
13 -ാം വയസ്സിൽ മണിക്കൂറിന് വെറും 1.20 പൗണ്ട് (ഏകദേശം 130 രൂപ) നിരക്കിൽ പാത്രം കഴുകാൻ തുടങ്ങി. എന്നാൽ, ആ കൊച്ചു പെൺകുട്ടിയിൽ നിന്ന് പ്രശസ്ത ഫാസ്റ്റ് ഫുഡ് ഭീമനായ KFC (യു.എസ്) തലപ്പത്തേക്ക് എത്തിയ ആളാണ് കാതറിൻ ടാൻ ഗില്ലെസ്പി. അവരുടെ ജീവിതം ഏതൊരു തുടക്കക്കാരനും പ്രചോദനമാണ്. പണമോ വൻ പദവികളോ ലക്ഷ്യമിട്ടല്ല, മറിച്ച് വെല്ലുവിളികൾ ഏറ്റെടുക്കാൻ കാണിച്ച ധൈര്യമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് 52 -കാരിയായ കാതറിൻ വ്യക്തമാക്കുന്നു.
"ഞാൻ ഒരിക്കലും പണത്തിന് പിന്നാലെയോ ഉയർന്ന തസ്തികകൾക്ക് പിന്നാലെയോ പോയിട്ടില്ല. എന്നെ കംഫർട്ട് സോണിൽ നിന്ന് മാറ്റി, പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം തരുന്ന ഇടങ്ങളിലേക്കാണ് ഞാൻ നീങ്ങിയത്" ഫോർച്യൂൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ കാതറിൻ പറയുന്നു.
ബ്രിട്ടനിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ വളർന്ന കാതറിൻ, സ്കൂൾ പഠനകാലത്ത് തന്നെ 'ബീഫീറ്റർ' എന്ന റെസ്റ്റോറന്റ് ചെയിനിൽ പാത്രം കഴുകുന്ന ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് അതേ സ്ഥാപനത്തിൽ ഐസ്ക്രീം മെഷീൻ ഓപ്പറേറ്ററായും അസിസ്റ്റന്റ് ജനറൽ മാനേജരായും ഉയർന്നു.
റെസ്റ്റോറന്റുകളിലെ ജോലി സമ്മർദ്ദത്തെ കുറിച്ചും, വേഗതയെയും കൃത്യതയെയും കുറിച്ചും പഠിപ്പിക്കുമെന്നും, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള കൃത്യമായ വഴികൾ മനസിലാക്കിത്തരുമെന്നും കാതറിൻ പറയുന്നു. കുടുംബത്തിൽ നിന്ന് ആദ്യമായി സർവകലാശാലാ വിദ്യാഭ്യാസം നേടിയ അവർ, 1996 -ൽ പ്ലൈമൗത്ത് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. തുടർന്ന് എച്ച്.പി, ഫ്രിറ്റോ-ലേ, സോണി പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ചു.
റിച്ചാർഡ് ബ്രാൻസൺ നൽകിയ പ്രചോദനം
പ്രശസ്ത വ്യവസായിയും വിർജിൻ ഗ്രൂപ്പ് സ്ഥാപകനുമായ റിച്ചാർഡ് ബ്രാൻസന്റെ ബിസിനസ്സ് ശൈലിയാണ് തന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയതെന്ന് കാതറിൻ പറയുന്നു. അദ്ദേഹത്തിന്റെ വനിതാ പതിപ്പായി മാറണമെന്ന ആഗ്രഹമാണ് തന്നെ ഇത്രത്തോളം എത്തിച്ചത്. കൂടാതെ, വ്യക്തിപരമായ വളർച്ചയ്ക്ക് തടസ്സമാകുന്ന കമ്പനികൾ വിട്ടുപോരാൻ അവർ മടിച്ചതുമില്ല.
2015-ൽ KFC സൗത്ത് പസഫിക്കിൽ ചേർന്ന അവർ, 2017-ൽ ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായും 2024-ൽ KFC കാനഡയുടെ ചുമതലയിലേക്കും എത്തി. തുടർന്ന് 2025 ഏപ്രിലിലാണ് കാതറിൻ KFC യു.എസിന്റെ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നത്. ശക്തമായ മത്സരങ്ങളും മാറുന്ന ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികളും നേരിട്ട്, അമേരിക്കയിലെ KFC ബിസിനസ് വളർച്ചയിലേക്ക് നയിക്കുക എന്ന വലിയ ദൗത്യമാണ് ഇപ്പോൾ അവരിലുള്ളത്.
ജെൻ സിയോട് കാതറിന് പറയാനുള്ളത്
ഇന്നത്തെ ചെറുപ്പക്കാർക്ക് സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് വ്യക്തതയുണ്ടെന്നും അത് തുറന്നുപറയാൻ അവർ മടിക്കാറില്ലെന്നും കാതറിൻ അഭിനന്ദിക്കുന്നു. ഭയത്തിന് മുന്നിൽ വഴങ്ങരുത് എന്നതാണ് കരിയറിൽ മുന്നേറാൻ അവർ നൽകുന്ന പ്രധാന ഉപദേശം.
"ഭയമില്ലാത്ത അവസ്ഥയല്ല ധൈര്യം. ഭാവിയെക്കുറിച്ചോ ജോലിയെക്കുറിച്ചോ ഭയമുണ്ടെങ്കിലും, 'ഞാൻ ഭയന്നിരുന്നില്ലെങ്കിൽ ഇപ്പോൾ എന്ത് ചെയ്യുമായിരുന്നു?' എന്ന് സ്വയം ചോദിച്ച് മുന്നോട്ട് പോകുന്നതാണ് ധൈര്യം" എന്നും അവർ പറയുന്നു. കഠിനമായ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ "ഇതിൽ സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം എന്താണ്?" എന്ന് സ്വയം ചോദിക്കണം. അത് ഏത് വെല്ലുവിളിയെയും നേരിടാനുള്ള കരുത്ത് തരുമെന്ന് അവർ പറയുന്നു.