
തൊഴിലിടങ്ങളിലെ വിചിത്രമായ നിയമങ്ങളും ബോസ്സുമാരുടെ അനാവശ്യ നിയന്ത്രണങ്ങളും പലപ്പോഴും ജീവനക്കാരെ മാനസികമായി തളർത്താറുണ്ട്. അത്തരത്തിലൊരു അനുഭവം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു ജീവനക്കാരൻ. ഓഫീസിൽ ജോലി സമയത്തിനിടയിൽ കാപ്പി കുടിക്കുന്നത് ബോസ്സ് വിലക്കിയെന്നാണ് ജീവനക്കാരന്റെ പരാതി.
സ്ഥാപനത്തിലെ കോഫി മെഷീനിലേക്ക് വെറും 20 സെക്കൻഡ് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ. എന്നാൽ, തെർമോ ഫ്ലാസ്കിലോ ക്യാനുകളിലോ കാപ്പി കൊണ്ടുവന്ന് കുടിക്കാൻ പോലും അനുവാദമില്ല. കാപ്പി കുടിക്കുന്നത് ജോലിയെ ബാധിക്കുമെന്നാണ് മാനേജരുടെ വിചിത്രമായ വാദം. കാപ്പി കുടിക്കുന്നതിന് പകരം ഷിഫ്റ്റ് സമയം ഒരു മണിക്കൂർ കഴിഞ്ഞ് ആരംഭിച്ചാൽ മതിയെന്നാണ് മാനേജർ നൽകിയ നിർദ്ദേശം!
താൻ ജോലി ചെയ്യുന്ന മേഖല വളരെ അപൂർവ്വമായ ഒന്നാണെന്നും കഴിവുകൾ വികസിപ്പിച്ചെടുക്കാനും കരിയറിൽ വളരാനും തനിക്ക് ഈ ജോലി തുടരേണ്ടതുണ്ടെന്നും ജീവനക്കാരൻ പറയുന്നു. ആദ്യ മാസത്തെ കരാർ ഒപ്പിടുന്നത് വരെ ഈ വിചിത്രമായ നിയമങ്ങളോട് സഹകരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ, വിശ്വസിക്കാൻ കൊള്ളാത്ത ഇത്തരം ബോസ്സുമാരുടെ കീഴിൽ ജോലി ചെയ്യുന്നത് കഠിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, ഓഫീസിലെ ക്ലോക്കിലെ സമയം ബോസ്സ് മനഃപൂർവ്വം മൂന്ന് മിനിറ്റ് മുന്നോട്ടാക്കി വെക്കുന്നതായും, ജീവനക്കാർ അത് ശരിയാക്കുമ്പോൾ ബോസ്സ് വീണ്ടും പഴയപടി മാറ്റുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. ബോസ്സിന്റെ ഈ പെരുമാറ്റങ്ങളെ ചോദ്യം ചെയ്യാൻ ഭയം കാരണം മറ്റ് സഹപ്രവർത്തകർ തയ്യാറാകുന്നില്ല.
നിരവധി ആളുകളാണ് ബോസ്സിന്റെ നിലപാടിനെതിരെ കമന്റുകളുമായി രംഗത്തെത്തിയത്. ആളുകൾ ഉപേക്ഷിക്കുന്നത് മോശം ജോലിയല്ല, മോശം ബോസ്സുമാരെയാണ്' എന്നാണ് ഒരാൾ കുറിച്ചത്. എത്രയും വേഗം പുതിയൊരു ജോലി കണ്ടെത്താനും പലരും നിർദ്ദേശിച്ചു. ലോകത്തിലെ ഭൂരിഭാഗം ജോലികളും നടക്കുന്നത് കോഫിയുടെ ഊർജ്ജത്തിലാണ്. കാപ്പി വിലക്കുന്ന ബോസ്സിനെ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.