Latest Videos

ഭോപ്പാൽ ഗ്യാസ് ട്രാജഡി നടന്നയുടൻ കമ്പനിയുടമ ആൻഡേഴ്സനെ രാജ്യം വിടാൻ സഹായിച്ചത് രാജീവ് ഗാന്ധിയായിരുന്നോ?

By Web TeamFirst Published May 8, 2020, 3:24 PM IST
Highlights

"ആൻഡേഴ്സനെ പോകാൻ അനുവദിക്കൂ..." എന്ന് രാജീവ് ഗാന്ധി തന്റെ ചെവിയിൽ മന്ത്രിച്ചു എന്നും, ഇതൊന്നും ഒരിക്കലും ഒരാളും അറിയില്ല, എന്റെ ചിതയിൽ എന്നോടൊപ്പം എരിഞ്ഞടങ്ങും എന്നും അദ്ദേഹം വാക്കുനല്കിയിരുന്നതായും അർജുൻ സിങ് വെളിപ്പെടുത്തിയിരുന്നു. 

വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ വെങ്കിട്ടപുരത്തുള്ള എൽജി പോളിമേഴ്‌സ് എന്ന കെമിക്കൽ  ഫാക്ടറിയിൽ വ്യാഴാഴ്ചയുണ്ടായ വിഷവാതകച്ചോർച്ചയിൽ പതിനൊന്നു പേർ മരിക്കുകയും നിരവധിപേർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുകയാണ്. ലോക്ക് ഡൗൺ കാലയളവില് ശേഷം ഇളവ് നൽകപ്പെട്ട സാഹചര്യത്തിൽ 40 ദിവസമായി പൂട്ടിക്കിടന്ന ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കാൻ ജീവനക്കാർ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദികൾ ആരെന്ന് തിരിച്ചറിയണമെങ്കിൽ ഇനി വിശദമായ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായ എൽജി ഗ്രൂപ്പിന്റേതാണ് ഈ പോളിസ്റ്റൈറീൻ നിർമാണ യൂണിറ്റ്. 

ഇതിനു മുമ്പ് ഇന്ത്യയെ ഞെട്ടിച്ച ഒരു വാതക ചോർച്ചയുണ്ടായത് 1982 ഡിസംബർ 2 -നാണ്. അന്ന് ഏതാണ്ട് 15000 പേരുടെ മരണത്തിന് ആ വാതകചോർച്ച കാരണമായി. ലക്ഷക്കണക്കിന് പേർ നേരിട്ടും, അവരുടെ സന്തതി പരമ്പരകൾ പരോക്ഷമായും, ഇന്നും അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  

1984,  ഡിസംബർ 2 -ന് രാത്രിയിൽ തുടങ്ങിയ വിഷവാതകച്ചോർച്ച മൂന്നാം തീയതിയോടെ പരമാവധി ദുരന്തം വിതച്ചുകഴിഞ്ഞിരുന്നു.  രാജ്യത്തെ ഞെട്ടിച്ച  വിഷവാതകദുരന്തത്തോട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രതികരിച്ച രീതി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇങ്ങനെ ഒരു ദുരന്തത്തിന് നേരിട്ട് ഉത്തരവാദിയായിരുന്ന വാറൻ ആൻഡേഴ്‌സൺ എന്ന വിദേശിയെ ഇന്ത്യയ്ക്ക് പുറത്തേക്ക് കടന്നുകളയാൻ, എന്നെന്നേക്കുമായി വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചത് രാജീവ് ഗാന്ധിയുടെ നയങ്ങളിൽ വന്ന പാളിച്ചയാണ് എന്ന് ആക്ഷേപമുയർന്നു. 

 

യൂണിയൻ കാർബൈഡ് ലിമിറ്റഡിന്റെ ഭോപ്പാലിലെ ഫാക്ടറിയിൽ നിന്ന് മീതൈൽ ഐസോ സയനേറ്റ് (MIC) എന്ന വിഷവാതകം ചോർന്ന് മരണങ്ങൾ സംഭവിച്ച്  നാലുദിവസങ്ങൾക്കുള്ളിൽ തന്നെ വാറൻ ആൻഡേഴ്സനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടേ രണ്ടു മണിക്കൂർ അറസ്റ്റിൽ വെച്ചശേഷം ആൻഡേഴ്‌സനെ അവർ  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ആൻഡേഴ്‌സൺ നേരെ പോയത് തന്റെ ട്രാവൽ ഏജന്റിന്റെ അടുത്തേക്കായിരുന്നു. അടുത്ത ഫ്ലൈറ്റുപിടിച്ച് അയാൾ നേരെ അമേരിക്കയ്ക്ക് കടന്നുകളഞ്ഞു. അതുറപ്പിച്ചതാകട്ടെ അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ്ങും.  ‘A Grain of Sand in the Hourglass of Time’ എന്ന തന്റെ ആത്മകഥയിൽ അർജുൻ സിങ് അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ദില്ലിയിൽ നിന്ന്, അന്നത്തെ ആഭ്യന്തരമന്ത്രി പി വി നരസിംഹറാവുവിന്റെ നിർദേശാനുസാരം എന്നും പറഞ്ഞുകൊണ്ട് ആർകെ പ്രധാൻ ആണ് അത് സാധ്യമാക്കണം എന്നാവശ്യപ്പെട്ടത് എന്നാണ്. ഈ ആരോപണം പിന്നീട് പ്രധാൻ നിഷേധിച്ചു എന്നത് വേറെ കാര്യം.

 

 

അന്നത്തെ ഭോപ്പാൽ ജില്ലാ കലക്ടറായിരുന്ന മോത്തി സിങ്ങും പറഞ്ഞത്, "അന്ന് ആൻഡേഴ്‌സന്റെ വീട്ടിലെ ലാൻഡ് ലൈൻ ബന്ധം വിച്ഛേദിച്ചു കളഞ്ഞിരുന്നെങ്കിൽ ആൻഡേഴ്‌സൺ കടന്നുകളയില്ലായിരുന്നു. പ്രശ്നമുണ്ടായപ്പോൾ തന്നെ അമേരിക്കയിൽ വിളിച്ച് തന്റെ സുരക്ഷിതമായ പലായനത്തിനുള്ള വകുപ്പ് ആൻഡേഴ്‌സൺ ഏർപ്പാടാക്കിയിരുന്നു." എന്നാണ്. അമേരിക്കൻ ഗവൺമെന്റിൽ നിന്നുണ്ടായ സമ്മർദ്ദമാണ് അന്ന് ഇന്ത്യൻ ഗവണ്മെന്റിനെക്കൊണ്ട് ആൻഡേഴ്‌സനെ പോകാൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുപ്പിച്ചതെന്നു അദ്ദേഹവും കരുതുന്നു. 

 

 

1984 -ൽ ഭോപ്പാൽ സിറ്റിപൊലീസ് കമ്മീഷണറായിരുന്ന സ്വരാജ് പുരി പറഞ്ഞത് കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്യപ്പെട്ട ആൻഡേഴ്‌സനെ വെറും വാക്കാലുള്ള നിർദേശത്തിന്റെ പുറത്താണ് പൊലീസിന് വിട്ടയക്കേണ്ടി വന്നതെന്നാണ്. ആ നിർദേശം വന്നതോ ദില്ലിയിൽ നിന്നും. 

2015 -ലെ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാസ്വരാജും ഇതേ വിഷയം എടുത്തിട്ടു. അന്ന് “Quid pro quo" അടിസ്ഥാനത്തിലാണ് വാറൻ ആൻഡേഴ്‌സന്റെ മോചനം സാധ്യമായത് എന്നാണ്. മലയാളത്തിൽ ആ വാക്കിന്റെ അർഥം 'പരസ്പരസഹായസഹകരണം' എന്നാണ്. 'ആദിൽ ഷെഹരിയാർ' എന്ന അത്ര സുപരിചിതനല്ലാത്ത ഒരാളുടെ പേരും സുഷമ പറഞ്ഞു. രാജീവ് ഗാന്ധിയുടെ കളിക്കൂട്ടുകാരനായിരുന്നു ആദിൽ.  ജവഹർലാൽ നെഹ്രുവിന്റെ വിശ്വസ്ത ഐഎഫ്എസ് ഓഫീസർ ആയിരുന്ന മുഹമ്മദ് യൂനിസിന്റെ മകൻ. 

 

 

എൺപതുകളുടെ തുടക്കത്തിൽ ആദിൽ ഷെഹരിയാർ കരീബിയൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നൊരു കമ്പനി നടത്തിയിരുന്നു. ഷാപ്റ്റൻ പ്രൊഡ്യൂസഴ്സ് എന്ന ഒരു അമേരിക്കൻ സ്ഥാപനവുമായി വീഡിയോ കാസറ്റ് സപ്ലൈ ചെയ്യാനുളള കരാർ ഒപ്പിട്ടിരുന്നു ആദിലിന്റെ കമ്പനി. എന്നാൽ, ആ ബിസിനസ്സിൽ കാര്യമായ പ്രശ്നങ്ങളുണ്ടായി, ഒടുവിൽ ഒരുദിവസം അയാൾ സ്വന്തം ഹോട്ടൽ റൂമിന് തീകൊളുത്തി. അങ്ങനെ 1981 -ൽ മിയാമിയിൽ വെച്ച് ആദിൽ അറസ്റ്റിലായി. അമേരിക്കൻ ഫെഡറൽ കോടതിയിൽ ആദിലിന് 35 വർഷത്തെ തടവുശിക്ഷ വിധിച്ചുകിട്ടി. 

അതേ  ആദിൽ ഷെഹരിയാറിന് 1985 ജൂണിൽ അമേരിക്കൻ രാഷ്‌ട്രപതി  റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ പാർഡൻ അനുവദിച്ചു നൽകുന്നു. 1985 ജൂൺ 11 -നാണ് റീഗൻ ആദിലിന്റെ മോചന ഉത്തരവിൽ ഒപ്പിടുന്നത്. നേരത്തെ വാറൻ ആൻഡേഴ്‌സനെ മോചിപ്പിച്ചതിനു പ്രത്യുപകാരമായിട്ടാണ് റീഗൻ ഈ മാപ്പനുവദിച്ചു നൽകിയത് എന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. 

 

 

"മമ്മാ.. മമ്മാ.. പപ്പ എങ്ങനെയാണ് 15000 പേരെ കൊന്നയാളെ വെറുതെ വിട്ടത് " എന്ന് സോണിയാ ഗാന്ധിയോട് ചെന്ന് ചോദിച്ചു നോക്കൂ എന്ന് തന്റെ പ്രസംഗത്തിനിടെ സുഷമാ സ്വരാജ് രാഹുൽ ഗാന്ധിയെ പരിഹസിച്ചിരുന്നു. അർജുൻ സിങ് തന്റെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റിയും സുഷമാ സ്വരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. "ആൻഡേഴ്സനെ പോകാൻ അനുവദിക്കൂ.." എന്ന് രാജീവ് ഗാന്ധി തന്റെ ചെവിയിൽ മന്ത്രിച്ചു എന്നും, ഇതൊന്നും ഒരിക്കലും ഒരാളും അറിയില്ല, എന്റെ ചിതയിൽ എന്നോടൊപ്പം എരിഞ്ഞടങ്ങും എന്നും അദ്ദേഹം വാക്കുനല്കിയിരുന്നതായും അർജുൻ സിങ് വെളിപ്പെടുത്തിയിരുന്നു. അന്ന് കയ്യിൽ വന്ന ഒരു അവസരം തന്റെ കളിക്കൂട്ടുകാരനെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ രാജീവ് ഗാന്ധി പ്രയോജനപ്പെടുത്തിയെന്നാണ് ആക്ഷേപം. 

click me!