കോടതിമുറിയിൽ സയനൈഡ് കഴിച്ച് വിധിയെ തിരസ്കരിച്ച പടത്തലവൻ; സയനൈഡ് കയ്യിലെത്തിയത് എങ്ങനെ?

By Web TeamFirst Published Oct 6, 2019, 10:28 AM IST
Highlights

സത്യത്തിൽ ജനറൽ ആ പ്രവർത്തിച്ചത് പലർക്കും മനസ്സിലായിരുന്നില്ല ആ നിമിഷം. എന്നാൽ കഴിച്ച് സെക്കന്‍റുകൾക്കകം തന്നെ അദ്ദേഹത്തിന്റെ സിരകളിൽ സയനൈഡ് എന്ന മാരകവിഷം അതിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് ജനറലിനെ വീർപ്പുമുട്ടിച്ചു. ആരോ കഴുത്തിന് കുത്തിപ്പിടിച്ചു പോലെ അദ്ദേഹം കസേരയിൽ കുഴഞ്ഞു കിടപ്പായി. 

ഏറെ നാടകീയമായ ഒരു നിമിഷമായിരുന്നു അത്. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലെ വിചാരണാമുറി. അവിടെ ഒരു വിധിപ്രസ്താവത്തിനു തൊട്ടുപിന്നാലെയുള്ള നിശ്ശബ്ദതയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. യുദ്ധകാലത്ത് കൈക്കൊണ്ട തീരുമാനങ്ങളുടെ പേരിൽ വിചാരണക്ക് വിധേയനായ സ്ലോബോദാൻ പ്രാൽഷാക്ക് എന്ന എഴുപത്തിരണ്ടുകാരൻ ബോസ്‌നിയൻ ക്രോട്ട് ജനറൽ തികഞ്ഞ നിസ്സംഗതയോടെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആ വിധി കേട്ടിരുന്നത്. "നിങ്ങൾ ഒരു യുദ്ധക്കുറ്റവാളിയാണെന്ന് കോടതി വിധിക്കുന്നു. ഇരുപതുവർഷത്തെ കഠിനതടവ് എന്ന മുൻ വിധിയെ, ഈ അപ്പീൽ കോടതി ശരിവെച്ചിരിക്കുന്നു " 
 

 

നേരത്തെ തന്നെ, ഇതേ വിധി കോടതി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ വാദിക്കാനുള്ള പ്രാൽഷാക്കിന്റെ അവസാന അവസരമായിരുന്നു അവിടെ അവസാനിച്ചത്. ഇനി കുറ്റം ലോകത്തിനുമുന്നിൽ സമ്മതിച്ച്, ഒരു കുറ്റവാളിയുടെ പരിവേഷത്തോടെ കൽത്തുറുങ്കിലേക്ക് കടന്നുചെല്ലുക. അതുമാത്രമായിരുന്നു അവശേഷിച്ചിരുന്നത്. എന്നാൽ, ആ വിധി ജനറലിന് സമ്മതമായിരുന്നില്ല. വിധി പ്രസ്താവിച്ച് അടിവരയിട്ട് തന്റെ മുഖത്തേക്ക് നോക്കിയ ജസ്റ്റിസ് കാർമൽ ഏജിയസിനോട്, തികഞ്ഞ അതൃപ്തി മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ജനറൽ പ്രാൽഷാക്ക് ഒരു യുദ്ധക്കുറ്റവാളിയല്ല. ഞാൻ നിങ്ങളുടെ വിധിയെ അവജ്ഞയോടെ തള്ളിക്കളയുന്നു." അതും പറഞ്ഞുകൊണ്ട് ജനറൽ തന്റെ കയ്യിലിരുന്ന കുഞ്ഞുകുപ്പി വായോട് അടുപ്പിച്ചു. തല ചെറുതായൊന്ന് പിന്നിലേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് അദ്ദേഹം ആ കുപ്പിയിലെ ദ്രാവകം കുടിച്ചിറക്കി. എന്നിട്ട്, തികഞ്ഞ ആത്മവിശ്വാസത്തോടെ, ജനറൽ പ്രാൽഷാക്ക് തന്റെ ജീവിതത്തിലെ അവസാനത്തെ വാചകം ഉച്ചരിച്ചു, "ഞാനിതാ വിഷം കഴിച്ചിരിക്കുകയാണ്..." ആ കുപ്പിയിൽ കൊടിയ വിഷമായ പൊട്ടാസ്യം സയനൈഡ് ആയിരുന്നു.

ജസ്റ്റിസ് ഏജിയസ് അസ്തപ്രജ്ഞനായി അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ട് ഇരുന്നുപോയി. "ജഡ്‍ജ്... എന്റെ കക്ഷി പറയുന്നത് അദ്ദേഹം വിഷം കഴിച്ചിരിക്കുകയാണ് എന്നാണ്..." ജനറലിന്റെ അഭിഭാഷക നതാഷാ ഇവാനോവിച്ച് ജനറലിന്റെ വാക്കുകൾ ജഡ്‍ജ് കേട്ടു എന്നുറപ്പിക്കുവാൻ വേണ്ടിയെന്നോണം കൂട്ടിച്ചേർത്തു. പിന്നെയും ഒരു നിമിഷമെടുത്തു ജസ്റ്റിസ് ഏജിയാസിന്റെ മനസ്സാന്നിധ്യം തിരിച്ചുകിട്ടാൻ. പക്ഷേ, അദ്ദേഹത്തിന് അപ്പോഴും കാര്യം മനസ്സിലായില്ല. ജഡ്‍ജ് ജനറലിനോട് ഇരുന്നുകൊള്ളാൻ പറഞ്ഞിട്ട്, അദ്ദേഹത്തിന്റെ കൂടെ കുറ്റം ആരോപിക്കപ്പെട്ട് വിചാരണ നേരിട്ടുകൊണ്ടിരുന്ന അടുത്ത പ്രതിയോട് എഴുന്നേൽക്കാൻ പറഞ്ഞു.

സത്യത്തിൽ ജനറൽ ആ പ്രവർത്തിച്ചത് പലർക്കും മനസ്സിലായിരുന്നില്ല ആ നിമിഷം. എന്നാൽ കഴിച്ച് സെക്കന്‍റുകൾക്കകം തന്നെ അദ്ദേഹത്തിന്റെ സിരകളിൽ സയനൈഡ് എന്ന മാരകവിഷം അതിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. അത് ജനറലിനെ വീർപ്പുമുട്ടിച്ചു. ആരോ കഴുത്തിന് കുത്തിപ്പിടിച്ചു പോലെ അദ്ദേഹം കസേരയിൽ കുഴഞ്ഞു കിടപ്പായി. അപ്പോഴേക്കും അംഗരക്ഷകർ വന്ന് അദ്ദേഹത്തെ തറയിലേക്ക് പിടിച്ചു കിടത്തി.

രണ്ടു മിനിറ്റിനുള്ളിൽ തന്നെ കോടതിയിലെ റെസിഡന്റ് ഡോക്ടർ സ്ഥലത്തെത്തി. പൾസ് പരിശോധിച്ച ഡോക്ടർ പറഞ്ഞു, "ഹൃദയം നിലച്ചുപോയിരിക്കുന്നു". എന്നാലും ഡോക്ടർ പ്രതീക്ഷ കൈവിടാതെ സിപിആർ ചെയ്തുകൊണ്ടിരുന്നു. ഇരുപതു മിനിറ്റെടുത്തു സമീപത്തെ ഹോസ്പിറ്റലിൽ നിന്നുള്ള അടിയന്തരവൈദ്യസഹായ സംഘം സ്ഥലത്തെത്താൻ. നാൽപതു മിനിട്ടിനു ശേഷമാണ് ജനറലിനെ അവിടെ നിന്ന് ആശുപത്രിയിലേക്ക്  മാറ്റിയത്. അവിടെ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ഇവിടെ ഉയരുന്ന ചോദ്യങ്ങൾ പലതുണ്ട്. ആദ്യത്തേത്, ആ സയനൈഡ് നിറച്ച കുപ്പി ജനറലിന് കൈമാറിയത് ആരാണ് എന്നതുതന്നെ. കാരണം, ഒരു കാരണവശാലും അങ്ങനെ ഒരു മാരകവിഷം, ജനറലിന്റെ കൈവശം എത്താൻ ഒരു സാധ്യതയുമില്ല. വിചാരണക്കാലയളവിൽ ജനറലിനെ പാർപ്പിച്ചിരുന്നത് ഒരു ഹൈസെക്യൂരിറ്റി യുഎൻ ഡിറ്റൻഷൻ സെന്ററിൽ ആയിരുന്നു. അവിടെ നിന്ന് കോടതിമുറിയിലേക്ക് കയറ്റുമ്പോഴും, തിരികെ കൊണ്ടുപോകുമ്പോഴും കർശനമായ ദേഹപരിശോധനകളുണ്ട്. അതിൽ ആ കുപ്പി പിടിക്കപ്പെടേണ്ടതായിരുന്നു. ദേഹത്തെ ഒരുവിധം എല്ലാം ഊരി സ്കാനറിൽ ഇട്ട ശേഷം, ബോഡി സ്കാനറിലെ പരിശോധനയും കഴിഞ്ഞാണ് വിധി പ്രസ്താവിച്ച ദിവസവും ജനറൽ അകത്തേക്ക് കടന്നത്. കോടതിപരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അത്തരത്തിൽ ഒരു സ്‍മഗ്ലിങ്ങ് നടന്നതിന്റെ യാതൊരു തെളിവും അന്വേഷണസംഘത്തിന് കിട്ടിയില്ല.

വിചാരണാ നടപടികൾക്ക് തത്സമയ ടിവി കവറേജ് ഉണ്ടായിരുന്നതുകൊണ്ട് ആ ദൃശ്യങ്ങൾ ലൈവായിത്തന്നെ ലോകമെമ്പാടുമുള്ള ജനങ്ങൾ കണ്ടു. ആ ദൃശ്യങ്ങൾ ലോകത്തെ ആകെ പിടിച്ചുലച്ചു.

ആരായിരുന്നു ജനറൽ സ്ലോബോദാൻ പ്രാൽഷാക്ക്?

ഹെർസെഗ്-ബോസ്നിയയിലെ ക്രൊയേഷ്യൻ റിപ്പബ്ലിക്കിലെ ഒരു ക്രോട്ട് ജനറൽ ആയിരുന്നു സ്ലോബോദാൻ പ്രാൽഷാക്ക്. 1945 ജനുവരി 2 -ന് അന്നത്തെ യൂഗോസ്ലാവിയയിൽ ജനനം. രഹസ്യപ്പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. മൂന്നു വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ട്, പ്രാൽഷാക്കിന്. ആദ്യം അദ്ദേഹം ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് തത്വശാസ്ത്രത്തിലും സോഷ്യോളജിയിലുമായി ബിരുദാനന്തരബിരുദം. ഏറ്റവും ഒടുവിൽ സാഗ്രെബിലെ ഡ്രാമാ സ്‌കൂളിൽ നിന്ന് ഡ്രാമാറ്റിക് ആർട്ടിൽ മാസ്റ്റേഴ്സ്.

തന്റെ കരിയറിന്റെ തുടക്കത്തിൽ പ്രാൽഷാക്ക് നിക്കോളാ ടെസ്‌ല വൊക്കേഷണൽ ഹൈ സ്‌കൂളിൽ പ്രൊഫസറായിരുന്നു. അവിടത്തെ ഇലക്ട്രോണിക്സ് ഗവേഷണ ലബോറട്ടറിയുടെ ചുമതലയും അദ്ദേഹത്തിന് തന്നെയായിരുന്നു. പിന്നീട് 1973 വരെ വിവിധ കലാലയങ്ങളിലായി ഫിലോസഫിയും സോഷ്യോളജിയും പഠിപ്പിച്ചു. 1973  തന്റെ അധ്യാപനജീവിതം അവസാനിപ്പിച്ച് പ്രാൽഷാക്ക് ഒരു മുഴുവൻ സമയ ഫ്രീലാൻസ് തിയറ്റർ ആർട്ടിസ്റ്റായി മാറി. നിരവധി ടെലിവിഷൻ ഡ്രാമകളും ഒരു സിനിമയും സംവിധാനം ചെയ്തു.
 

  


1991 -ൽ രാജ്യം സ്വാതന്ത്ര്യത്തിനായുള്ള സായുധപോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയപ്പോൾ, തന്റെ ജീവിതത്തിന്റെ സുഖലോലുപതകൾ വെടിഞ്ഞ് രാഷ്ട്രത്തിനുവേണ്ടി പോരാടാൻ ഒപ്പം ചാടിയതാണ് പ്രാൽഷാക്കും. അന്ന് സ്വയമേവ സൈനിക സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ട കലാകാരനെ രാജ്യമെമ്പാടും നിന്ന് അഭിനന്ദനങ്ങൾ തേടിയെത്തിയിരുന്നു. സായുധവിപ്ലവകാലത്ത് രൂപമെടുത്ത 'ക്രൊയേഷ്യൻ ആംഡ് ഫോഴ്‌സസി'ൽ, കലാരംഗത്തുനിന്ന് വന്നവരെ ഒന്നിച്ചു ചേർത്ത് ഒരു ബ്രിഗേഡ് തന്നെ ജനറൽ പ്രാൽഷാക്ക് കെട്ടിപ്പടുത്തു. 1992 -ലാണ് അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം കിട്ടുന്നത്.

ജനറൽ നേരിട്ട് ആരെയും പീഡിപ്പിച്ചതായോ, കൊന്നതായോ, ബലാത്സംഗം ചെയ്തതായോ ഒന്നുംതന്നെ ഇന്നോളം ആരോപിക്കപ്പെട്ടിട്ടില്ല. എന്നാൽ, സൈന്യത്തിൽ ഉന്നതസ്ഥാനത്തിരിക്കെ, യുദ്ധക്കളത്തിൽ സൈനികർ അത്തരത്തിലുള്ള പല അക്രമങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നറിഞ്ഞിരുന്നിട്ടും അതിനെ തടയാൻ ഒന്നും ചെയ്തില്ല എന്നതായിരുന്നു ജനറൽ പ്രാൽഷാക്കിന് മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റം. ക്രോട്ട്-മുസ്‌ലിം വൈരം നിലനിന്നിരുന്ന മോസ്റ്റാർ മുനിസിപ്പാലിറ്റിയിൽ നടന്ന പല കൊലപാതകങ്ങൾക്കും കാരണം സൈനികരായിരുന്നു. അവിടെ മുസ്‌ലിം ജനതയ്ക്ക് ഏറെ വേണ്ടപ്പെട്ട പല കെട്ടിടങ്ങളും, പാലങ്ങളും തകർക്കുകയും അന്താരാഷ്ട്രസംഘങ്ങളെ ആക്രമിക്കുകയും ഒക്കെ ചെയ്‌തു ക്രോട്ട് സൈന്യം. അതിന്റെ ഉത്തരവാദിത്തവും ഒടുവിൽ ജനറൽ പ്രാൽഷാക്കിനുമോല്‍ ആരോപിക്കപ്പെട്ടിരുന്നു. യുദ്ധം കഴിഞ്ഞ് കുറച്ചുനാൾ ബിസിനസ്സിൽ ഏർപ്പെട്ടു കഴിഞ്ഞ ശേഷമാണ്, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പഴയ യുദ്ധകാല കുറ്റങ്ങൾക്കുമേൽ അന്വേഷണം വരുന്നതും, പ്രാൽഷാക്ക് അടക്കമുള്ള പല മുൻകാല ജനറൽമാരും അന്വേഷണത്തിന്റെ പരിധിയിൽ പെടുന്നതും ഒക്കെ.

'മോസ്റ്റാറിലെ ചരിത്രപ്രധാനമായ, പതിനാറാം നൂറാണ്ടിൽ നിർമിക്കപ്പെട്ട ഓട്ടോമൻ പാലം' 

2004 -ൽ പ്രാൽഷാക്ക് കോടതിക്ക് മുന്നിൽ കീഴടങ്ങി. ജനീവ കൺവെൻഷന്റെയും മറ്റും ലംഘനമടക്കം ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ശരിവെച്ച കോടതി ഇരുപതുവർഷത്തെ കഠിന തടവ് എന്ന ശിക്ഷയും വിധിച്ചു. ആ പ്രാഥമിക വിധിയിന്മേലുളള വിസ്താരം പിന്നീട് പതിമൂന്നു കൊല്ലക്കാലം തുടർന്നു. കുറ്റം നിഷേധിച്ചുകൊണ്ടിരുന്ന ജനറൽ, പോകാവുന്നതിന്റെ പരമാവധി മേൽക്കോടതികളിൽ അപ്പീൽ പോയി.

ആ പതിമൂന്നു വർഷക്കാലവും ജനറലിന്റെ ഭാര്യ മാസത്തിൽ ഒരിക്കൽ അദ്ദേഹത്തെ കാണാൻ വരുമായിരുന്നു. പഴയ ഒരു ആത്മമിത്രത്തിന്റെ പത്നിയെയാണ് അദ്ദേഹം, സുഹൃത്തിന്റെ മരണാന്തരം വിവാഹം ചെയ്തത്. അവരിൽ കുഞ്ഞുങ്ങളുണ്ടായിരുന്നിലെങ്കിലും, ആദ്യവിവാഹത്തിലെ മക്കളെ പ്രാൽഷാക്ക് സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്നു. തന്റെ അവസാനത്തെ വിധി വരുന്നതിന് തൊട്ടുമുന്നത്തെ മാസം മുതൽ പ്രാൽഷാക്ക് അവരോട് ഇനി തന്നെ കാണാൻ വരരുത് എന്ന് പറഞ്ഞു. വിധിവരുന്ന ദിവസം കോടതിമുറിയിൽ വരുന്നതിൽ നിന്നും അവരെ വിലക്കി.

ഒരു പക്ഷേ, തന്റെ അവസാനനാളുകളിൽ, ആസന്നമായ ആ വിധിയ്ക്കും, അതിനോടുള്ള നിരാസത്തിനും മാനസികമായി തയ്യാറെടുക്കുകയായിരുന്നിരിക്കും ജനറൽ. കോടതി ഒരു യുദ്ധകുറ്റവാളി എന്ന് തന്നെ അന്തിമമായി എഴുതുന്നതിന്  തന്റെ പത്നി സാക്ഷ്യം വഹിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നിരിക്കും. വിധിക്കു തൊട്ടുപിന്നാലെ സ്വയം വരിക്കാനിരുന്ന തന്റെ മരണത്തിന് പ്രത്യേകിച്ചും. വിചാരണകാലയളവിൽ തന്നെ ഏകദേശം പതിമൂന്നു വർഷങ്ങൾ തടവിൽ കഴിച്ചുകൂട്ടിയിരുന്ന ജനറലിന്, ആ വിധിക്ക് സമ്മതം മൂളി തടവിലേക്ക് നടന്നു പോയിരുന്നെങ്കിൽ ഒരു പക്ഷേ, ഇതിനോടകം വേണമെങ്കിൽ, ശിക്ഷാപൂർത്തിയാക്കി സ്വന്തം ജീവിതത്തിലേക്ക് മടങ്ങിപ്പോകാമായിരുന്നു. 
 


ജനറലിന്റെ മരണശേഷം, അദ്ദേഹത്തിന്റെ രണ്ടു മക്കളും പ്രാൽഷാക്ക് എന്ന പേര് തങ്ങളുടെ പേരിന്റെ ഭാഗമാക്കി. കോടതിമുറിയിലെ ആ അപ്രതീക്ഷിതമായ ആത്മാഹുതിക്ക്‌ ശേഷം ക്രൊയേഷ്യൻ ജനതയ്ക്കിടയിലും ജനറൽ സ്ലോബോദാൻ പ്രാൽഷാക്കിന് ഒരു രക്തസാക്ഷിയുടെ പരിവേഷമാണ്. മരണാനന്തരം ജനറലിന്റെ ഓർമയ്ക്കായി മോസ്ടാറിൽ മെഴുകുതിരികളും തെളിച്ചുകൊണ്ട് ഒത്തുകൂടിയ ആയിരക്കണക്കിനുവരുന്ന ക്രൊയേഷ്യൻ പൗരാവലി സാക്ഷ്യം പറയുന്നതും അതിനുതന്നെയാണ്. 

click me!