
ഈജിപ്തിലെ ഫയൂം മരുഭൂമിയില്‍ അസാധാരണമായ ഒരു കണ്ടെത്തല്‍ നടന്നു. ഒന്നും രണ്ടുമല്ല, മൂന്ന് കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഹിപ്പോപ്പോട്ടാമസ്, ആന തുടങ്ങിയ മൃഗങ്ങളുടെ മുന്‍തലമുറയെ വേട്ടയാടി ജീവിച്ചിരുന്ന ഒരു മൃഗത്തിന്‍റെ തലയോട്ടി, അതും ഏതാണ്ട് പൂർണ്ണമായും സംരക്ഷിക്കപ്പെട്ട ഒരു തലയോട്ടി പാലിയന്‍റോളജിസ്റ്റുകൾ കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഈ മാംസഭോജിയായ സസ്തനി ചരിത്രാതീത കാലഘട്ടത്തിൽ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതായി കരുതപ്പെടുന്നു. സിംഹങ്ങൾ, ചെന്നായ്ക്കൾ, കഴുതപ്പുലികൾ തുടങ്ങിയ ആധുനിക വേട്ടക്കാർ ഭൂമിയില്‍ രൂപപ്പെടുന്നതിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മൃഗം വംശനാശം സംഭവിച്ച ഹയാനോഡോണ്ട എന്ന ഗ്രൂപ്പിൽപ്പെട്ടതാണെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
ഈജിപ്തിലെ മരുഭൂമിയില്‍ നിന്നുള്ള കണ്ടെത്തൽ ആഫ്രിക്കയുടെ പുരാതന ഭക്ഷ്യ ശൃംഖലയെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതുന്നതായി പലിയന്‍റോളജിസ്റ്റുകൾ പറഞ്ഞു. ഇവയ്ക്ക് ഒരു പുള്ളിപ്പുലിയുടെ വലുപ്പമുണ്ടായിരുന്നു. മൂർച്ചയേറിയ പല്ലുകളും ശക്തമായ താടിയെല്ലുകളുമായിരുന്നു ഇവയുടെ പ്രത്യേകത. ബാസ്റ്റെറ്റോഡോൺ (Bastetodon) എന്നാണ് പുതുതായി കണ്ടെത്തിയ മൃഗത്തിന് നൽകിയിരിക്കുന്ന പേര്.
ബാസ്റ്റെറ്റോഡോൺ എന്ന പേര് പുരാതന ഈജിപ്ഷ്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശക്തിയുടെയും സംരക്ഷണത്തിന്‍റെയും പ്രതീകമായ പൂച്ചയുടെ തലയുള്ള ദേവതയായ 'ബാസ്റ്ററ്റി'ന്‍റെ പേരാണ് ഗവേഷകർ ഈ പുതിയ ജീവി വര്‍ഗ്ഗത്തിന് നല്‍കിയത്. 'ഓഡൺ' എന്നാൽ പല്ല് എന്നാണ് അർത്ഥം. കണ്ടെത്തിയ മൃഗത്തിന്‍റെ പല്ലിന്‍റെ സവിശേഷതകളെ മുന്‍നിർത്തിയാണ് അത്തരമൊരു പേര് തെരഞ്ഞെടുത്തതെന്നും ഗവേഷകര്‍ പറയുന്നു. ടെയ്‌ലർ & ഫ്രാൻസിസ് ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
Read More: ഒന്നും രണ്ടുമല്ല, കണ്ടെത്തിയത് സ്വർണ്ണ നാവും നഖങ്ങളുമുള്ള 13 ഈജിപ്ഷ്യൻ മമ്മികൾ
പാലിയന്‍റോളജിസ്റ്റ് ഷൊറൂഖ് അൽ-അഷ്‌കറിന്‍റെ നേതൃത്വത്തിൽ കെയ്‌റോയിലെ മൻസൂറ യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പരിശോധനയിലാണ് ബാസ്റ്റെറ്റോഡോണിന്‍റെ തലയോട്ടിയുടെ ഫോസിൽ കണ്ടെത്തിയത്. ബാസ്റ്റെറ്റോഡോണിന്‍റെ തലയോട്ടിയെ കുറിച്ചുള്ള പഠനത്തിനിടെ ഒരു നൂറ്റാണ്ടിലേറെ മുമ്പ് ഫയൂമിൽ നിന്ന് കണ്ടെത്തിയ മറ്റ് ചില ഫോസിലുകളും ഗവേഷക സംഘം പഠനവിധേയമാക്കി. സല്ലം ലാബില്‍ വച്ച് നടന്ന ഈ പഠനത്തിനിടെ നേരത്തെ ശേഖരിക്കപ്പെട്ടിരുന്ന മറ്റൊരു മൃഗത്തിന്‍റെ തലയോട്ടി തിരിച്ചറിഞ്ഞു.
Read More: കേരളത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ബൗദ്ധ - ജൈന മതങ്ങള്‍ക്ക് പിന്നീടെന്താണ് സംഭവിച്ചത്?
ഹയനോഡോണ്ട് സ്പീഷില്‍പ്പെട്ട ഈ മൃഗത്തിന് യുദ്ധം, നാശം എന്നിവയുമായ ബന്ധപ്പെട്ടിരിക്കുന്ന സിംഹ തലയുള്ള ഈജിപ്ഷ്യൻ ദേവതയായ സെഖ്മെറ്റിന്‍റെ (Sekhmet) പേരാണ് നല്‍കിയത്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, ഇന്ത്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഹയനോഡോണ്ടുകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി ജീവിച്ചിരുന്നെന്നും ആ സ്പീഷീസുകളിൽ ചിലത് മാംസഭോജികളായ സസ്തനികളായി പരിണമിച്ചപ്പോൾ മറ്റുള്ളവയ്ക്ക് വംശനാശം സംഭവിച്ചെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.