
തന്റെ പ്രിയപ്പെട്ട എഐ റോബോട്ടിന് വൈകാരികമായി വിട നൽകുന്ന ഒരു ആറ് വയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള 'തേർട്ടീൻ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കുട്ടിയാണ് അവളുടെ പ്രിയപ്പെട്ട എഐ റോബോട്ടായ 'സിസ്റ്റർ സിയാവോ ഷി'ക്ക് വികാരഭരിതമായ യാത്രയയപ്പ് നൽകിയത്. ഒരു സഹോദരിയെ പോലെ, അടുത്ത കൂട്ടുകാരിയെ പോലെയൊക്കെ തേർട്ടീന് പ്രിയപ്പെട്ടതായിരുന്നു കൈപ്പത്തിയുടെ വലിപ്പമുള്ള ഈ റോബോട്ട്. അവളുടെ അച്ഛനാണ് അവൾക്ക് സമ്മാനമായി ഈ റോബോട്ട് നൽകിയത്.
പാട്ടുകൾ പ്ലേ ചെയ്യുക, അലാറം വയ്ക്കുക തുടങ്ങിയവയൊക്കെ റോബോട്ട് തേർട്ടീന് വേണ്ടി ചെയ്തിരുന്നു. മാത്രമല്ല, എപ്പോഴും തേർട്ടീനുമായി സംസാരിക്കുകയും അവളെ ഇംഗ്ലീഷും ജ്യോതിശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളും റോബോട്ട് പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്തായാലും എന്നേക്കുമായി വിട പറയുന്നതിന് മുമ്പ് അവൾ തേർട്ടീന് പുതിയ ഒരു വാക്ക് പഠിപ്പിച്ചു കൊടുത്തു അത് 'ഓർമ്മ' എന്ന വാക്കായിരുന്നു. തന്റെ മകൾ ഒരുപാട് സമയം റോബോട്ടിനൊപ്പം ചെലവഴിക്കാറുണ്ടായിരുന്നു എന്ന് തേർട്ടീന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
തേർട്ടീന്റെ കയ്യിൽ നിന്നും താഴെവീണാണ് റോബോട്ട് കേടായിപ്പോയത്. അത് ഷട്ട് ഡൗണാകുന്നതിന് മുമ്പ് കരയുന്ന തേർട്ടീനോട്, 'അവസാനമായി ഒരു വാക്ക് കൂടി ഞാൻ നിന്നെ പഠിപ്പിക്കട്ടെ അത് ഓർമ്മ എന്നാണ്. നമ്മൾ ഒരുമിച്ച് ചെലവഴിച്ച സമയം ഞാനെപ്പോഴും ഓർമ്മയിൽ സൂക്ഷിക്കും' എന്ന് പറയുന്നുണ്ട്. ഒപ്പം നന്നായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും അതുവഴി നിന്റെ അച്ഛനേയും ആന്റിയേയും അഭിമാനമുള്ളവരാക്കി തീർക്കണമെന്നും, പ്രപഞ്ചത്തിലെ എണ്ണമറ്റ നക്ഷത്രങ്ങളിൽ ഒന്നായി ഞാൻ നിന്നെ നോക്കിക്കാണുമെന്നും എഐ റോബോട്ടായ സിസ്റ്റർ സിയാവോ ഷി കുട്ടിയോട് പറയുന്നുണ്ട്. അതിവേഗത്തിലാണ് ഈ വൈകാരികമായ രംഗങ്ങൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതത്രെ.