"ആ സമയത്ത് നിന്റെ അവസ്ഥ കാരണം 'വേണ്ട' എന്ന് പറയാൻ നിനക്ക് സാധിക്കുമായിരുന്നില്ല. ഒരുതരം അധികാരമനോഭാവം അനുഭവിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്" എന്നും ഇയാൾ സമ്മതിച്ചു.

കഫേയിൽ വച്ച് രഹസ്യമായി സംഭാഷണം റെക്കോർഡ് ചെയ്ത് പരാതിക്കാരി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സ്കോട്ടിഷ് സ്വദേശി ഡേവിഡ് സ്മിത്തെന്ന 36 -കാരൻ കുറ്റക്കാരനെന്ന് ഹൈക്കോടതി. ഒരു കഫേയിൽ വെച്ച് യുവതിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രതി പീഡനവിവരം തുറന്നുസമ്മതിച്ചതിന്റെ റെക്കോർഡിങ്ങാണ് കേസിൽ നിർണായക തെളിവായത്.

2019 -ൽ ഫാൽകിർക്കിലെ ഒരു വസതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും പരാതിക്കാരിയായ യുവതിയും അന്ന് പ്രണയത്തിലായിരുന്നു. യുവതി ബോധരഹിതയായി ഉറങ്ങിക്കിടന്ന സമയത്താണ് ഡേവിഡ് സ്മിത്ത് ഇവരെ പീഡിപ്പിച്ചത്.

കഫേയിലെ കൂടിക്കാഴ്ചയും ശബ്ദരേഖയും

സംഭവത്തെക്കുറിച്ച് ചോദിച്ചറിയാനായി യുവതി സ്മിത്തിനെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മേശയ്ക്കടിയിൽ ഫോൺ ഒളിപ്പിച്ചുവെച്ചാണ് യുവതി ഇവരുടെ സംഭാഷണം പൂർണ്ണമായും റെക്കോർഡ് ചെയ്തത്.

സംഭാഷണത്തിനിടെ "ഞാൻ നിന്നെ പീഡിപ്പിച്ചതിൽ ഖേദിക്കുന്നു" എന്ന് സ്മിത്ത് തുറന്നുപറഞ്ഞു. "ആ സമയത്ത് നിന്റെ അവസ്ഥ കാരണം 'വേണ്ട' എന്ന് പറയാൻ നിനക്ക് സാധിക്കുമായിരുന്നില്ല. ഒരുതരം അധികാരമനോഭാവം അനുഭവിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്" എന്നും ഇയാൾ സമ്മതിച്ചു. "പോലീസിൽ പോയി കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ അതിനും തയ്യാറാണ്" എന്നും കഫേയിൽ വെച്ച് സ്മിത്ത് യുവതിയോട് പറഞ്ഞിരുന്നു.

പിന്നീട് അയച്ച മെസ്സേജുകളിലും താൻ ചെയ്ത തെറ്റിൽ ദിവസവും ഖേദിക്കുന്നുവെന്ന് സ്മിത്ത് വ്യക്തമാക്കിയിരുന്നു.

കോടതിയിലെ നിലപാടുമാറ്റം

എന്നാൽ, വിചാരണ വേളയിൽ സ്മിത്ത് കോടതിയിൽ കുറ്റം നിഷേധിച്ചു. യുവതിയെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും വേണ്ടിയാണ് കഫേയിൽ വെച്ച് അങ്ങനെ പറഞ്ഞതെന്നായിരുന്നു പ്രതിയുടെ വാദം. പിന്നീട് ആലോചിച്ചപ്പോൾ താൻ പീഡിപ്പിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തിയതെന്നും സ്മിത്ത് വാദിച്ചു.

ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന മുൻ ചാരിറ്റി പ്രവർത്തകനാണ് 36-കാരനായ ഡേവിഡ് സ്മിത്ത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്റ്റിർലിംഗിലെ ഹൈക്കോടതി ഇയാളെ റിമാൻഡ് ചെയ്തു. നവംബർ 19-ന് കേസിൽ ശിക്ഷ വിധിക്കും.