വീല്‍ച്ചെയറില്‍ അമ്മയുടെ മൃതദേഹവുമായി ശ്മാശാനത്തിലേക്ക് എത്തിയ മകന്‍!

By Web TeamFirst Published Sep 9, 2022, 7:27 PM IST
Highlights

സോറിയാസിസ് ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന അമ്മയുടെ മൃതദേഹം എടുക്കാന്‍ ആരെയും കിട്ടില്ല എന്നു കരുതിയാണ് മകന്‍ മൃതദേഹം വീല്‍ ചെയറില്‍ ശ്മശാനത്തിലേക്ക് കൊണ്ടു വന്നത്.

അതിരാവിലെയാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള പൊതു ശ്മശാനത്തിലേക്ക് വീല്‍ചെയര്‍ ഉന്തി ആ മധ്യവയസ്‌കന്‍ എത്തിയത്.  വീല്‍ ചെയറില്‍ തുണികളില്‍ മൂടിയ നിലയില്‍ ഒരു മൃതദേഹമായിരുന്നു. 84-ാം വയസ്സില്‍ മരിച്ച അമ്മയുടെ മൃതദേഹം. സോറിയാസിസ് ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന അമ്മയുടെ മൃതദേഹം എടുക്കാന്‍ ആരെയും കിട്ടില്ല എന്നു കരുതിയാണ് മകന്‍ മൃതദേഹം വീല്‍ ചെയറില്‍ ശ്മശാനത്തിലേക്ക് കൊണ്ടു വന്നത്. എന്നാല്‍, ശ്മശാനം നടത്തിപ്പുകാരും ചില സന്നദ്ധ സംഘടനകളും അധികൃതരുമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍,അധികം വൈകാതെ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. 

തിരുച്ചിറപ്പള്ളി ലയണ്‍സ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിലാണ് സംഭവം നടന്നത്. മണപ്പാറൈയിലുള്ള ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന 60-കാരനായ മുരുകാനന്ദന്‍ എന്ന ഇലക്ട്രീഷ്യനാണ് അമ്മയുടെ മൃതദേഹവുമായി വീല്‍ ചെയറില്‍ എത്തിയത്. ദീര്‍ഘനാളായി ചര്‍മ്മരോഗം അനുഭവിക്കുന്ന 84-കാരിയായ അമ്മ രാജേശ്വരിയുടെ മൃതദേഹമാണ് വീല്‍ ചെയറിലാക്കി ഇയാള്‍ കൊണ്ടുവന്നത്. ചര്‍മ്മ രോഗം കലശാലായ അമ്മയെ ശ്മശാനത്തില്‍ എത്തിക്കാന്‍ നാട്ടുകാരാരും തയ്യാറാവില്ലെന്ന് കരുതിയാണ് മൃതദേഹം വീല്‍ ചെയറിലാക്കി ഒറ്റയ്ക്ക് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. 

പുലര്‍ച്ചെ നാലു മണിയോടെയാണ് അമ്മ മരിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് കൊണ്ടു വന്നതായിരുന്നു. വീട്ടില്‍ വെച്ച് അര്‍ദ്ധരാത്രി അമ്മയ്ക്ക് അസുഖം കലശലായി. 90 വയസ്സുള്ള പിതാവ് മാത്രമാണ് വീട്ടിലുള്ളത്. സഹോദരങ്ങള്‍ ബംഗലുരുവിലും മറ്റുമായാണ് താമസിക്കുന്നത്. അവരാരെയും കിട്ടില്ല എന്നുറപ്പായതോടെ അമ്മയുടെ മൃതദേഹം നേരിട്ട് വീല്‍ചെയറിലാക്കി കൊണ്ടു വരികയായിരുന്നു. 

അതിരാവിലെ, ശ്മശാനത്തിനടുത്ത് താമസിക്കുന്ന ചായക്കടക്കാരനാണ് ഒരാള്‍ വീല്‍ ചെയറില്‍ മൃതദേഹവുമായി ശ്മശാനത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്നതായി അറിയിച്ചതെന്ന് ശ്മശാന നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ലയണ്‍സ് ക്ലബ് ഭാരവാഹിയായ ശ്രീധര്‍ മാധ്യമങ്ങളോട് പറഞ്ഞു.  വിവരമറിഞ്ഞ് പാഞ്ഞെത്തിയ താന്‍ വീല്‍ ചെയറില്‍ കിടക്കുന്ന മൃതദേഹം കണ്ട് ഭയന്നു പോയതായി അദ്ദേഹം പറഞ്ഞു. ആശുപ്രതിയില്‍നിന്നുള്ള മരണ സര്‍ടിഫിക്കറ്റു പരിശോധിച്ചശേഷം സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു. അമ്മയെ ചികില്‍സിച്ച ഡോക്ടറുമായും ഇക്കാര്യം സംസാരിച്ച് ഉറപ്പുവരുത്തി. ചടങ്ങുകള്‍ക്കു വേണ്ട മുരുകാനന്ദിന്റെ കൈയില്‍ ഇല്ലാത്തതിനാല്‍ ഇതിനുള്ള ചെലവുകള്‍ സന്നദ്ധ സംഘടനകള്‍ വഹിക്കുകയാണ് ചെയ്തത്. 
 

click me!