കൊവിഡിനെ തോൽപിച്ച സന്തോഷത്തിൽ നൈറ്റ് ക്ലബ്ബുകൾ തുറന്നു, ദക്ഷിണ കൊറിയക്ക് ഇരുട്ടടിയായി കൊറോണയുടെ രണ്ടാം വരവ്

By Web TeamFirst Published May 8, 2020, 4:28 PM IST
Highlights

ഈ ക്ലബുകളിൽ ചിലത് ഗേ ക്ലബുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രാദേശികമാധ്യമങ്ങളിൽ വന്നത് നാട്ടിലെ സ്വവർഗ്ഗാനുരാഗികൾക്കു നേരെ വിവേചനങ്ങൾക്ക് കാരണമാകും എന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്.  

കൊറോണ വൈറസിനെ ഫലപ്രദമായ നടപടികളിലൂടെയും വൻതോതിലുള്ള ടെസ്റ്റിംഗിലൂടെയും കീഴടക്കിയ രാജ്യങ്ങളിൽ ഒന്നാമത് നിൽക്കുന്നത് ദക്ഷിണ കൊറിയയാണ്‌. പതിനായിരത്തിലധികം പേർക്ക് രോഗം ബാധിച്ച് 256 മരണം നടന്ന ദക്ഷിണ കൊറിയ ആറര ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി അസുഖമുള്ളവർ അപ്പപ്പോൾ കണ്ടെത്തി, ഐസൊലേറ്റ് ചെയ്താണ് കൊവിഡിനെ നിയന്ത്രണത്തിലാക്കിയത്. മഹാമാരി നിയന്ത്രണത്തിലായി എന്നുകണ്ടപ്പോൾ ഘട്ടം ഘട്ടമായി അവിടെ കാര്യങ്ങൾ പൂർവ്വസ്ഥിതിയിലായി, ഏറ്റവും ഒടുവിലായി അവർ തുറന്നുകൊടുത്ത ഒരു സ്ഥാപനം ദക്ഷിണ കൊറിയയിൽ വീണ്ടും കൊറോണയുടെ ഒരു തരംഗത്തിന് കാരണമായിരിക്കുകയാണ്. 

കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (KCDC) വെള്ളിയാഴ്ച പുറത്തുവിട്ട വിവരം പ്രകാരം പുതുതായി 15 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അസുഖം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്  നൈറ്റ് ക്ലബ്ബുകൾ നിറഞ്ഞ ഇറ്റേവോൻ എന്ന പ്രദേശത്താണ്. പ്രദേശവാസികളുടെയും വിനോദ സഞ്ചാരികളുടെയും ഒക്കെ പ്രിയങ്കരമായ ഉല്ലാസ കേന്ദ്രങ്ങളിൽ ഒന്നാണ് ഇറ്റേവോൻ. ഒന്നും രണ്ടുമൊക്കെയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളിലെ ദക്ഷിണ കൊറിയയിലെ സ്ഥിരീകരണനിരക്ക്. അതും പുറത്തുനിന്ന് വന്നെത്തുന്ന സഞ്ചാരികളിൽ മാത്രമായിരുന്നു രോഗം കണ്ടെത്തപ്പെട്ടിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രദേശവാസികളിൽ തന്നെ രോഗബാധ കണ്ടെത്തപ്പെട്ടിരിക്കയാണ്. രോഗികളുടെ എണ്ണം മുൻ തരംഗത്തേക്കാൾ കുറവാണ് എങ്കിലും, അടിയന്തരമായ ശ്രദ്ധ ചെലുത്തുന്നുണ്ട് രാജ്യം. 

 

 

ഈ നൈറ്റ് ക്ലബ്ബുകൾ പലതും, എയർകണ്ടീഷൻ ചെയ്ത, ആളുകൾ തിങ്ങിനിറയുന്ന, ജനലുകളോ വെന്റിലേഷൻ സൗകര്യങ്ങളോ ഇല്ലാത്ത അടച്ചുപൂട്ടിയ ഇടങ്ങളാണ് എന്നത് ഇവിടങ്ങളിൽ രോഗം പകരാനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. നൈറ്റ് ക്ലബ്ബുകളിലെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടും വരെ അവിടങ്ങളിലെ സന്ദർശനം ഒഴിവാക്കാനും ഗവൺമെന്റ് നിർദേശിച്ചിട്ടുണ്ട്. ഈ നൈറ്റ് ക്ലബ്ബുകൾ സന്ദർശിച്ച 1500 -ലധികം പേരുടെ ലിസ്റ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് കൊറിയൻ ഗവൺമെന്റ് പറയുന്നത്. അവരെ പരിശോധിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 

നൈറ്റ് ക്ലബ്ബിന്റെ സ്വഭാവം നിമിത്തമുണ്ടായ സങ്കീർണത 

ഈ ക്ലബുകളിൽ ചിലത് സ്വവർഗാനുരാഗികളുടെ ക്ലബുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രാദേശികമാധ്യമങ്ങളിൽ വന്നത് മറ്റൊരുതരത്തിൽ വിഷയത്തെ സങ്കീർണമാക്കുന്നു. ഇത് LGBTQ സമൂഹത്തിലെ അംഗങ്ങളുടെ ലൈംഗികതയെ സംബന്ധിച്ച സ്വകാര്യവിവരങ്ങൾ സർക്കാർ നടത്തുന്ന ടെസ്‌റ്റുകളിലൂടെയും ആരോഗ്യവിവരശേഖരണത്തിലൂടെയും പരസ്യമാകുമോ എന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ തന്നെ 'ഗേ', 'ഇറ്റേവോൻ കൊറോണ' എന്നീ വാക്കുകൾ രാജ്യത്തെ സെർച്ച് എഞ്ചിനുകളിൽ ട്രെൻഡിങ് ആയിട്ടുണ്ട്. 

തങ്ങളുടെ ലൈംഗികത പരസ്യമാകുമോ എന്ന ഭയം നിമിത്തം പ്രസ്തുത ക്ലബുകൾ സന്ദർശിച്ച പലരും പരിശോധനയ്‌ക്കെത്താൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വിവരങ്ങൾ ചോരുന്നത് സമൂഹത്തിൽ നിന്ന് തങ്ങൾക്കെതിരെ വിവേചനപരമായ പെരുമാറ്റം ഉണ്ടാകാനിടയാക്കും എന്ന് ക്ലബ് സന്ദർശിച്ച പലരും ഭയക്കുന്നു. 

 

ഇങ്ങനെ ഒരു ആശങ്ക ഉണ്ടായതിനു ശേഷം പ്രാദേശികമാധ്യമങ്ങൾ തങ്ങളുടെ തലക്കെട്ടിലുള്ള 'സ്വവർഗ', 'ഗേ' തുടങ്ങിയ വിശേഷണങ്ങൾ നീക്കം ചെയ്തിട്ടുണ്ട് എങ്കിലും അവർ ഇതുവരെ അതേച്ചൊല്ലി യാതൊരുവിധത്തിലുള്ള ഖേദപ്രകടനങ്ങളും നടത്തിയിട്ടില്ല. സ്വവർഗലൈംഗികത കൊറിയയിൽ നിയമവിരുദ്ധമല്ലെങ്കിലും സ്വവർഗ്ഗാനുരാഗത്തിന് നാട്ടിൽ സ്വാഭാവികമായ പരിഗണന കിട്ടി വരുന്നതേയുള്ളൂ. അതിനിടെ ഇങ്ങനെ ഒരു ഭീതി പരക്കുന്നത് തങ്ങളുടെ സമൂഹത്തിന് തിരിച്ചടിയാകുമെന്ന് LGBTQ സംഘടനാ പ്രതിനിധികൾ ഭയക്കുന്നു. 
 

click me!