അപൂര്‍വമായ രത്നക്കല്ലുകള്‍ കണ്ടെത്തി, ഖനിത്തൊഴിലാളിയെ തേടിയെത്തിയത് 25 കോടിയോളം രൂപ...

By Web TeamFirst Published Jun 25, 2020, 11:21 AM IST
Highlights

ഏതെങ്കിലും ഖനന കമ്പനികളില്‍ ഔദ്യോഗികമായി ജോലിക്കാരല്ലാത്ത, സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവരുടെ രത്നങ്ങളും സ്വർണവും സർക്കാരിന് വിൽക്കാൻ അനുവദിക്കുന്നതിനായി ടാൻസാനിയ കഴിഞ്ഞ വർഷം രാജ്യത്തുടനീളം വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു.

ലോട്ടറിയടിച്ചും മറ്റും ഒറ്റദിവസം കൊണ്ട് പണക്കാരാവുന്നവരെ നാം കാണാറുണ്ട്. ഇവിടെ ടാന്‍സാനിയയിലെ വളരെ സാധാരണക്കാരനായ ഒരു ഖനിത്തൊഴിലാളിയുടെ ജീവിതവും ഒറ്റദിവസം കൊണ്ട് മാറിമറിഞ്ഞിരിക്കുകയാണ്. പക്ഷേ, ലോട്ടറിയടിച്ചതല്ല, ഒരിക്കലും കണ്ടെത്തിയിട്ടില്ലാത്ത രണ്ട് രത്നക്കല്ലുകള്‍ കണ്ടെത്തി സര്‍ക്കാരിന് കൈമാറിയതാണ്. അത് കൈമാറിയതോടെ 25 കോടിയിലധികം രൂപയാണ് (7.74bn Tanzanian shillings) അദ്ദേഹത്തെ തേടിയെത്തിയത്. സാനിനിയു ലൈസര്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ രത്നക്കല്ലുകള്‍ കണ്ടെത്തിയത്. ഈ ഇരുണ്ട വയലറ്റ്-നീല രത്‌നക്കല്ലുകൾ കണ്ടെത്തിയത് രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ടാൻസാനൈറ്റ് ഖനികളിലൊന്നിലാണ്. പ്രതികരണം ആരാഞ്ഞ ബിബിസി -യോട്, ലഭിച്ച പണംകൊണ്ട് ഒരു സ്‍കൂളും ഒരു ഷോപ്പിംഗ് മാളും തുടങ്ങുമെന്നും സാനിനിയു പറഞ്ഞു. 

''എന്‍റെ വീടിനടുത്ത് ഒരു സ്‍കൂള്‍ തുടങ്ങണമെന്ന് എനിക്കാഗ്രഹമുണ്ട്. ഒരുപാട് പാവപ്പെട്ട കുടുംബങ്ങള്‍ വീടിനടുത്തുണ്ട്. അവര്‍ക്ക് പണമില്ലാത്തതു കാരണം അവരുടെ മക്കളെ സ്‍കൂളിലയക്കാന്‍ സാധിക്കാറില്ല.'' എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല. പക്ഷേ, കാര്യങ്ങളെല്ലാം കൃത്യമായി നടക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതുകൊണ്ട് എന്‍റെ മക്കള്‍ അത് കൃത്യമായി ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

9.27 കിലോഗ്രാമാണ് ആദ്യത്തെ രത്നത്തിന്‍റെ ഭാരം. രണ്ടാമത്തേത് 5.103 കിലോഗ്രാം ആണുള്ളത്. കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിന്റെ ഒരു ചെറിയ വടക്കൻ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു രത്നമാണ് ടാൻസാനൈറ്റ്. “മിറെറാനിയിലെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ടാൻസാനൈറ്റ് രത്‌നക്കല്ലുകൾ തിരിച്ചറിഞ്ഞിരിക്കുന്നു” എന്ന് ഖനന മന്ത്രാലയ സ്ഥിരം സെക്രട്ടറി സൈമൺ മൻസഞ്ചില ടാൻസാനിയയുടെ വടക്കൻ മന്യാര മേഖലയിലെ സിമൻ‌ജിറോ ജില്ലയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.

 ടാൻസാനിയൻ ടെലിവിഷനിൽ, ബാങ്ക് ഓഫ് ടാൻസാനിയ രത്‌നക്കല്ലുകൾ വാങ്ങിയതിനുശേഷം സാനിനിയുവിന് വലിയ ചെക്ക് സമ്മാനിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിവിഷനിൽ അദ്ദേഹത്തെ തത്സമയം അഭിനന്ദിക്കാൻ പ്രസിഡന്‍റ് ജോൺ മാഗുഫുലി ഫോൺ ചെയ്‍തു. “ടാൻസാനിയ സമ്പന്നമാണെന്നതിന്റെ സ്ഥിരീകരണമാണിത്” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും ഖനന കമ്പനികളില്‍ ഔദ്യോഗികമായി ജോലിക്കാരല്ലാത്ത, സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവരുടെ രത്നങ്ങളും സ്വർണവും സർക്കാരിന് വിൽക്കാൻ അനുവദിക്കുന്നതിനായി ടാൻസാനിയ കഴിഞ്ഞ വർഷം രാജ്യത്തുടനീളം വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. അനധികൃത ഖനന, വ്യാപാര പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ മഗ്‌ഫുലി 2018 ഏപ്രിലിൽ വടക്കൻ ടാൻസാനിയയിൽ ടാൻസാനൈറ്റ് ഖനികള്‍ക്ക് ചുറ്റുമുള്ള മതിൽ ഉദ്ഘാടനം ചെയ്‍തിരുന്നു. അവിടെ ഉൽ‌പാദിപ്പിച്ച ടാൻസനൈറ്റിന്‍റെ 40 ശതമാനവും നഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

click me!