
കർണാടകയിലെ പരമ്പരാഗത ഹിന്ദു ഉത്സവമായ ദീപാവലിയുടെ അവസാനം ഗ്രാമവാസികൾ പരസ്പരം ചാണകം ആഘോഷത്തില്‍ പങ്കെടുത്ത് മോശം കമന്‍റോടെ വീഡിയോ പങ്കുവച്ച യുഎസ് യൂട്യാബർക്കെതിരെ രൂക്ഷ വിമർശനം. കർണാടകയിലെ ഗുമതപുര ഗ്രാമത്തിലെ ഗോരെഹബ്ബ ഉത്സവത്തിൽ പങ്കെടുക്കുകയും തന്‍റെ അനുഭവം വളരെ മോശം വാക്കുകളിലൂടെ രേഖപ്പെടുത്തുകയും ചെയ്തു ഉള്ളടക്ക സൃഷ്ടാവായ ടൈലർ ഒലിവേരയുടെ വിസ റദ്ദാക്കണമെന്നാണ് സമൂഹ മാധ്യമ ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
പശുവിന്‍റെ ചാണകത്തിൽ നിന്ന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഗ്രാമദേവതയായ ബീരേശ്വര സ്വാമിയെ ആദരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രാദേശിക ആചാമാണ് ഗോരെഹബ്ബ ഉത്സവം. ആഘോഷത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടയാളമായി കണക്കാക്കുന്ന ഈ ഉത്സവത്തില്‍ ആളുകൾ പരസ്പരം ചാണകം വാരി എറിയുന്നു. വലിയ വിശ്വാസത്തോടെയാണ് ആളുകൾ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നത്. എന്നാൽ, "ഇന്ത്യയ്ക്കുള്ളിൽ മലമൂത്ര വിസർജ്ജന ഉത്സവം" എന്ന തലക്കെട്ടോടെയാണ് ഒലിവേര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വിശ്വാസികളെ അസ്വസ്ഥരാക്കി. ഒലിവേര തങ്ങളുടെ ഒരു മതപാരമ്പര്യത്തെ ബഹുമാനപൂർവ്വം കാണിക്കുന്നതിന് പകരം പരിഹസിച്ചുവെന്ന് അവര്‍ ആരോപിച്ചു.
ഒക്ടോബർ 23 നാണ് ടൈലർ ഒലിവേര ഗോരെഹബ്ബ ഉത്സവത്തിന്‍റെ വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ശരീരം മുഴുവനും മൂടുന്ന പ്ലാസ്റ്റിക് കോട്ട് ഇട്ടാണ് ഒലിവേര പങ്കെടുക്കുന്നത്. എന്നാല്‍ അയാൾ കരുതിയതിനേക്കാൾ ഭീകരമായിരുന്നു അനുഭവം. തലങ്ങും വിലങ്ങും എറിയും ചാണകങ്ങളില്‍പ്പെട്ട് അയാൾ ഭയന്ന് പോകുന്നു. ഒടുവില്‍ തനിക്ക് ഇവിടെ നിന്നും രക്ഷപ്പെടണമെന്ന് പറയുമ്പോൾ ജനങ്ങൾ തന്നെയാണ് അയാളെ പുറത്തേക്ക് വിടുന്നതും. എന്നാല്‍ പിന്നീട് ഇയാൾ ഈ വീഡിയോ മോശം കുറിപ്പോടെ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ വിശ്വാസികൾ ഒലിവേരയ്ക്കെതിരെ തിരിഞ്ഞു.
ഇന്ത്യയിലേക്ക് വരൂ - ഒരു വിദൂര പ്രദേശത്ത് എവിടെയെങ്കിലും ഒറ്റപ്പെട്ട ഒരു പരിപാടി കണ്ടെത്തുക - ഒരു വീഡിയോ നിർമ്മിക്കുക - എല്ലാ ഇന്ത്യൻ തെരുവുകളും ഒരുപോലെയാണെന്ന് തോന്നിപ്പിക്കുക. ഇന്ത്യയ്ക്ക് ധാരാളം പ്രശ്‌നങ്ങളുണ്ട്, തിരുത്താൻ ധാരാളം കാര്യങ്ങളുണ്ട്, പക്ഷേ പണവും കാഴ്ചകളും സമ്പാദിക്കാൻ വേണ്ടി കൂടുതൽ ആഗോള വിദ്വേഷം വളർത്താൻ വരുന്ന ഈ ഗോറകളെ ഒരിക്കലും അനുവദിക്കരുത്. ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തുകയും വിസ റദ്ദാക്കുകയും വേണമെന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. സഹോദരാ, നീ എന്തിനാണ് അതിൽ പങ്കെടുത്തത്? എന്നിട്ട് എല്ലാം പകർത്തി പോസ്റ്റ് ചെയ്തു, ഇപ്പോൾ വീണ്ടും ലോകത്തിന്‍റെ സഹതാപം നേടാൻ വേണ്ടി ശ്രമിക്കുന്നു. എന്തിനാണ് നീ നമ്മുടെ രാജ്യത്തിന്‍റെ പേര് നശിപ്പിക്കുന്നത്? ആരും നിന്നെ അതിൽ പങ്കെടുക്കാൻ നിർബന്ധിച്ചില്ലല്ലോയെന്നായിരുന്നു മറ്റൊരാൾ എഴുതിയത്.