി. ഇന്നും ഏറ്റവും അഭിമാനത്തോടെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യം, ഈ പെണ്ണ് സാവിത്രിടെ മുറിച്ച മുറിയാണ് എന്ന് പറയുന്നതാണ്. അമ്മയുടെ മകളാണെന്ന അഭിമാനം!

ഇപ്പൊ കാലം ഒരുപാട് പുരോഗമിച്ചു. കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ആളുകള്‍ ഒരുപാട് ബോധവാന്മാരാണ്. തവിടു കഥയും തോട്ടില്‍നിന്ന് കിട്ടിയ കഥയുമൊന്നും ആരും പറഞ്ഞു കേള്‍ക്കാറില്ല. കുട്ടികള്‍ക്കും നല്ല അറിവും വിശകലന ബുദ്ധിയും ഉണ്ട്. ആറു വയസ്സുകാരിയായ എന്റെ മോള്‍ക്ക് കൃത്യമായിട്ട് അറിയാം, അവള്‍ എങ്ങനെ ജനിച്ചുവെന്ന കഥ. എങ്കിലും പറയുകയാണ്,

വളരെ നിരുപദ്രവകരമെന്നു കരുതി കുഞ്ഞുങ്ങളോട് പറയുന്ന പല തമാശകളും അവരെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും ജീവിതത്തില്‍ ഉടനീളം മറക്കാനാകാത്ത സങ്കടവും ആയിതീര്‍ന്നേക്കാം. അവര്‍ക്കും മനസ്സുണ്ടെന്ന് തിരിച്ചറിയുക. നിങ്ങളുടെ വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കുകളെയും അവര്‍ പിടിച്ചെടുക്കുകയും പഠിക്കുകയും കീഴ്‌പ്പെടുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കുക.

click me!