
ഫ്ലോറിഡയിൽ വെൽഫെയർ ചെക്കിന് എത്തിയ പൊലീസുകാരൻ വയോധികന്റെ മരണശേഷം അദ്ദേഹത്തിന്റെ ഐഡന്റിറ്റി മോഷ്ടിച്ച് കോടികളുടെ വീടും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചു. ബ്രോവാർഡ് കൗണ്ടിയിലെ ലൊഡർഹിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസറായ ബ്രയാൻ ലൂയിസ് സ്ഗുറോസിനെയാണ് വിവിധ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
2022 ജൂലൈ 11-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ലൊഡർഹിൽ 4551 എൻ ഡബ്ല്യു 12 -ാം സ്ട്രീറ്റിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡെനീസ് വെസ്റ്റ് എന്നയാളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരിൽ ബ്രയാനും ഉണ്ടായിരുന്നു. എന്നാൽ, മരിച്ച നിലയിലാണ് ഡെനീസിനെ കണ്ടെത്തിയത്. ഇത് സ്വാഭാവികമരണമായിരുന്നു.
എന്നാൽ, ഇതിനുശേഷം പൊലീസുകാരൻ വൻ തട്ടിപ്പ് പ്ലാൻ ചെയ്യുകയായിരുന്നു. ഡെനീസിന് അടുത്ത ബന്ധുക്കളാരുമില്ലെന്നും താൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണെന്നും മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസിൽ ബ്രയാൻ അറിയിച്ചു. പിന്നാലെ, ഡെനീസിന്റെ പേരിൽ തന്നെ വീടിന്റെ നികുതികളും മറ്റ് യൂട്ടിലിറ്റി ബില്ലുകളും ബ്രയാൻ അടച്ചുപോന്നു. ഡെനീസ് ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വീടിന്റെ അറ്റകുറ്റപ്പണികൾക്കായി നഗരസഭയുടെ പെർമിറ്റുകൾ എടുത്തു.
പെർമിറ്റുകളിൽ ഡെനീസിന്റെ വ്യാജ ഒപ്പിടുകയും, ഡെനീസിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഔദ്യോഗിക പൊലീസ് ഡാറ്റാബേസ് ദുരുപയോഗം ചെയ്യുകയും ചെയ്തു. 2025 ഫെബ്രുവരിയിൽ ബ്രോവാർഡ് കൗണ്ടി പ്രോപ്പർട്ടി അപ്രൈസർ ഓഫീസിൽ നൽകിയ വ്യാജ രേഖകൾ പ്രകാരം, ഡെനീസ് മരിച്ച് ആഴ്‌ചകൾക്കുള്ളിൽ മുതൽ വീട് തന്റെ കൈവശമാണെന്നാണ് ബ്രയാൻ അവകാശപ്പെട്ടത്.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ ബ്രയാന് ഡെനീസുമായി മുൻപരിചയമൊന്നുമില്ലെന്നും അദ്ദേഹത്തിന് ജീവിച്ചിരിക്കുന്ന ബന്ധുക്കളുണ്ടെന്നും വ്യക്തമായി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, മരിച്ച വ്യക്തിയുടെ ഐഡന്റിറ്റി മോഷ്ടിച്ച് ദുരുപയോഗം ചെയ്യൽ, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ദുരുപയോഗം, ആശയവിനിമയ ഉപാധികൾ ഉപയോഗിച്ചുള്ള ഗൂഢാലോചന തുടങ്ങിയ നിരവധി ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം തുടരുകയാണ്.