നേരത്തെ കട അടച്ചാല്‍ ജനനനിരക്ക് കുറയും,പാക് മന്ത്രിയുടെ പരാമര്‍ശം, കിളി പോയി നാട്ടുകാര്‍!

By Web TeamFirst Published Jan 10, 2023, 6:28 PM IST
Highlights

രാത്രി 8 മണിക്ക് കടകള്‍ അടയ്ക്കുന്നതും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം എന്നായിരുന്നു മറ്റു ചിലരുടെ സംശയം

ചില സമയങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ അര്‍ത്ഥശൂന്യമായ പ്രസ്താവനകള്‍ നടത്താറുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതോടെ ഇത്തരം വീഡിയോകള്‍ ആളുകളെ ആശയ കുഴപ്പത്തില്‍ ആക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തിയ 'എയറി'ലായിരിക്കുകയാണ് പാക്കിസ്താനിലെ ഒരു മന്ത്രി. 

ജനസംഖ്യ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാക്ക് പ്രതിരോധ മന്ത്രി നടത്തിയ പ്രസംഗം ആണ് വൈറലായത്. പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് ആണ് ജനസംഖ്യ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ വിചിത്രമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

New research, babies can’t be made after 8pm. “There’s no population increase in countries where markets close at 8pm,” defence minister. pic.twitter.com/G5IUAuOYD6

— Naila Inayat (@nailainayat)

രാത്രി 8 മണിക്ക് മാര്‍ക്കറ്റുകള്‍ അടച്ചിടുന്ന സ്ഥലങ്ങളില്‍ ജനനനിരക്ക് കുറവാണ് എന്നാണ് മന്ത്രിയുടെ അഭിപ്രായം. ഇസ്ലാമാബാദില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.  എന്താണ് ഈ പരാമര്‍ശം കൊണ്ട് ഉദ്ദേശിച്ചതെന്ന് മന്ത്രിക്ക് പിന്നീട് വ്യക്തമാക്കാനും കഴിഞ്ഞില്ല. 

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പത്രസമ്മേളനത്തിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ് ഇപ്പോള്‍. 'പുതിയ ഗവേഷണം, രാത്രി 8 മണിക്ക് ശേഷം കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ കഴിയില്ല. രാത്രി 8 മണിക്ക് വിപണി അടയുന്ന രാജ്യങ്ങളില്‍ ജനസംഖ്യാ വര്‍ധനയില്ലെന്ന് പ്രതിരോധ മന്ത്രി' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം ആളുകളുടെയും പരാതി. രാത്രി 8 മണിക്ക് കടകള്‍ അടയ്ക്കുന്നതും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതും തമ്മില്‍ എന്താണ് ബന്ധം എന്നായിരുന്നു മറ്റു ചിലരുടെ സംശയം. ഇനി എട്ടുമണിക്ക് ശേഷം കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ലേ  എന്നും ചിലര്‍ ചോദിച്ചു. എന്തായാലും വലിയ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ പാക് മന്ത്രിയുടെ  പരാമര്‍ശത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നത് പാക്കിസ്ഥാനില്‍ നിന്നും ഇതാദ്യമായല്ല . 2022 ജൂലൈയില്‍, കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ പാകിസ്ഥാന്‍ വിട്ട് പോയി മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലെ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമായ അബ്ദുള്‍ ഖാദര്‍ പട്ടേല്‍ നിര്‍ദ്ദേശിച്ചത് വിവാദമായിരുന്നു. 

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാകിസ്ഥാന്‍ . പാക്കിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നതില്‍ ഈ ജനസംഖ്യ വളര്‍ച്ചയ്ക്ക് വലിയ പങ്കുണ്ട്. ലോക ജനസംഖ്യാ അവലോകന റിപ്പോര്‍ട്ട്  പ്രകാരം ചൈന, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പാക്കിസ്ഥാനിലാണ് ഏറ്റവും ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക്.

click me!