
വീഡിയോ കണ്ട്, ആളെ കണ്ടെത്താനുള്ള എന്തെങ്കിലും തുമ്പുകൾ തരാന്‍ കഴിയുമോ എന്ന് ചോദിച്ച് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്‍റ് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ലാസ് വെഗാസിലെ ഒരു കാസിനോയില്‍ തോക്കിന്‍ മുന്നില്‍ ജീവനക്കാരെ നിർത്തി കൊള്ളയടിച്ച ആളെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പോലീസിന്‍റെത്. കാസിനോയുടെ കൗണ്ടറില്‍ എആര്‍ - സെമി ഓട്ടോമോറ്റിക് റൈഫിൾ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ രൂപം അവ്യക്തമായി കാണാം. സംഭവത്തിന്‍റെ പൂർണ്ണചിത്രം എഴുതിയെ ശേഷം ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന് പോലീസ് എഴുതി.
2025 നവംബർ 13 -ന് രാത്രി 10:29 -നാണ് റാംപാർട്ട് ബൊളിവാർഡിന്‍റെ 200 ബ്ലോക്കിലുള്ള ഒരു കാസിനോയിലാണ് സായുധ കവർച്ച നടന്നത്. പട്രോളിംഗ് ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സംഭവ സ്ഥലത്തെത്തി സ്ഥലം സുരക്ഷിതമാക്കിയെങ്കിലും മോഷ്ടാവ് അതിനകം രക്ഷപ്പെട്ടിരുന്നു. ബാലിസ്റ്റിക് ഹെൽമെറ്റ്, നീല സൺഗ്ലാസ്, കറുത്ത മുഖംമൂടി, നീലയും മഞ്ഞയും സുരക്ഷാ ശൈലിയിലുള്ള ജാക്കറ്റ് എന്നിവ ധരിച്ച മോഷ്ടാവ് പാർക്കിംഗ് ഗാരേജിലൂടെയാണ് കാസിനോയ്ക്ക് ഉള്ളിലേക്ക് പ്രവേശിച്ചത്.
ഇയാൾ തോക്ക് ചൂണ്ടി കാഷ്യറോട് പണം ആവശ്യപ്പെട്ടു. പിന്നീട് പണവുമായി അതേ വേഷത്തിൽ കടന്നു കളഞ്ഞു. ആളെ കണ്ടെത്താൻ സഹായിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. വീഡിയോയിൽ കാഷ്യർക്ക് സമീപം നിൽക്കുന്നയാളുടെ അടുത്തേക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വരുന്നത് കാണാം. ഈ സമയം തന്‍റെ ജാക്കറ്റിന്‍റെ ഉള്ളില്‍ നിന്നും ഇയാൾ എആര്‍ - സെമി ഓട്ടോമോറ്റിക് റൈഫിൾ പുറത്തെടുക്കുന്നു. പിന്നാലെ ഉദ്യോഗസ്ഥൻ തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളെത്തി. പലരും മോഷ്ടാവിന്‍റെ അടുത്തേക്ക് ചെല്ലുകയും തോക്ക് കണ്ട മാത്രയില്‍ തിരിഞ്ഞ് നടക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥനെ പരഹസിച്ചു. സ്വന്തം ജീവന്‍ കളഞ്ഞ് ഒന്നും സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു കുറിപ്പ്. ഇത്രയും സുരക്ഷാ കാമറകൾക്ക് താഴെ ഇത്രയും വലിയ തോക്കുമായി ഒരാൾ അകത്ത് കടന്നിട്ടുണ്ടെങ്കില്‍ അയാൾക്ക് ഒന്നെങ്കില്‍ ഉള്ളില്‍ നിന്നും സഹായം ലഭിച്ച് കാണും. അതല്ലെങ്കില്‍ ഉള്ളലുള്ളവരില്‍ ഒരാൾ തന്നെയാകുമത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്.