കാലുകള്‍ അടച്ചുവെച്ച് പുസ്തകം തുറക്കൂ, പെണ്‍കുട്ടികളോട് മന്ത്രി നടത്തിയ പ്രസംഗം വിവാദമായി

By Web TeamFirst Published Jan 17, 2022, 4:36 PM IST
Highlights

'കാലകത്തി വെക്കുകയല്ല, പുസ്തകം തുറക്കുകയാണ് വേണ്ടത്' എന്നായിരുന്നു പെണ്‍കുട്ടികളോട് മന്ത്രി പറഞ്ഞത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റുമായി മുതിര്‍ന്നവര്‍ക്ക് കിടന്നുകൊടുക്കാന്‍ പോവരുതെന്നും പെണ്‍കുട്ടികളോട മന്ത്രി ആവശ്യപ്പെട്ടു. 


പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക  പരാമര്‍ശം നടത്തിയ ദക്ഷിണാഫ്രിക്കന്‍ വനിതാ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനം. സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മന്ത്രി പെണ്‍കുട്ടികളോട് സംസാരിച്ചത്. 'കാലകത്തി വെക്കുകയല്ല, പുസ്തകം തുറക്കുകയാണ് വേണ്ടത്' എന്നായിരുന്നു പെണ്‍കുട്ടികളോട് മന്ത്രി പറഞ്ഞത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റുമായി മുതിര്‍ന്നവര്‍ക്ക് കിടന്നുകൊടുക്കാന്‍ പോവരുതെന്നും പെണ്‍കുട്ടികളോട മന്ത്രി ആവശ്യപ്പെട്ടു. കുട്ടികള്‍ക്കിടയിലെ ഗര്‍ഭധാരണത്തിന് എതിരായ പ്രചാരണങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ ദക്ഷിണാഫ്രിക്കന്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷവും മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ രംഗത്തുവന്നു. എന്നാല്‍,  തന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നുമില്ലെന്ന വാദവുമായി മന്ത്രിയും രംഗത്തുവന്നു. 

ലിംപോപോ പ്രവിശ്യയിലെ ആരോഗ്യമന്ത്രിയായ ഫോഫി രാമതുബയാണ് സെഗാഗാപെങ് നഗരത്തിലെ വെനാനെ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്ത് ഇങ്ങനെ സംസാരിച്ചത്. 

 

ദക്ഷിണാഫ്രിക്കയിലെ നീറുന്ന സാമൂഹ്യ പ്രശ്‌നമാണ് കുട്ടികള്‍ക്കെതിരായ വ്യാപക ലൈംഗിക ചൂഷണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ഗര്‍ഭധാരണവും പ്രസവവും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. 2020-ല്‍ മാത്രം 17 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥിനികളില്‍ 33,400 പേരാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്. സ്‌കള്‍ കുട്ടികളെ സമ്മാനങ്ങള്‍ നല്‍കി മുതിര്‍ന്നവര്‍ വശത്താക്കി ലൈംഗിക ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്, സ്വന്തം മണ്ഡലത്തിലെ സ്‌കൂളിലെത്തിയ മന്ത്രിയുടെ പ്രസംഗം ചര്‍ച്ചയായത്. 

കാലുകള്‍ അകത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ലൈംഗിക ചുവയോടെ മന്ത്രി പറഞ്ഞത്. കാലുകള്‍ അടച്ചുവെച്ച് പുസ്തകങ്ങള്‍ തുറക്കുകയാണ് ചെയ്യേണ്ടത് എന്നാണ് പെണ്‍കുട്ടികളോട് തനിക്ക് പറയാനുള്ളത് എന്നാണ് മന്ത്രി പറഞ്ഞത്. പഞ്ചാരക്കുട്ടപ്പന്‍മാരായ അപ്പാപ്പന്‍മാര്‍ സ്മാര്‍ട്ട് ഫോണും മറ്റ് സമ്മാനങ്ങളുമായി വരുമ്പോള്‍ കാലുകള്‍ അകത്താന്‍ സമ്മതിക്കരുത്. ആ സ്മാര്‍ട്ട് ഫോണിനോടൊപ്പം മാരകരോഗങ്ങള്‍ കൂടിയാണ് അവര്‍ തരികയെന്നും എയ്ഡ്‌സ് വ്യാപനത്തെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു. 

 

 

മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നതോടെയാണ് വിവാദം വളര്‍ന്നത്. കൊച്ചുകുട്ടികളടക്കമുള്ള സദസ്സിനോട് മന്ത്രി നടത്തിയ പ്രസംഗം അശ്ലീലമാണെന്നും മന്ത്രി പെണ്‍കുട്ടികളോട് മാപ്പുപറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു. പെണ്‍കുട്ടികളോടു മാത്രമുള്ള സദാചാരപ്രസംഗം എന്ത് ഗുണമാണ് ചെയ്യുകയെന്ന ചോദ്യവും ഉയര്‍ന്നു. കുട്ടികളോട് സംസാരിക്കേണ്ട ഭാഷ ഇതല്ലെന്നും മന്ത്രിക്കാണ് ലൈംഗിക വിദ്യാഭ്യാസം നല്‍കണ്ടേതെന്നും അഭിപ്രായമുയര്‍ന്നു. കുട്ടികളോട് വൃത്തികെട്ട ഭാഷയില്‍ സംസാരിച്ച മന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആവശ്യപ്പെട്ടു.

എന്നാല്‍, മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളോട് പറഞ്ഞ കാര്യത്തില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ അതിനെ പോസിറ്റീവായാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികളോട് മാത്രമായിരുന്നില്ല ആ പരാമര്‍ശങ്ങള്‍. ആണ്‍കുട്ടികളോടു കൂടിയാണ് താനക്കാര്യം പറഞ്ഞതെന്നു അവര്‍ പറഞ്ഞു. 

എന്നാല്‍, പെണ്‍കുട്ടികളോട് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്നും പറഞ്ഞാണ് മന്ത്രി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചതെന്ന് വീഡിയോ ദൃശ്യങ്ങള്‍ സഹിതം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 


 

click me!