
ഏ മേരെ വതൻ കെ ലോഗോ..
സറാ ആംഖോം മേം ഭർ ലോ പാനി,
ജോ ശഹീദ് ഹുവേ ഹേ ഉൻകി
സറാ യാദ് കരോ കുർബാനീ..
ഈ പാട്ട് കേട്ടിട്ടില്ലാത്തവർ ചുരുക്കമാവും. ലതാ മങ്കേഷ്കറുടെ വിഷാദമധുരസ്വരത്തിൽ ഈ പാട്ടു കേട്ടിട്ടുള്ളവരിൽ അത് ചെലുത്തിയ സ്വാധീനം ചെറുതൊന്നുമാവില്ല. അതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്,
ഈ ദേശത്ത് അധിവസിക്കുന്നോരേ...
നിങ്ങളുടെ കൺകളിൽ നിങ്ങൾ
ഒരിറ്റു കണ്ണുനീർ നിറയ്ക്കുക..
മാതൃരാജ്യത്തിനായി
പ്രാണൻ വെടിഞ്ഞോരെ
നിങ്ങളൊന്നോർക്കുക..
1962 -ൽ നടന്ന ഇന്തോ-ചൈനാ യുദ്ധത്തിന് തൊട്ടു പിന്നാലെയാണ് കവി പ്രദീപ് ഈ വൈകാരികമായ ഗാനം രചിച്ചത്. ആ യുദ്ധത്തിൽ ഇന്ത്യ തോറ്റിരുന്നു. ആ തോൽവിയുടെ ക്ഷതങ്ങളിൽ നിന്നും ഇന്ത്യൻ ജനത മോചിതമായിക്കൊണ്ടിരുന്ന കാലത്ത്, യുദ്ധത്തിൽ പിറന്നുവീണ നാടിനുവേണ്ടി ജീവത്യാഗം ചെയ്ത പട്ടാളക്കാരെ ഓർത്തെങ്കിലും നമ്മൾ ഇനി ഒന്നിച്ചു നിൽക്കണം എന്നായിരുന്നു പാട്ടിലൂടെ കവി ആഹ്വാനം ചെയ്തത്.
സംഗീത സംവിധായകൻ സി രാമചന്ദ്രയെ അത് ചിട്ടപ്പെടുത്താനേൽപ്പിച്ചു
ഈ പാട്ടെഴുതിയതിന്റെ പിന്നിൽ, അതിന് ഈണമിട്ട് ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയസ്പന്ദനമാക്കി അതിനെ മാറ്റിയതിന് പിന്നിൽ അപൂർവ്വസുന്ദരമായൊരു കഥയുണ്ട്. അതിൽ കവി പ്രദീപിന് കാര്യമായ റോളുമുണ്ട്.
രാമചന്ദ്ര നാരായൺജി ദ്വിവേദി എന്ന 'കവി പ്രദീപ്' യുദ്ധം നടക്കുന്ന കാലത്തുതന്നെ പ്രഖ്യാതനായൊരു ഗാനരചയിതാവായിരുന്നു. അദ്ദേഹമെഴുതിയ പാട്ടുകൾ പലതും ഇന്ത്യയിലെ കലാപ്രേമികൾ പാടിനടന്നിരുന്നു. അങ്ങനെയിരിക്കെയാണ് 1962 -ലെ യുദ്ധം നടക്കുന്നതും അതിന്റെ കെടുതികളിൽ രാജ്യം അസ്വസ്ഥമാവുന്നതും. യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ സൈനികർ വീരചരമമടഞ്ഞു. അക്കൂട്ടത്തിൽ ഒരു രക്തസാക്ഷിയായിരുന്നു പരം വീർ ചക്ര മേജർ ഷെയ്താൻ സിംഗ് ഭാട്ടി. അദ്ദേഹത്തിന്റെ ധീരമായ പോരാട്ടമാണ് കവി പ്രദീപിനെ ഈ പാട്ടെഴുതാൻ പ്രേരിപ്പിച്ചത്.
മാഹിമിലെ ഒരു കടലോരത്തുകൂടി നടന്നുപോകവെയാണ് ഈ പാട്ടിലെ വരികൾ കവി പ്രദീപിന്റെ ഹൃദയത്തിലേക്ക് ഒരു വിസ്ഫോടനം പോലെ കടന്നുവരുന്നത്. ആ വഴി നടന്നുവന്ന ഒരാളിൽ നിന്നും പേന കടം വാങ്ങി, തന്റെ സിഗററ്റുകൂടിന്റെ പിറകിലാണ് ആ പാട്ടിന്റെ പല്ലവി അദ്ദേഹം ആദ്യം കുറിച്ചിടുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രൊഡ്യൂസർ മെഹ്ബൂബ് ഖാൻ കവിപ്രദീപിനെ സമീപിച്ച് നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ പോവുന്ന ഒരു യുദ്ധാനന്തര ഫണ്ട് റൈസർ പരിപാടിക്ക് പാടാനായി ഒരു ദേശഭക്തി-സൈനിക സ്നേഹ പാട്ടെഴുതാൻ ആവശ്യപ്പെടുന്നത്. പ്രദീപ് സമ്മതിച്ചു.
അദ്ദേഹം ആ പല്ലവിയെ വികസിപ്പിച്ച് പാട്ട് പൂർണരൂപത്തിൽ എഴുതിത്തീർത്തു. എന്നിട്ട് സംഗീത സംവിധായകൻ സി രാമചന്ദ്രയെ അത് ചിട്ടപ്പെടുത്താനേൽപ്പിച്ചു. പാടാനായി ലതാ മങ്കേഷ്‌കറെയും ഏർപ്പാടാക്കി. പക്ഷേ, ആ പാട്ടിന്റെ പ്രാക്ടീസ് സമയത്ത് ലതയും രാമചന്ദ്രയും തമ്മിൽ തെറ്റുന്നു. ലതാ മങ്കേഷ്‌കർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുന്നു. രാമചന്ദ്ര ലതയ്ക്കു പകരം അനിയത്തി ആശാ ഭോസ്ലേയെ കൊണ്ടുവരാം എന്ന് കവി പ്രദീപിനെ ആശ്വസിപ്പിച്ചു. പക്ഷേ, അദ്ദേഹം കടുംപിടുത്തത്തിലായിരുന്നു. ലതയല്ലാതെ മറ്റാരെയും ആ പാട്ടിന്റെ കാര്യത്തിൽ ആലോചിക്കുകയേ വേണ്ട എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ലതാ മങ്കേഷ്കറുടെ ശബ്ദത്തിനു മാത്രമേ ആ പാട്ടിനോട് നീതിപുലർത്താനാവൂ എന്നായിരുന്നു പ്രദീപിന്റെ അഭിപ്രായം.
അദ്ദേഹം പിണങ്ങിയിരിക്കുന്ന ലതയെ അനുനയിപ്പിക്കാൻ വീട്ടിൽ ചെന്നുകണ്ടു. അവരെ ആ പാട്ട് മുഴുവനും പേടിക്കേൾപ്പിച്ചു. പാട്ടിന്റെ വൈകാരിക ശക്തിയിൽ ലയിച്ചിരുന്നുപോയി ലതാജി. ഒടുവിൽ ആ പാട്ട് താൻ തന്നെ പാടാമെന്ന് അവർ സമ്മതിച്ചു. ഒരൊറ്റ കണ്ടീഷൻ മാത്രം, എല്ലാ റിഹേഴ്‌സലിലും കവി പ്രദീപും കൂടെയുണ്ടാവണം.
അവിടെ നിന്നും നേരെ കട്ട് ചെയ്യുന്നത് ഒരു ചരിത്രസംഭവത്തിലേക്കാണ്. 27 ജനുവരി 1963, ഈ പാട്ട് ആദ്യമായി ലതാ മങ്കേഷ്‌കർ ലൈവ് പാടുന്നു. ദില്ലിയിലെ നാഷണൽ സ്റ്റേഡിയമാണ് വേദി. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ആ ആലാപനവും. സാക്ഷ്യം വഹിക്കാൻ സാക്ഷാൽ നെഹ്‌റുവെത്തി. ഹൃദയമലിയിക്കുന്ന ആ ആലാപനം കേട്ട് നെഹ്‌റു അന്ന് കണ്ണീർ പൊഴിച്ചു.
അതിന്റെ ഒരു കയ്യെഴുത്തു പ്രതിയും അന്നദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി
രണ്ടുമാസം കഴിഞ്ഞ് ഇതേ ഗാനം ഒരു സ്‌കൂൾ വാർഷികത്തിൽ വെച്ച് കവി പ്രദീപ്, നെഹ്രുവിന്റെ സാന്നിധ്യത്തിൽ നേരിട്ട് പാടി. അതിന്റെ ഒരു കയ്യെഴുത്തു പ്രതിയും അന്നദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. അഞ്ചുപതിറ്റാണ്ടുകാലത്തെ തന്റെ ഗാനരചനാ സപര്യയിൽ കവി പ്രദീപ് 1700 -ലധികം പാട്ടുകളെഴുതിയിട്ടുണ്ടെങ്കിലും ഈ പാട്ട് അദ്ദേഹത്തെ അനശ്വരനാക്കി.
ഇന്നും എല്ലാ പട്ടാള ചടങ്ങുകളിലും മുടങ്ങാതെ കേൾക്കുന്ന ഒരു പാട്ടാണ് 'ഏ മേരെ വതൻ കെ ലോഗോം..'