Slim kim : കിം ജോങ് ഉൻ മെലിഞ്ഞതിന് കാരണം ഇതായിരിക്കാം, പുതിയ കണ്ടെത്തലുമായി വിദ​ഗ്ധർ

By Web TeamFirst Published Jan 16, 2022, 6:22 PM IST
Highlights

ഉത്തര കൊറിയൻ നേതാവിന് സ്വിസ് ചീസിനോട് വലിയ ആസക്തി ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, കൊവിഡ് അദ്ദേഹത്തെ അത് അധികം കഴിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കാം. അതെല്ലാം അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് കാരണമായിരിക്കാം എന്നും വിദഗ്ധർ വിശ്വസിക്കുന്നു. 

ഉത്തരകൊറിയയെപ്പോലെ തന്നെ അതിന്റെ നേതാവ് കിം ജോങ് ഉന്നും(Kim Jong-un) ലോകത്തിന് ഒരു പ്രഹേളികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മെലിഞ്ഞ കിമ്മാണ് വാർത്തയാവുന്നത്. അദ്ദേഹം 18 കിലോ കുറച്ചതായി വെളിപ്പെടുത്തിയതിന് ശേഷം ഇന്റർനെറ്റ് പലവിധ ഊഹാപോഹങ്ങളും ഇതുമായി ബന്ധപ്പെട്ട് പറയുന്നുമുണ്ട്. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തിനുവേണ്ടി കിം ഭക്ഷണം കുറക്കുകയാണ് എന്നാണ് അധികാരികൾ തറപ്പിച്ചു പറയുന്നത്. എന്നിരുന്നാലും, കിമ്മിന്റെ പുതിയ മെലിഞ്ഞ രൂപത്തിന് പിന്നിൽ മറ്റൊരു വിശദീകരണം ഉണ്ടാകുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. 

കൊവിഡ്-19 മഹാമാരിയെ തുടർന്ന് ഉത്തരകൊറിയയുടെ അതിർത്തി അടച്ചുപൂട്ടലാണ് കിമ്മിന്റെ ശരീരഭാരം കുറയാൻ കാരണമെന്നും പറയപ്പെടുന്നു. ഇത് കാരണം കിമ്മിന് തന്റെ പ്രിയപ്പെട്ട ഭക്ഷണം കിട്ടുന്നില്ലെന്നാണ് പറയുന്നത്. "അദ്ദേഹത്തിന് ചീസ് ഇഷ്ടമാണ്, ഒരു കടുത്ത മദ്യപാനിയുമാണ്, എല്ലാ ജങ്ക് ഫുഡുകളും കിട്ടുകയും കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അതിർത്തി അടച്ചതിനാൽ ഈ ഭക്ഷണങ്ങളെല്ലാം ഉത്തര കൊറിയയിലേക്ക് കൊണ്ടുവരുന്നത് കുറഞ്ഞിരിക്കും. അതിനാൽ അദ്ദേഹത്തിന് ഇപ്പോൾ പലതരം ഭക്ഷണം കിട്ടുന്നുണ്ടാവില്ല” എന്നാണ് ഉത്തര കൊറിയൻ കാര്യങ്ങൾ ശ്രദ്ധിക്കുന്ന വിദഗ്ധൻ ഡോ. സോജിൻ ലിം, മെട്രോയോട് പറഞ്ഞത്. 

ഉത്തര കൊറിയൻ നേതാവിന് സ്വിസ് ചീസിനോട് വലിയ ആസക്തി ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, കൊവിഡ് അദ്ദേഹത്തെ അത് അധികം കഴിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കാം. അതെല്ലാം അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് കാരണമായിരിക്കാം എന്നും വിദഗ്ധർ വിശ്വസിക്കുന്നു. "അതുപോലെ രാജ്യമെമ്പാടും ആളുകൾ പട്ടിണി കിടക്കുമ്പോൾ അദ്ദേഹത്തിന് തന്റെ തടിച്ച രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടാകാം. കിം ആ രൂപം നിലനിർത്തുകയാണെങ്കിൽ, അത് ആളുകളുടെ ആവലാതികൾ വർദ്ധിപ്പിക്കും" സെൻട്രൽ ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയൻ സ്റ്റഡീസിലെ സീനിയർ ലക്ചറർ ഡോ. ലിം വിശദീകരിച്ചു.

കിം ജോങ്-ഉന്നിന്റെ ശരീരഭാരം കുറഞ്ഞതായി കാണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കഴിഞ്ഞ വർഷം ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരം ഗോസിപ്പുകളെ "പ്രതിലോമകരമായ പ്രവൃത്തി" എന്നാണ് വിളിക്കുന്നത്.

click me!