
പല സിനിമകളിലും കോടീശ്വരനായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയൊരു സംഭവം നടന്നു. അതും ചൈനയിൽ. തെരുവോരത്ത് താമസിക്കുന്ന ചെന്‍ എന്ന യുവാവ് കോടീശ്വരൻ ചമഞ്ഞ് നിരവധി സ്ത്രീകളെ പറ്റിച്ചു. ധനികനായ നൈറ്റ് ക്ലബ് ഉടമയായി വേഷം മാറി സ്ത്രീകളെ കബളിപ്പിച്ച് തന്‍റെ ആഡംബര ചിലവുകൾക്ക് അയാൾ പണം കണ്ടെത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഷാങ്ഹായ്‌യിലെ പുട്ടുവോ ജില്ലയിലാണ് സംഭവം നടക്കുന്നത്. 36 വയസ്സുള്ള ചെൻ 10 ദിവസത്തിനുള്ളിൽ കുറഞ്ഞത് അഞ്ച് സ്ത്രീകളെയെങ്കിലും പറ്റിച്ച് പണം തട്ടിയെന്നാണ് പോലീസ് പറയുന്നത്. ലിയു ക്വിയാൻ എന്ന സ്ത്രീയെ തന്‍റെ പ്രാദേശിക ഗൈഡായി ചെന്‍ നിയമിച്ചു. 3,500 യുവാൻ (ഏതാണ്ട് 44,000 രൂപ) അവർക്ക് ശമ്പളമായി വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ ജോലി വാഗ്ദാനം ചെയ്തത്. പിറ്റേന്ന് ചെൻ ഒരു കറുത്ത പ്ലാസ്റ്റിക് ബാഗുമായി അവളുടെ വീട്ടിലെത്തി. അതിന് അകത്ത് ഏകദേശം 50,000 (ഏതാണ്ട് 6,30,000 രൂപ) മുതൽ 60,000 യുവാൻ (ഏതാണ്ട് 7,55,000 രൂപ) വരെ പണമുണ്ടെന്ന് അവളെ വിശ്വസിപ്പിച്ചു. ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്ന ഫെങ് ഷൂയി ആവശ്യങ്ങൾക്കായി ഈ പണം അവളുടെ കട്ടിലിനടിയിൽ സൂക്ഷിക്കണമെന്നും പറഞ്ഞു. ചെൻ പോയ സമയത്ത് ലിയു ബാഗ് തുറന്ന് നോക്കിയപ്പോൾ പണം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസിനെ അറിയിക്കുകയും പ്രതി പിടിയിലാവുകയുമായിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ തട്ടിപ്പ് വെളിയില്‍ വന്നത്. ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്യുന്ന ഏജന്‍റ് എന്ന വ്യാജേന ഓൺലൈൻ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ചെൻ സ്ത്രീകളെ ആകർഷിച്ചിരുന്നത്. ഇയാൾ സമ്പന്നനാണെന്ന് തോന്നിപ്പിക്കാൻ വ്യാജ പണം ഉപയോഗിക്കുകയും നൈറ്റ് ക്ലബ് ഉടമയായി അഭിനയിക്കുകയും ചെയ്യും. സ്ത്രീകളെ കൊണ്ട് അത്താഴ വിരുന്നിനും ഷോപ്പിങ്ങിനും പോയ ശേഷം സാധനങ്ങൾ സ്വന്തമാക്കി പണം കൊടുക്കേണ്ട സമയം ആകുമ്പോൾ മുങ്ങുകയാണ് ഇയാളുടെ പതിവ്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ച് ഇയാൾ അടുത്ത ഇരയ്ക്കായി വലവിരിക്കുന്നു. ഇത്തരത്തിൽ ഇയാൾ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടന്നും പോലീസ് കണ്ടെത്തി. ചെന്നിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു