
ഹരിദ്വാറിലെ കാങ്കൽ ബൈരാഗി ക്യാമ്പിലെ ലക്കർ ബസ്തി പ്രദേശത്ത് നിന്നും കണ്ടെത്തിയ 12 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി മാറ്റാനുള്ള ശ്രമത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. പാമ്പു പിടിത്തക്കാരുടെ അനുഭവ പരിചയം കൂടി പരിഗണിച്ചായിരിക്കണം രാജവെമ്പാലയെ പോലുള്ള കൂടുതൽ അപകടകാരികളായ പാമ്പുകളെ പിടിക്കാനായി അയയ്ക്കേണ്ടതെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. വലിയൊരു ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയുള്ള പാമ്പ് പടിത്തത്തെയും സമൂഹ മാധ്യമ ഉപഭോക്താക്കൾ രൂക്ഷമായി വിമർശിച്ചു.
വളരെ വേഗത്തിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് 11 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോ ഹരിദ്വാറുകാരെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും ഒരു പോലെ അമ്പരപ്പിച്ചു. ലക്കർ ബസ്തിയിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടർന്ന് വനംവകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം (ക്യുആർടി) ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാല്‍ അത്ര എളുപ്പം വഴങ്ങിക്കൊടുക്കാന്‍ പാമ്പ് തയ്യാറല്ലായിരുന്നു. സമീപത്തെ പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ അവന്‍ പലതവണ ശ്രമിച്ചു. ഓരോ ശ്രമവും ക്യൂആര്‍ടി സംഘം പരാജയപ്പെടുത്തി. അപ്പോഴൊക്കെ പാമ്പ് സംഘാംഗങ്ങള അക്രമിക്കാനായി ഉയർന്ന് ചാടി അടുത്തു. പലപ്പോഴും തലനാരിഴയ്കക്കാണ് അദ്ദേഹം പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടിയപ്പോൾ എല്ലാവര്‍ക്കും ആശ്വാസം.
പിടികൂടിയ രാജവെമ്പാലയെ അതിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചതായി അധികൃതർ അറിയിച്ചു. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ രാജവെമ്പാലയെ പോലുള്ള കൂടുതല്‍ വിഷമുള്ള പാമ്പുകളെ പിടികൂടാന്‍ കൂടുതല്‍ അനുഭവ പരിചയമുള്ള ആളുകളെ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. അതുപോലെ തന്നെ രാജവെമ്പാലയെ പിടിക്കുമ്പോൾ കുറച്ച് കൂടി ക്ഷമയും പങ്ക്വതയും കാണിക്കണമെന്നും മറ്റ് ചിലരെഴുതി. അതേസമയം മറ്റ് ചിലര്‍ ക്യൂആര്‍ടി സംഘം ഏറെ കഷ്ടപ്പെട്ടാണ് പാമ്പിനെ പിടികൂടിയതെന്നും അവർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും കുറിച്ചു.